ഐടി പാര്‍ക്കുകളില്‍ ബാറും പബ്ബും; ലൈസന്‍സ് ചട്ടങ്ങളുടെ കരട് തയ്യാറായി

സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കാനുള്ള ലൈസന്‍സ് നല്‍കുന്നതിനുള്ള കരട് ചട്ടങ്ങള്‍ എക്‌സൈസ് വകുപ്പ് തയ്യാറാക്കി. എഫ്എല്‍-4സി എന്ന് പേരിലുള്ള ലൈസന്‍സ് പാര്‍ക്ക് ഡെലവലപ്പര്‍മാര്‍ക്കും കോ-ഡെവലപ്പര്‍മാര്‍ക്കുമാണ് അനുവദിക്കുക.

ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് തുടങ്ങിയവയ്ക്കും ഐടി വകുപ്പ് അംഗീകരിച്ച മറ്റ് സ്വകാര്യ ഐടി പാര്‍ക്കുകള്‍ക്കുമാണ് ലൈസന്‍സ് നല്‍കുന്നത്. കരട് അനുസരിച്ച് ലൈസന്‍സികള്‍ക്ക് കസ്റ്റംസ് ബോണ്ടഡ് വെയര്‍ഹൗസുകളില്‍ നിന്ന് വിദേശ നിര്‍മിത വിദേശ മദ്യവും (എഫ്എംഎഫ്എല്‍) FL-9 ലൈസന്‍സികളില്‍ നിന്നും (ബെവ്‌കോ വെയര്‍ഹൗസുകള്‍) ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവും വാങ്ങാം.

ലൈസന്‍സിന് കീഴില്‍, ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍, കമ്പനികളുടെ അതിഥികള്‍, ഔദ്യോഗിക സന്ദര്‍ശകര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും മദ്യം വിളമ്പാനാവില്ല. മദ്യവില്‍പ്പനയ്ക്കുള്ള സ്ഥലം ഐടി പാര്‍ക്കിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്രത്യേക കെട്ടിടമായിരിക്കണം. കൂടാതെ ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ഭാഗമാവാനും പാടില്ല.

10 ലക്ഷം രൂപ വാര്‍ഷിക ലൈസന്‍സ് ഫീസ് നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും, അന്തിമ തീരുമാനമായിട്ടില്ല. 10 മുതല്‍ 20 ലക്ഷം രൂപ വരെ ഫീസ് നിശ്ചയിച്ചേക്കാം. ഈ വര്‍ഷം മാര്‍ച്ചിലാണ് ഐടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബും അനുവദിക്കുന്ന മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it