നിങ്ങളുടെ കരിയർ വഴിമുട്ടും, ഈ സ്‌കിൽ ഇല്ലെങ്കിൽ

പ്രഗത്ഭ ഓഹരി നിക്ഷേപകനായ വാറൻ ബഫറ്റ് തന്റെ ചുമരിൽ തൂക്കിയിരിക്കുന്നത് ഡെയ്ൽ കാർണെജിയിൽ നിന്ന് കമ്മ്യൂണിക്കേഷൻ കോഴ്‌സിൽ നേടിയ ഒരു സർട്ടിഫിക്കറ്റ് ആണ്. പെൻസിൽവാനിയ, കൊളംബിയ തുടങ്ങിയ മികച്ച യൂണിവേഴ്‌സിറ്റികളിൽ നിന്ന് നേടിയ ബിരുദങ്ങൾ ഉണ്ടെങ്കിലും അവയൊന്നും ആ ചുമരിൽ കാണില്ല.

കാരണം, ആ കമ്മ്യൂണിക്കേഷൻ കോഴ്‌സ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപമായാണ് ബഫറ്റ് കരുതുന്നത്. പൊതുവേദിയിൽ സംസാരിക്കാനുള്ള ഭയത്തെ തരണം ചെയ്യാൻ ബഫറ്റിനെ സഹായിച്ചത് ഈ കോഴ്സാണ്. ആ ഭയത്തെ നേരിടാൻ സാധിച്ചതാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

കമ്മ്യൂണിക്കേഷൻ സ്കില്ലിനെക്കുറിച്ചുള്ള ബഫറ്റിന്റെ കാഴ്ചപ്പാട് തീർത്തും ശരിയാണ്. കാരണം, ഈ നൈപുണ്യത്തെ നാം അവഗണിച്ചാൽ, വഴിമുട്ടുന്നത് നമ്മുടെ ബിസിനസും കരിയറും ആയിരിക്കും.

പലപ്പോഴും വേണ്ടവിധം സമയമോ ശ്രദ്ധയോ നൽകാൻ നാം തയ്യാറാകാത്ത ഒരു മേഖലയാണ് നമ്മുടെ കമ്മ്യൂണിക്കേഷൻ സ്കിൽ. മറ്റുള്ളവർ പറയുന്നത് നാം ശരിയായി കേൾക്കുന്നുണ്ടോ, നമ്മൾ പറയുന്ന കാര്യം വേണ്ട വിധം മറ്റുള്ളവർക്ക് മനസിലാകുന്നുണ്ടോ? ഇക്കാര്യങ്ങളിൽ ഇനിയെങ്കിലും നമ്മൾ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്.

നാം നമ്മെത്തന്നെ മാറി നിന്ന് വീക്ഷിച്ചാൽ ആശയവിനിമയം പൂർണമാണോ, ശരിയായ രീതിയിലാണോ എന്നെല്ലാം കണ്ടറിയാൻ സാധിക്കും. ഇതിനായി ഒരു കമ്മ്യൂണിക്കേഷൻ ഹെൽത്ത് ചെക്ക് അപ്പ് നടത്തിയാൽ നന്നായിരിക്കും. അതിനായി താഴെപ്പറയുന്ന ചില ചോദ്യങ്ങൾക്ക് നിങ്ങളോടു തന്നെ ചോദിക്കാം.

  • മറ്റുള്ളവർ സംസാരിക്കുമ്പോൾ അവർ പറയുന്നതെന്താണെന്ന് പൂർണമായും നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? അതോ നിങ്ങൾ പറയാൻ പോകുന്ന മറുപടിയെക്കുറിച്ചാണോ കൂടുതൽ ചിന്തിക്കുക?
  • നിങ്ങൾ സംസാരിക്കുമ്പോൾ മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ കഴിയാറുണ്ടോ? നിങ്ങളുടെ സംസാരം പൂർത്തിയാകുന്നതിന് മുൻപ് അവരുടെ ശ്രദ്ധ മറ്റുള്ള കാര്യങ്ങളിലേക്ക് മാറുന്നുണ്ടോ?
  • നിങ്ങൾ സമർത്ഥിക്കാൻ ശ്രമിക്കുന്ന പോയ്‌ന്റ് മറ്റുള്ളവർക്ക് മനസിലാകാറുണ്ടോ? അതോ വീണ്ടും വീണ്ടും വിശദീകരിക്കേണ്ടി വരാറാണോ പതിവ്?
  • തുറന്ന മനസോടെയാണോ മറ്റുള്ളവർ പറയുന്നത് നിങ്ങൾ കേൾക്കുക? അതോ ഒരു മുൻധാരണയോടെയാണോ നിങ്ങൾ കേൾക്കുന്നത്?
  • എപ്രകാരമുള്ള ചോദ്യമാണ് നിങ്ങൾ അധികവും ചോദിക്കുക? യെസ് ഓർ നോ ചോദ്യങ്ങളാണോ, അതോ മറ്റുള്ളവർക്ക് അവരുടെ കാഴ്ചപ്പാടുകൂടി വിശദീകരിക്കാൻ സാധിക്കുന്നതരം ചോദ്യങ്ങളാണോ?
  • നിങ്ങളുടെ ആശയവിനിമയ ശൈലി ഫ്ലെക്സിബിൾ ആണോ? ഒരു വിഷയത്തിൽ നിന്ന് മറ്റൊന്നുലേക്ക് ആയാസമില്ലാതെ ചുവടുമാറാൻ നിങ്ങൾക്ക് കഴിയാറുണ്ടോ?
  • വാക്കുകൾ കൊണ്ടല്ലാതെ എത്രമാത്രം ആശയവിനിമയം നടത്താൻ നിങ്ങൾക്കാവും? നിങ്ങളുടെ ബോഡി ലാംഗ്വേജ് എന്താണ്? ശബ്ദത്തിന്റെ ടോൺ എന്താണ്? ഐ കോൺടാക്ട് എങ്ങിനെയാണ്?

ഈ ചോദ്യങ്ങളെല്ലാം നിങ്ങളോടു തന്നെ ചോദിച്ച് ഉത്തരം കിട്ടിക്കഴിഞ്ഞാൽ, നിങ്ങളുടെ കമ്മ്യൂണിക്കേഷൻ അപ്ഗ്രേഡ് ചെയ്യാനുള്ള അത്യാവശ്യം വേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് മനസിലാകും.

അതനുസരിച്ച് അല്പം മാറ്റങ്ങൾ വരുത്തിയാൽ നിങ്ങൾ ഒരു മികച്ച കമ്മ്യൂണിക്കേഷൻ സ്‌കിൽ ഉള്ള വ്യക്തിയായി മാറുന്നത് സ്വയമേ കണ്ടറിയാം!

Related Articles

Next Story

Videos

Share it