ട്രംപ് നയങ്ങളിൽ വിപണി ഉലയുന്നു; മെെക്രാേചിപ് ഓഹരികൾക്കു തിരിച്ചടി; ഏഷ്യൻ വിപണികൾ താഴ്ചയിൽ; ക്രൂഡ് ഓയിൽ കയറ്റത്തിൽ

ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡൻ്റ് ആയാൽ ചെയ്യുന്ന കാര്യങ്ങളെപ്പറ്റിയുള്ള ആശങ്ക വിദേശവിപണികളെ അലട്ടുന്നു. മെെക്രാേചിപ് നിർമാണ ഓഹരികളും ടെക്‌നോളജി ഓഹരികളും ഇന്നലെ ഇടിഞ്ഞു. ഇതിൻ്റെ തുടർച്ചയായി ഇന്നു രാവിലെ ഏഷ്യൻ വിപണികൾ തകർച്ചയിലായി. ഇന്ത്യയിലേക്കും ക്ഷീണം കടന്നുവരാൻ സാധ്യത ഉണ്ട്. എങ്കിലും ബജറ്റിനെ പറ്റിയുള്ള പ്രതീക്ഷകൾ വിപണിയിൽ കയറ്റത്തിനു സഹായകമാണ്. ഇന്ത്യയുടെ വളർച്ച പ്രതീക്ഷ ഐഎംഎഫ് ഉയർത്തിയതും വിപണിയെ സഹായിക്കാം.
ഏഷ്യൻ പെയിൻ്റ്സും മെെൻഡ്ട്രീയും തിളക്കം കുറഞ്ഞ റിസൽട്ടുകളാണു പ്രസിദ്ധീകരിച്ചത്. ഇന്നും നാളെയും പ്രധാനകമ്പനികൾ പലതും റിസൽട്ട് പുറത്തു വിടും. സിമൻ്റ് കമ്പനികളുടെ ഒന്നാം പാദ റിസൽട്ട് കാര്യമായ ലാഭവർധന കാണിക്കാനിടയില്ല.
ഡെറിവേറ്റീവ് വിപണിയിൽ ഗിഫ്റ്റ് നിഫ്റ്റി ചാെവ്വാഴ്ച രാത്രി 24,662 ൽ ക്ലാേസ് ചെയ്തു. ഇന്നു രാവിലെ 24,670 ലാണ്. ഇന്ത്യൻ വിപണി ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
വിദേശ വിപണി
യൂറോപ്യൻ വിപണികൾ ചാെവ്വാഴ്ചയും ബുധനാഴ്ചയും താഴ്ന്നു. ചെെനയിലേക്കു വിലക്കപ്പെട്ട സാങ്കേതിക വിദ്യ നൽകുന്നവർക്ക് അധികച്ചുങ്കം ചുമത്തുമെന്ന യുഎസ് നിലപാട് ഡച്ച് മെെക്രാേചിപ് കമ്പനി എഎസ്എംഎലിനെ 11 ശതമാനം താഴ്ത്തി.
യുഎസ് വിപണി ചാെവ്വാഴ്ച കുതിച്ചു കയറി റെക്കോർഡ് തിരുത്തി. എന്നാൽ ബുധനാഴ്ച ടെക് ഓഹരികൾ തകർന്നപ്പോൾ നാസ്ഡാക് റെക്കോർഡ് വീഴ്ചയിലായി. 2022 ന് ശേഷമുള്ള ഏറ്റവും വലിയ വീഴ്ചയാണിത്. ഡോണൾഡ് ട്രംപിൻ്റെ വിജയം ഉറപ്പായി എന്ന കാഴ്ചപ്പാടാണു ചൊവ്വാഴ്ച ഡൗ സൂചികയെ 742.76 പാേയിൻ്റ് (1.85%) ഉയർത്തിയത്. ഇന്നലെ ട്രംപിൻ്റെ നയങ്ങളെ പറ്റിയുള്ള ആശങ്ക മൈക്രോചിപ് കമ്പനികളെ ഇടിച്ചിട്ടു. തായ് വാനു സെെനിക സംരക്ഷണം നൽകുന്നതിനു പ്രതിഫലം വേണം എന്നു ട്രംപ് പറഞ്ഞതാണു കാരണം. തായ് വാൻ്റെ സ്വതന്ത്രനില അംഗീകരിക്കുകയില്ല എന്നാണു ചെെന പറയുന്നത്. ചൈന ഇടപ്പെട്ടാൽ രക്ഷിക്കാൻ യുഎസ് ചെല്ലുകയില്ല എന്നാണു ട്രംപ് പറയുന്നതിൻ്റെ സാരം. മൈക്രോചിപ് നിർമാണത്തിൻ്റെ 90 ശതമാനവും തായ് വാനിൽ ആണ്. അതാണ് ചിപ്പ് നിർമാതാക്കളുടെ ഓഹരികളെ താഴ്ത്തിയത്. എൻവിഡിയ, ടിഎസ്എംസി, എഎസ്എംഎൽ തുടങ്ങിയവ അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു. ചൈനയിലേക്കു ചിലയിനം യന്ത്രങ്ങളും സാങ്കേതികവിദ്യയും കയറ്റുമതി നടത്തുന്ന കമ്പനികൾക്ക് അധികനികുതി ചുമത്താനുളള ബെെഡൻ ഭരണകൂടത്തിൻ്റെ നീക്കവും ചിപ് കമ്പനികളെ താഴ്ത്തി.
ബുധനാഴ്ച ഡൗ ജോൺസ് സൂചിക 243.60 പോയിൻ്റ് (0.59%) നേട്ടത്തിൽ 41,198.08 ൽ അവസാനിച്ചു. എസ് ആൻഡ് പി 78.93 പോയിൻ്റ് (1.39%) ഇടിഞ്ഞ് 5588.27 ൽ ക്ലോസ് ചെയ്തു. നാസ്ഡാക് 512.41 പോയിൻ്റ് (2.77%) തകർച്ചയിൽ 17,996.92 ൽ വ്യാപാരം അവസാനിപ്പിച്ചു.
യുഎസ് ഫ്യൂച്ചേഴ്സ് ഇന്നു ചെറിയ കയറ്റത്തിലാണ്. ഡൗ 0.13 ഉം എസ് ആൻഡ് പി 0.18 ഉം നാസ്ഡാക് 0.33 ഉം ശതമാനം ഉയർന്നു നിൽക്കുന്നു.
ഏഷ്യൻ വിപണികൾ ഇന്നു താഴ്ന്നു തുടങ്ങി. ജപ്പാനിൽ നിക്കൈ ഒരു ശതമാനം ഇടിഞ്ഞു. ചൈനീസ് വിപണിയും താഴ്ചയിലാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണി ചാെവ്വാഴ്ച കുതിച്ചു കയറിയിട്ടു കുറഞ്ഞ നേട്ടത്തിൽ ക്ലാേസ് ചെയ്തു. സെൻസെക്സ് 86,898.30 വരെയും നിഫ്റ്റി 24,666.25 വരെയും കയറി. പിന്നീടു വിൽപന സമ്മർദത്തിൽ സൂചികകൾ താണു. വിപണിയുടെ കയറ്റം തുടർന്നെങ്കിലും മുന്നോട്ടുള്ള ആക്കം ദുർബലമായി വരുന്നു എന്നാണു വിലയിരുത്തൽ. റിയൽറ്റി, എഫ്എംസിജി, ഐടി, ഓട്ടോ എന്നിവയാണ് വിപണിയെ ഉയർത്തി നിർത്തിയത്.
സെൻസെക്സ് 51.69 പോയിൻ്റ് (0.06%) കയറി 80,716.55 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 26.30 പോയിൻ്റ് (0.11%) ഉയർന്ന് 24,613.00 ൽ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 0.11% (59.10 പോയിൻ്റ്) നഷ്ടത്തിൽ 52,396.80 ൽ ക്ലോസ് ചെയ്തു.
മിഡ് ക്യാപ് സൂചിക മാറ്റമില്ലാതെ 57,664.00 ലും സ്മോൾ ക്യാപ് സൂചിക 0.08% കയറി 19,062.40 ലും ക്ലോസ് ചെയ്തു.
വിദേശനിക്ഷേപകർ ചാെവ്വാഴ്ച ക്യാഷ് വിപണിയിൽ 1271.45 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വദേശി ഫണ്ടുകളും സ്ഥാപനങ്ങളും കൂടി 529.48 കോടി രൂപയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റി 24,700 നു മുകളിൽ കടക്കുമോ എന്നാണ് ഇന്നു ശ്രദ്ധിക്കുക. 24,700 -25,000 എന്നതാണ് അടുത്ത ലക്ഷ്യം. ഇന്നു സൂചികയ്ക്ക് 24,590 ലും 24,550 ലും പിന്തുണ ഉണ്ട്. 24,650 ലും 24,695 ലും തടസം ഉണ്ടാകാം.
സ്വർണം കയറിയിറങ്ങി
സ്വർണവില ചാെവ്വാഴ്ച റെക്കോർഡ് തകർത്ത് ഔൺസിന് 2481.10 ഡോളറിൽ ക്ലോസ് ചെയ്തു. നിരക്ക് കുറയ്ക്കാൻ ഫെഡ് തയാറാണ് എന്നു ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞതു കയറ്റത്തിനു സഹായിച്ചു. ഔൺസിന് 2500 ഡോളറിൽ എത്തുന്നതിലേക്കാണു സ്വർണയാത്ര. എങ്കിലും ഇന്നലെ ലാഭമെടുക്കലുകാരുടെ വിൽപന സമ്മർദത്തിൽ സ്വർണം താഴ്ന്ന് 2458.80 ഡോളറിൽ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 2461 ഡോളറിലേക്കു കയറി.
കേരളത്തിൽ സ്വർണവില ചാെവ്വാഴ്ച പവന് 720 രൂപ കുതിച്ച് 55,000 രൂപയായി. മേയ് 20 നു വന്ന 55,120 രൂപയാണു പവൻ്റെ റെക്കോർഡ് വില. ഇന്നു വില അൽപം കുറയാം.
വെള്ളിവില ഔൺസിന് 30.35 ഡോളറിലാണ്. കേരളത്തിൽ വെള്ളി കിലോഗ്രാമിനു 99,000 രൂപയിൽ തുടർന്നു.
ഡോളർ സൂചിക ചാെവ്വാഴ്ച ഉയർന്നു 104.27 ൽ ക്ലോസ് ചെയ്തു. ഇന്നലെ സൂചിക103.75 ലേക്കു താഴ്ന്നു. ട്രംപ് ദുർബല ഡോളറിൻ്റെ വക്താവാണ് എന്നതു ഡോളർ സൂചിക താഴാൻ കാരണമായി. ഇന്നു രാവിലെ 103.74 ലാണ്.
രൂപ ചാെവ്വാഴ്ച അൽപം മെച്ചപ്പെട്ടു. ഡോളർ രണ്ടു പൈസ താണ് 83.58 രൂപയിൽ ക്ലോസ് ചെയ്തു.
ക്രൂഡ് ഓയിൽ വില ചാഞ്ചാടി. ബ്രെൻ്റ് ഇനം 84 ഡോളറിനു താഴെ വന്ന ശേഷം തിരിച്ചു കയറി. ഇന്നലെ ഒന്നര ശതമാനം ഉയർന്ന് 85.08 ഡോളറിൽ ക്ലോസ് ചെയ്തു. ഡോളർ നിരക്കു താഴ്ന്നതാണു കാരണം. ഇന്നു രാവിലെ 85.43 ഡോളറിലേക്കു കയറി. ഡബ്ല്യുടിഐ ഇനം 83.32 ഉം യുഎഇയുടെ മർബൻ ക്രൂഡ് 84.59 ഉം ഡോളറിലാണ്.
വ്യാവസായിക ലോഹങ്ങൾ താഴ്ചയിലാണ്. ചൈനയിൽ വ്യവസായ ഉൽപാദനം വർധിച്ചെങ്കിലും ജിഡിപി വളർച്ച പ്രതീക്ഷയിലും താഴെ ആയതു ലോഹങ്ങളെ ദുർബലമാക്കുന്നു. ഇന്നലെ ചെമ്പ് 0.34 ശതമാനം താണു ടണ്ണിന് 9533 ഡോളറിൽ എത്തി. അലൂമിനിയം 0.50 ശതമാനം താഴ്ന്ന് ടണ്ണിന് 2401.85 ഡോളറായി.
ക്രിപ്റ്റാേ കറൻസികൾ കയറിയിട്ട് അൽപം താഴ്ന്നു. ബിറ്റ്കോയിൻ 66,000 ഡോളറിനടുത്ത് എത്തിയ ശേഷം 64,700 ഡോളറിനു താഴേക്കു നീങ്ങി. ഈഥർ 3420 ഡോളറിലേക്കു താഴ്ന്നു.
വിപണിസൂചനകൾ
(2024 ജൂലെെ 16, ചാെവ്വ)
സെൻസെക്സ് 30 80,716.55 +0.06%
നിഫ്റ്റി50 24,613.00 +0.11%
ബാങ്ക് നിഫ്റ്റി 52,396.80 -0.11%
മിഡ് ക്യാപ് 100 57,664.00 0.00%
സ്മോൾ ക്യാപ് 100 19,062.40 +0.08%
ഡൗ ജോൺസ് 30 40,954.48 +1.85%
എസ് ആൻഡ് പി 500 5667.20 +0.64%
നാസ്ഡാക് 18,509.34 +0.20%
ഡോളർ($) ₹83.58 -₹0.02
സ്വർണം (ഔൺസ്) $2481.10 +$58.50
സ്വർണം (പവൻ) ₹54,280 +₹280
(2024 ജൂലെെ 17, ബുധൻ)
ഡൗ ജോൺസ് 30 41,198.10 +0.59%
എസ് ആൻഡ് പി 500 5588.27 -1.39%
നാസ്ഡാക് 17,996.90 -2.77%
ഡോളർ സൂചിക 103.75 -0.52
സ്വർണം (ഔൺസ്) $2458.80 -$22.30
സ്വർണം (പവൻ) ₹55,000 +₹720
ക്രൂഡ് (ബ്രെൻ്റ്) ഓയിൽ $85.19 +$01.46
T C Mathew
T C Mathew  

Related Articles

Next Story

Videos

Share it