വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ കോഴ്സുകള്‍ തയ്യാറാക്കണമെന്ന് നിര്‍ദേശം

വിദ്യാര്‍ത്ഥികളെ തൊഴില്‍ സജ്ജരാക്കുന്നതിനായി വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ വിധത്തിലുള്ള കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഓട്ടോമൊബീല്‍ രംഗത്ത് കേരളത്തിലേക്കെത്തിയ ചില പുതിയ കമ്പനികള്‍ എന്‍ജിനീയറിംഗ് ബിരുദധാരികളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനാകാതെ വന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇത്തരമൊരു നിര്‍ദേശം ഉന്നയിച്ചത്.

വ്യവസായ മേഖലയ്ക്ക് അനുയോജ്യമായ വിധത്തില്‍ കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്യണമെന്നത് പണ്ടേയുള്ള ഒരു നയമാണ്. എന്നാല്‍ സംസ്ഥാനത്തെ യൂണിവേഴ്സിറ്റികള്‍ അക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയിരുന്നില്ല. സിലബസ് പരിഷ്‌ക്കരണമെന്നത് ദീര്‍ഘകാലമായി വിവിധ കേന്ദ്രങ്ങള്‍ ഉന്നയിച്ചിരുന്നൊരു ആവശ്യവുമാണ്. 'തൊഴില്‍ നൈപുണ്യ വികസനത്തിനായി അസാപ്, കെയ്സ് എന്നിവ ഇപ്പോള്‍ നടത്തുന്ന പരിശീലന പരിപാടികള്‍ കരിക്കുലത്തിന്റെ ഭാഗമല്ല. ആഡ് ഓണ്‍ കോഴ്സുകള്‍ റെഗുലര്‍ സ്‌കീമിനോട് ചേര്‍ക്കുകയാണ് വേണ്ടത്. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ അതിനുള്ള അവസരമുള്ളത്' ഗവണ്‍മെന്റ് കോളെജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പ്രൊഫ.എ.ജി.ജോര്‍ജ് ചൂണ്ടിക്കാട്ടി.

സിലബസ് പരിഷ്‌ക്കരണം സമയബന്ധിതമായി നടപ്പാക്കുക, യൂണിവേഴ്സിറ്റികളില്‍ ഇന്‍കുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുക, ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് കോഴ്സുകള്‍ ആരംഭിക്കുക, വിദേശ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനുള്ള ഗ്രീന്‍ ചാനല്‍ സംവിധാനം നടപ്പാക്കുക, പ്ലേസ്മെന്റ് സെല്ലുകള്‍ ശക്തമാക്കുക, ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കുക, മെഡിക്കല്‍ പി.ജി കോഴ്സുകള്‍ കൂടുതലായി തുടങ്ങുക, നേഴ്സിംഗ് കോളെജുകളില്‍ ഇംഗ്ലീഷിന് പുറമേ മറ്റ് വിദേശ ഭാഷകള്‍ കൂടി പഠിപ്പിക്കുക, യൂണിവേഴ്സിറ്റികള്‍ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങളാണ് യോഗത്തില്‍ ഉണ്ടായത്. 'ജോബ് മാര്‍ക്കറ്റില്‍ കേരളത്തിലെ കുട്ടികള്‍ പിന്തള്ളപ്പെട്ടു പോകുകയാണ്. അതൊഴിവാക്കാന്‍ ആഡ് ഓണ്‍ കോഴ്സുകള്‍ യൂണിവേഴ്സിറ്റികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ഇത്തരം നിര്‍ദേശങ്ങള്‍ ഉടനടി നടപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്' പ്രൊഫ.എ.ജി.ജോര്‍ജ് അഭിപ്രായപ്പെട്ടു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it