ഒക്ടോബറില്‍ പുതുതായി ജോലി നേടിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ രാജ്യത്ത് പുതുതായി ജോലി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അതില്‍ 95 ശതമാനവും മുഴുവന്‍ സമയ ജോലിയാണെന്നത് മറ്റൊരു പ്രത്യേകത. ഒക്ടോബറില്‍ 2.75 ലക്ഷം പേര്‍ പുതുതായി ജോലിയില്‍ കയറി. സെപ്തംബറില്‍ ഉണ്ടായതിനേക്കാള്‍ ഒരു ലക്ഷം കൂടുതലാണിത്. ഏകദേശം 56 ശതമാനം വര്‍ധന. 1.05 ലക്ഷം തൊഴിലവസരങ്ങളുമായി സോഫ്റ്റ് വെയര്‍ മേഖലയാണ് മുന്നില്‍. 38 ശതമാനം പേരും ഈ മേഖലയിലാണ് ജോലി നേടിയതെന്നും ബാംഗ്‌ളൂര്‍ ആസ്ഥാനമായുള്ള സ്‌പെഷലിസ്റ്റ് സ്റ്റാഫിംഗ് സ്ഥാപനമായ എക്‌സ്ഫീനോ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഏറ്റവും വലിയ അഞ്ച് മെട്രോ നഗരങ്ങളിലെ തൊഴിലവസര സാധ്യത 51 ശതമാനത്തില്‍ നിന്ന് 34 ശതമാനമായി ചുരുങ്ങിയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വന്‍കിട കമ്പനികളില്‍ പലതും വര്‍ക്ക് ഫ്രം ഹോം ആശയത്തെ പിന്തുടര്‍ന്നതും ഇതിന് കാരണമായി. മെട്രോ ഇതര മേഖലകളിലും ടയര്‍ 2 നഗരങ്ങളിലും ചെറുകിട പട്ടണങ്ങളിലുമാണ് തൊഴിലവസരങ്ങള്‍ വര്‍ധിച്ചത്.
വര്‍ക്ക് ഫ്രം ഹോം അനുസരിച്ച് വിദൂരത്തിരുന്ന് ജോലി ചെയ്യുന്ന സൗകര്യത്തോടെയുള്ള മുഴുവന്‍ സമയ ജോലി ഒക്ടോബറില്‍ 3000 ആയി. സെപ്തംബറില്‍ ഇത് 2000 ആയിരുന്നു. കോവിഡിന് ശേഷമുള്ള പരിതസ്ഥിതിക്കനുസരിച്ച് കമ്പനികള്‍ മാറു വരുന്നതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഉത്സവ സീസണ്‍ പ്രമാണിച്ച് ജൂലൈ മുതല്‍ തന്നെ നിയമനങ്ങളില്‍ വര്‍ധന കണ്ടു തുടങ്ങിയിരുന്നു. തുടക്കക്കാരെയും ജൂനിയര്‍ ജീവനക്കാരെയുമാണ് ഒക്ടോബറില്‍ കൂടുതലായും നിയമിച്ചിരിക്കുന്നത്. ഒരു ലക്ഷം പേരെയാണ് ഇത്തരത്തില്‍ നിയമിച്ചിരിക്കുന്നത്. സെപ്തംബറില്‍ 62,000 പേരാണ് ഈ കാറ്റഗറിയില്‍ നിയമിക്കപ്പെട്ടിരുന്നത്.
എന്‍ട്രി ലെവല്‍ ജോലിക്കാരാണ് ആകെ നിയമിക്കപ്പെട്ടവരില്‍ 38 ശതമാനവും. മിഡ് ജൂനിയര്‍ വിഭാഗത്തില്‍ 30 ശതമാനം പേരും മിഡ് സീനിയര്‍ വിഭാഗത്തില്‍ 12 ശതമാനം പേരുമാണ് നിയമിക്കപ്പെട്ടത്. സീനിയര്‍ ലെവല്‍ ജീവനക്കാരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. സെപ്തംബറില്‍ ഈ വിഭാഗത്തില്‍ വലിയ കുറവ് അനുഭവപ്പെട്ടിരുന്നു.