ലിങ്ക്ഡ് ഇൻ: നിങ്ങളുടെ പ്രൊഫൈലിൽ നിന്ന് ഈ 5 പിഴവുകൾ ഇപ്പോഴേ ഒഴിവാക്കൂ

പുത്തൻ തൊഴിലവസരങ്ങൾ കണ്ടെത്താനും മികച്ച ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാനും സാധാരണ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളെ അപേക്ഷിച്ച് കൂടുതൽ പ്രയോജനപ്രദമാണ് ലിങ്ക്ഡ് ഇൻ.

ലോകത്താകെ 50 കോടിയിലധികം ആളുകളാണ് ഈ പ്ലാറ്റ് ഫോം ഉപയോഗിക്കുന്നത്. ഇത്രയും ആളുകൾ സജീവമായി ഉള്ളതുകൊണ്ടുതന്നെ നമ്മുടെ പ്രൊഫൈലിൽ ഉള്ള ചെറിയ പിഴവുകൾ വരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. സാധാരണയായി കണ്ടുവരുന്ന ചില തെറ്റുകൾ ഇവയാണ്.

1. പ്രൊഫൈൽ ഫോട്ടോ

സ്വാഭാവികമായും നിങ്ങളുടെ പേര് കഴിഞ്ഞാൽ ആളുകൾ ആദ്യം ശ്രദ്ധിക്കുന്നത് പ്രൊഫൈൽ ഫോട്ടോ ആയിരിക്കും. ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറെക്കൊണ്ട് ഫോട്ടോഷൂട്ട് നടത്തണമെന്നൊന്നുമല്ല പറഞ്ഞുവരുന്നത്. നിങ്ങളെന്താണ്, നിങ്ങൾ ആരായിത്തീരാനാണ് ഉദ്ദേശിക്കുന്നത്, ഇക്കാര്യങ്ങൾ പറയാതെ പറയുന്നതായിരിക്കണം ഫോട്ടോ. ക്യാമറയിലേക്ക് നോക്കുന്ന വിധത്തിലുള്ളതാണ് ഉചിതം.

ഗ്രൂപ്പ് ഫോട്ടോ, വളർത്തു മൃഗങ്ങൾക്കൊപ്പമുള്ളത്, മുഖം വ്യക്തമാകാത്ത ഫോട്ടോ ഇത്തരം ചിത്രങ്ങൾ ആണ് നിങ്ങൾ ലിങ്ക്ഡ് ഇന്നിൽ ഉപയോഗിച്ചിരിക്കുന്നതെങ്കിൽ അത് ഇപ്പോൾ തന്നെ മാറ്റുന്നതായിരിക്കും നല്ലത്.

2. തലക്കെട്ട്‌

നിങ്ങളുടെ ജോലിയെ സൂചിപ്പിക്കുന്ന തലക്കെട്ട് അഥവാ ജോബ് ടൈറ്റിൽ ഇപ്പോഴും ശ്രദ്ധയാകർഷിക്കുന്നതായിരിക്കണം. പുതുമ കൊണ്ടുവരുന്നതിൽ തെറ്റില്ല; എന്നാൽ അവ വ്യക്തതയുള്ളതായിരിക്കണം. ഉദാഹരണത്തിന് "റിസൾട്ട്-ഓറിയന്റഡ് ഫിനാൻസ് പ്രൊഫഷണൽ' തുടങ്ങിയതുപോലുള്ള വിശേഷണങ്ങൾ ഇവിടെ ആവശ്യമില്ല. ഫിനാൻസ് പ്രൊഫഷണൽ മതിയാവും. ഒരിക്കലും ഈ ഭാഗം ഒഴിവാക്കരുത്.

3. ബയോ ഡേറ്റ

നിങ്ങളുടെ കഴിവുകളെക്കുറിച്ചും വൈദഗ്ധ്യങ്ങളെക്കുറിച്ചും വിശദമായി പറയാനുള്ള ഇടമാണ് ലിങ്ക്ഡ് ഇൻ ബയോ. നിങ്ങളുടെ കരിയറിലെ നാൾവഴികളിൽ ഉണ്ടായ വാല്യൂ അഡിഷനുകളെക്കുറിച്ച് ഇവിടെ സംസാരിക്കാം. അതേസമയം, മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയിലെ പ്രൊജെക്ടുകൾ, പ്രേസന്റ്റേഷനുകൾ തുടങ്ങിയ രഹസ്യ സ്വഭാവമുള്ള രേഖകൾ ഇതിൽ നൽകരുത്.

4. തൊഴിൽ വിവരണം

തൊഴിൽ വിവരണം (Job Descriptions) എന്നാൽ നിങ്ങൾ ജോലി ചെയ്ത കമ്പനികളെ കുറിച്ചുള്ള നീണ്ട കഥയല്ല. നിങ്ങളുടെ തൊഴിൽ പരിചയം ഇനി ഏറ്റെടുക്കാൻ പോകുന്ന അല്ലെങ്കിൽ ലക്ഷ്യമിടുന്ന ജോലിയെ എങ്ങനെ സഹായിക്കും എന്നാണ് ഈ വിവരണത്തിലൂടെ പറയേണ്ടത്. നിങ്ങൾ ജോലി ചെയ്തിരുന്ന കമ്പനികളിലൂടെ അല്ലെങ്കിൽ കൈകാര്യം ചെയ്തിരുന്ന പോസ്റ്റിന്റെ പൊതുവായ സ്വഭാവം എന്താണെന്ന് ബയോ വായിക്കുന്ന ആൾക്ക് ഉടനടി മനസിലാക്കാൻ വിധത്തിൽ വേണം ബയോ തയ്യാറാക്കാൻ. ഇടയ്ക് കരിയർ മാറിയിട്ടുണ്ടെങ്കിൽ അത് എന്തിന് എന്നതും ഇതിൽ വ്യക്തമാക്കണം.

5. നെറ്റ് വർക്ക്

നിങ്ങളുടെ ലിങ്ക്ഡ് ഇൻ നെറ്റ് വർക്ക് വളരെ പ്രധാനമാണ്. നിങ്ങൾക്ക് എത്ര ലിങ്ക്ഡ് ഇൻ കണക്ഷനുകൾ ഉണ്ട് എന്നത് ഇവിടെ അപ്രസക്തമാണ്. ആരൊക്കെയാണ് നെറ്റ് വർക്കിലുള്ളത് എന്നതാണ് പ്രധാനം. നിങ്ങളുടെ മേഖലയിൽ നിന്ന് മാത്രമല്ല പുറമെനിന്നുള്ളവരെകൂടി ഇതിൽ ഉൾപ്പെടുത്തണം. മറ്റുള്ളവരെ സഹായിക്കുകയും ആവാം. ഒപ്പം അവരിൽ നിന്ന് പുതിയ അറിവുകൾ നേടുകയും ആകാം. സ്വന്തം പ്രവർത്തനരംഗത്ത് മാത്രം ഒതുങ്ങി നിൽക്കാതെ ഇന്നു തന്നെ പുറത്തേയ്ക്ക് വരൂ.

എല്ലാത്തിലും പ്രധാനം സത്യസന്ധതയാണ്. തെറ്റായ വിവരങ്ങൾ നൽകാതിരിക്കുക. നിങ്ങൾക്ക് ഉള്ള കഴിവുകളെപ്പറ്റി മാത്രം സംസാരിക്കുക. നിങ്ങളുടെ പ്രൊഫൈൽ നിങ്ങളിലെ പ്രൊഫഷണലിന്റെ പ്രതിച്ഛായയാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it