ടെക്‌നിക്കല്‍ വിദ്യാഭ്യാസമേഖലയില്‍ പ്രതിസന്ധി: 78 എന്‍ജിനീയറിംഗ് കോളെജുകള്‍ അടച്ചുപൂട്ടുന്നു
രാജ്യത്തെ 78 എന്‍ജിനീയറിംഗ് കോളെജുകള്‍ അടച്ചുപൂട്ടുന്നതിനുള്ള ഒരുക്കത്തില്‍. ഇവര്‍ ഈ വര്‍ഷം പുതിയ ബാച്ചിലേക്കുള്ള പ്രവേശനം നടത്തിയില്ല. അടച്ചുപൂട്ടുന്ന കോളെജുകളില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവയാണ്.
78 കോളെജുകളാണ് ഇപ്പോള്‍ പടിപടിയായുള്ള അടച്ചുപൂട്ടല്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിറ്റിഇ) പറയുന്നു. 2018-19 വര്‍ഷം ഈ ഓപ്ഷന്‍ തെരഞ്ഞെടുത്ത കോളെജുകളുടെ എണ്ണം 54 ആയിരുന്നു. എന്നാല്‍ 2017-18 വര്‍ഷം 106 കോളെജുകളാണ് ഇത്തരത്തില്‍ ഘട്ടം ഘട്ടമായി അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തത്.
ഘട്ടം ഘട്ടമായി അടച്ചുപൂട്ടാന്‍ തീരുമാനിക്കുന്ന കോളെജുകള്‍ പുതിയ ബാച്ചിനെ എടുക്കില്ല. നിലവിലുള്ള വിവിധ വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് പൂര്‍്ത്തിയാക്കുന്നതുവരെ കോളെജ് പ്രവര്‍ത്തിക്കും. അതിനുശേഷം പൂര്‍ണ്ണമായി പ്രവര്‍ത്തനം അവസാനിപ്പിക്കും.
ഇപ്പോള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്ന കോളെജുകളില്‍ 31 എണ്ണം ഉത്തര്‍പ്രദേശിലുള്ളവയാണ്. ആറ് കോളെജുകള്‍ പഞ്ചാബില്‍ നിന്നുള്ളവയും.
ടെക്‌നിക്കല്‍ വിദ്യാഭ്യാസ മേഖല അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്. കോളെജുകള്‍ അടച്ചുപൂട്ടുന്നതിന്റെ പ്രധാന കാരണം കോഴ്‌സുകള്‍ക്ക് ആളെ കിട്ടാത്തതുതന്നെയാണ്. ഫണ്ടിന്റെ അഭാവം ഇതിന് മറ്റൊരു കാരണമാണ്.
എഐസിറ്റിഇയുടെ കണക്കനുസരിച്ച് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ 264 എന്‍ജിനീയറിംഗ് കോളെജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 116 ആര്‍ക്കിടെക്ചര്‍ കോളെജുകളും അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്നതിന് മുമ്പ് എഐസിറ്റിഇയുടെ വെബ്‌സൈറ്റില്‍ കയറി പരിശോധിക്കുക.