ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ആഗോള റാങ്ക് പട്ടികയില്‍ മികവോടെ അമൃത വിദ്യാപീഠം

ആദ്യത്തെ 100 റാങ്കില്‍ 11 ഉം ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക്

ലോകത്തിലെ മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ സമഗ്ര മികവു വിലയിരുത്തി തയ്യാറാക്കിയ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ റാങ്ക് ലിസ്റ്റിലെ ആദ്യത്തെ 100 സ്ഥാനങ്ങളില്‍ 11 എണ്ണം ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക്. 2015 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യമാണിത്. അമൃത വിശ്വ വിദ്യാപീഠം തൊണ്ണൂറാം റാങ്ക് നേടി കേരളത്തിന് അഭിമാനം പകര്‍ന്നു.

മൊത്തം 47 രാജ്യങ്ങളില്‍ നിന്നുള്ള 533 സര്‍വകലാശാലകളെ ഉള്‍പ്പെടുത്തി ലണ്ടനില്‍ തയ്യാറാക്കിയ റാങ്കിംഗില്‍ 56 ഇന്ത്യന്‍ സര്‍വകലാശാലകള്‍ സ്ഥാനം നേടി. മികച്ച ആദ്യത്തെ 100 സര്‍വകലാശാലകളുടെ പട്ടികയില്‍  ഇന്ത്യയിലേക്കാള്‍ 30 എണ്ണം കൂടുതലുണ്ട്  ചൈനയില്‍.ഇന്ത്യയില്‍ നിന്ന് കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബെംഗളൂരു. ഇക്കുറി 16 ആണ് റാങ്ക്. കഴിഞ്ഞ തവണ 14 ആയിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഖരഗ്പൂര്‍, ഐഐടി ബോംബെ എന്നിവ 32, 34 സ്ഥാനങ്ങളിലുണ്ട്. 2019 നെ അപേക്ഷിച്ച് അമൃത എല്ലാ റാങ്കിംഗ് മാനദണ്ഡങ്ങളിലും മെച്ചപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അമൃത വിശ്വ വിദ്യാപീഠം കഴിഞ്ഞ വര്‍ഷത്തെ 141 ാം സ്ഥാനത്തുനിന്നാണ് 51 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയത്. ഈ പദ്ധതി നടപ്പാക്കിവരുന്ന മറ്റ് സ്ഥാപനങ്ങളും റാങ്കിംഗില്‍ വലിയ പുരോഗതി നേടി. ഐഐടി ഖരഗ്പൂര്‍ 23 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 32 ഉം ഐഐടി ഡല്‍ഹി 28 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 38 ഉം ഐഐടി മദ്രാസ് 12 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 63 ഉം റാങ്കുകളിലെത്തി. ഐഐടി റോപ്പാറും മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയും 63 , 73 റാങ്കുകള്‍ നേടി.

വിദേശ വിദ്യാര്‍ത്ഥികളിലെയും സ്റ്റാഫിലെയും വര്‍ദ്ധനവ്, കൂടുതല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍, ലോകമെമ്പാടുമുള്ള മികച്ച സര്‍വകലാശാലകളുമായി അക്കാദമിക് സഹകരണം എന്നിവ ലക്ഷ്യമാക്കിയുള്ളതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് സ്‌കീം. പുതിയ ലിസ്റ്റ് ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസത്തിന് ആവേശകരമായ വഴിത്തിരിവുണ്ടാകാനിടയാക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് സ്‌കീമിന്റെ ഫലപ്രാപ്തി ഏറെക്കുറെ വ്യക്തമാക്കുന്നതായും ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ ചീഫ് നോളജ് ഓഫീസര്‍ ഫില്‍ ബാറ്റി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here