ഉന്നത വിദ്യാഭ്യാസ രംഗം : മോദി നടപ്പാക്കുന്നത് ബിര്‍ള-അംബാനി ശുപാര്‍ശകളെന്ന് ആരോപണം

അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് പ്രമുഖ വ്യവസായികളായ മുകേഷ് അംബാനിയും കുമാര്‍മംഗലം ബിര്‍ളയും ചേര്‍ന്ന് വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെക്കുറിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ട് 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോദി സര്‍ക്കാരിനു കീഴില്‍ ജീവന്‍ വീണ്ടെടുത്തതായി ആരോപണം.

സര്‍വകലാശാലകളിലെ ഫീസ് വര്‍ധനവ്, ആഭ്യന്തര സ്രോതസുകളില്‍ നിന്നുള്ള ധനസമാഹരണം, കാംപസുകളുടെ അരാഷ്ട്രീയവല്‍ക്കരണം, സ്വകാര്യ, വിദേശ സര്‍വകലാശാലകളുടെ സ്ഥാപനം തുടങ്ങി ബിര്‍ള-അംബാനി കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന നിരീക്ഷണം പലരും പങ്കുവയ്ക്കുന്നു.

ഫീസ് വര്‍ദ്ധനവിനെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പാതയിലാണ്. ഐഐടികളും ഫീസ് വര്‍ദ്ധിപ്പിച്ചു. എയിംസ് ഫീസ് ഘടന വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍വകലാശാലകളും ഇതിനു നടപടിയെടുത്തുവരുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) മേധാവി മുകേഷ് അംബാനി കണ്‍വീനറും, ആദിത്യ ബിര്‍ള ഗ്രൂപ്പ് മേധാവി കുമാര്‍മംഗലം ബിര്‍ള അംഗവുമായുള്ള കമ്മിറ്റിയാണ് 'വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്കായുള്ള നയ ചട്ടക്കൂടിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്' എഴുതിയത്.
പ്രധാനമന്ത്രിയുടെ വ്യാപാര, വ്യവസായ കൗണ്‍സിലിന് കീഴിലുള്ള വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം എന്നിവയിലെ സ്വകാര്യ നിക്ഷേപത്തിനായുള്ള നയ ചട്ടക്കൂടിനെക്കുറിച്ചുള്ള പ്രത്യേക വിഷയ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു ഇത്. 2000 ഏപ്രിലില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായിരുന്നില്ല.

അതേസമയം, ഉന്നത വിദ്യാഭ്യാസം സൗജന്യമാകരുതെന്നത് ഉള്‍പ്പെടെ റിപ്പോര്‍ട്ടിലെ പല ശുപാര്‍ശകളും നിലവില്‍ വന്നുകൊണ്ടിരിക്കുന്നതായി നിരീക്ഷകര്‍ പറയുന്നു. സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ധനസഹായം നല്‍കാമെങ്കിലും വായ്പാ പദ്ധതികള്‍ പിന്തുണയ്ക്കുന്ന ഉന്നത വിദ്യാഭ്യാസത്തെ ബിര്‍ള-അംബാനി കമ്മിറ്റി അനുകൂലിച്ചു.വിദ്യാഭ്യാസത്തെ രാഷ്ട്രീയ വിമുക്തമാക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. സര്‍വകലാശാലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കാമ്പസുകളില്‍ ഏതു തരത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശിച്ചു.

വിദ്യാഭ്യാസത്തില്‍ വിദേശ നേരിട്ടുള്ള നിക്ഷേപം (എഫ്ഡിഐ) വേണമെന്ന വാദവും ബിര്‍ള-അംബാനിമാര്‍ ഉയര്‍ത്തി. തുടക്കത്തില്‍ ഇത് ശാസ്ത്ര സാങ്കേതിക മേഖലകളിലേക്ക് പരിമിതപ്പെടുത്തുകയെന്നതായിരുന്നു അവരുടെ അഭിപ്രായം. സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്നതായിരുന്നു മറ്റൊരു ശുപാര്‍ശ. സയന്‍സ് ആന്‍ഡ് ടെക്‌നോളജി, മാനേജ്‌മെന്റ്, ഫിനാന്‍സ് മേഖലകളില്‍ പുതിയ സ്വകാര്യ സര്‍വ്വകലാശാലകള്‍ സ്ഥാപിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനുള്ള നിയമനിര്‍മ്മാണം നടത്തണമെന്നു നിര്‍ദ്ദേശിച്ചു.

വിപണി അധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും കമ്മിറ്റി ഊന്നിപ്പറഞ്ഞിരുന്നു 'പഠന പദ്ധതിയുടെ ഉള്ളടക്കവും പഠന സൗകര്യങ്ങളും വിപണികളുടെ താല്‍പ്പര്യങ്ങള്‍ കൂടി കണ്ടറിഞ്ഞ് നിരന്തരം നവീകരിക്കുന്ന ബിസിനസ് സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കണം' എന്നതായിരുന്നു ഒരു നിര്‍ദ്ദേശം.

ബിര്‍ള-അംബാനി കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെങ്കിലും അതേ ശുപാര്‍ശകളാണ് ഇപ്പോള്‍ നടപ്പാകുന്നതെന്നും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വര്‍ധിപ്പിക്കാനും ഉന്നതര്‍ക്ക് വേണ്ടി സ്ഥാപനങ്ങള്‍ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കന്നതെന്നും രാജ്യസഭയിലെ സിപിഎം അംഗമായ കെ കെ രാഗേഷ് കുറ്റപ്പെടുത്തി. വിദ്യാഭ്യാസ സംവിധാനത്തിന്റെ സമ്പൂര്‍ണ വാണിജ്യവല്‍ക്കരണവും കോര്‍പ്പറേറ്റ്വല്‍ക്കരണവുമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാര്‍ ചെലവുകളുടെ അപര്യാപ്തത കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം, 89,000 കോടി രൂപയുടെ വിദ്യാഭ്യാസ സെസ് എവിടെ പോയി എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. സര്‍വകലാശാലകളില്‍ 8,000 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും രാഗേഷ് പറഞ്ഞു

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it