കൂടുതല്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍: ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് സ്‌പൈസസ് മേഖലയില്‍ നിന്ന് ഫുഡ് കമ്പനിയിലേക്ക് മാറുന്നു

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന വിപണിയിലെ പ്രമുഖരായ ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (ഇസിപിഎല്‍) സമ്പൂര്‍ണ്ണ ഭക്ഷണ കമ്പനിയിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിച്ചു. ഒപ്പം അന്താരാഷ്ട്ര വിപണിയിലേക്ക് അറബിക് മസാലക്കൂട്ടുകളും ആഭ്യന്തര വിപണിയില്‍ പുതിയ മസാലകളും പുറത്തിറക്കി.

സ്‌പൈസസ് മേഖലയില്‍ നിന്ന് ഫുഡ് കമ്പനിയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം രണ്ട് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയിരുന്നു. വറുത്ത സേമിയയും മക്രോണിയുമാണ് പുറത്തിറക്കിയത്. ഇവ രണ്ടും മാര്‍ക്കറ്റില്‍ ഇടംപിടിച്ചുവെന്ന് ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് സിഇഒ നവാസ് മീരാന്‍ പറഞ്ഞു. വൈകാതെ കൂടുതല്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രിയ ചിക്കന്‍ മസാലയുടെ പുതിയ വകഭേദമായ സ്‌പൈസി ചിക്കന്‍ മസാല കമ്പനി ഈയിടെ പുറത്തിറക്കിയിരുന്നു. ഓണം വിപണിയെ ലക്ഷ്യമിട്ട് സാമ്പാര്‍ പൗഡറിന്റെ ഓണം എഡിഷനും പുറത്തിറക്കിയിട്ടുണ്ട്. ആന്ധ്രപ്രദേശ്, തെലങ്കാന വിപണി ലക്ഷ്യമിട്ട് പുതിയ ചിക്കന്‍ മസാല വൈകാതെ പുറത്തിറക്കും. അന്താരാഷ്ട്ര മാര്‍ക്കറ്റിലേക്കായി 32 അറബിക് മസാലകളാണ് ഈസ്റ്റേണ്‍ ഇതിനകം അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഇരുപതെണ്ണവും ഇക്കൊല്ലമാണ് വിപണിയിലെത്തിച്ചത്.

വിപിണി വ്യാപിപ്പിക്കാനായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ കൂടി ഉള്‍പ്പെടുത്തിയുള്ള മാര്‍ക്കറ്റിംഗ് കൂടി ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് ഉപയോഗപ്പെടുത്തും. ഓരോ മാര്‍ക്കറ്റിലും വ്യത്യസ്ത ഉല്‍പ്പന്നങ്ങളെ പരിചയപ്പെടുത്താനായി ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഉപയോഗപ്പെടുത്തും. ഇത്തരത്തില്‍ ഓരോ മാസവും 15-20 ഇന്‍ഫ്‌ളുവന്‍സര്‍മാരെ മാര്‍ക്കറ്റിംഗിന്റെ ഭാഗമാക്കും.

പ്രാദേശിക ചേരുവകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഉല്‍പ്പന്ന അവതരണ സമീപനമാണ് ബ്രാന്‍ഡ് പിന്തുടരുകയെന്ന് ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് സിഎംഒ മനോജ് ലാല്‍വാനി പറഞ്ഞു. ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഏറ്റവും പ്രാദേശിക തലത്തില്‍പോലും മാറിക്കൊണ്ടിരിക്കുന്ന താല്‍പ്പര്യങ്ങളെ ഉള്‍ക്കൊള്ളുക എന്നതാണ് ഞങ്ങളുടെ സമീപനം.

പുതിയ ഉല്‍പ്പന്നങ്ങളും പുതിയ വിഭാഗങ്ങളും അവതരിപ്പിക്കുന്നതിന് ഈ ഹൈപ്പര്‍-ലോക്കല്‍ സമീപനമാണ് ബ്രാന്‍ഡ് പിന്തുടരുന്നതെന്നും മനോജ് ലാല്‍വാനി പറഞ്ഞു.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 900 കോടി രൂപയുടെ വരുമാനമാണ് ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സ് നേടിയത്. ഈ വര്‍ഷം അത് 1000 കോടി കടക്കുമെന്നാണ് പ്രതീക്ഷ. കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടി ശക്തമായ സാന്നിധ്യമായ കമ്പനിയുടെ, ഇന്ത്യയിലെ 80 ശതമാനം ബിസിനസും ഈ സംസ്ഥാനങ്ങളില്‍ നിന്നു തന്നെയാണ്.

മീരാന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈസ്റ്റേണ്‍ കോണ്‍ഡിമെന്റ്‌സിന്റെ 67.8% ഓഹരികള്‍ നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്‌ലയുടെ സബ്‌സിഡിയറിയായ എംറ്റിആര്‍ ഫുഡ്‌സ് 2020 ല്‍ സ്വന്തമാക്കിയിരുന്നു. ഇരു ബ്രാന്‍ഡുകളും വ്യത്യസ്ത ബ്രാന്‍ഡുകളില്‍ തന്നെയാവും പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it