പണത്തെ പറ്റി പഠിക്കാം, പഠിപ്പിക്കാം

മുരളി തുമ്മാരുകുടി

സാമ്പത്തികമായി നമ്മുടെ സമൂഹം പുരോഗതി നേടുകയാണെങ്കിലും സമ്പത്തിനെപ്പറ്റിയുള്ള സമൂഹത്തിന്റെ ധാരണകള്‍ ഇപ്പോഴും പഴയ നൂറ്റാണ്ടിലേത് തന്നെയാണ്.

പണ്ടുകാലത്ത് കുരുമുളക് കയറ്റിയയച്ച് പണം മണ്ണില്‍ കുഴിച്ചിടുകയും സ്വര്‍ണമാക്കി നിലവറയില്‍ പൂഴ്ത്തിവെക്കുകയും ചെയ്ത പൂര്‍വ്വികരുടെ പാത പിന്തുടര്‍ന്ന്, പുതിയ തലമുറ പുറംനാട്ടില്‍ പോയി അധ്വാനിച്ചുണ്ടാക്കുന്ന പണമത്രയും സ്വര്‍ണമാക്കിയും ഭൂമി വാങ്ങിയും സമൂഹത്തിന് പ്രയോജനകരമല്ലാത്ത രീതിയില്‍ വിനിയോഗിക്കുകയാണ്. കേരളം പുരോഗതി പ്രാ പിക്കണമെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക സാക്ഷരത കൂടിയേ തീരൂ.

മൂന്നു തലത്തിലാണ് കേരളത്തില്‍ സാമ്പത്തിക സാക്ഷരത വേണ്ടത്. ഒന്നാമതായി ധനത്തെപ്പറ്റി ഒരു അടിസ്ഥാന ധാരണ എല്ലാവര്‍ക്കും ഉണ്ടാകണം. ഇത് പ്ലസ് ടു വിദ്യാഭ്യാസ കാലത്ത് തന്നെ നിര്‍ബന്ധവുമാക്കണം. എന്താണ് പണം? എന്താണ് റിയല്‍ എസ്റ്റേറ്റ്? എന്തൊക്കെയാണ് വിവിധ നിക്ഷേപ മാര്‍ഗങ്ങളുടെ ഗുണവും ദോഷവും? ഷെയര്‍ മാര്‍ക്കറ്റിലെ വിവിധ നിക്ഷേപ സാധ്യതകള്‍ ഏതെല്ലാം?

ബാങ്ക് ഡിപ്പോസിറ്റുകള്‍, വായ്പകള്‍, എന്നീ മിനിമം കാര്യങ്ങളെങ്കിലും എല്ലാ കുട്ടികളും പഠിച്ചിരിക്കണം.

കൂടുതല്‍ പ്രൊഫഷണലാവാം

രണ്ടാമത്തെ ലെവലിലെ പാഠങ്ങള്‍ കേരളത്തിലെ വിവിധ സാമ്പത്തിക സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ്. ബാങ്ക്, സ്റ്റോക്ക് ബ്രോക്കര്‍, സഹകരണ സംഘങ്ങള്‍, സ്വര്‍ണപ്പണയം, റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ എന്നീ വിഭാഗങ്ങളൊക്കെ പണം എങ്ങനെ ശരിയായി വിന്യസിക്കണമെന്നും അതിന്റെ റിസ്‌ക്ക് മാനേജ്‌മെന്റ് എങ്ങനെയാണെന്നുമൊക്കെ ആഴത്തിലറിയാവുന്നവര്‍ ആയിരിക്കണം.

ഇപ്പോള്‍ ഈ രംഗത്ത് ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും ആ സ്ഥാപനത്തില്‍ ചേര്‍ന്നതിനു ശേഷം കിട്ടിയ പരിചയവും അറിവും പരിശീലനവും ഒഴിച്ചാല്‍ അടിസ്ഥാനപരമായ ഒരറിവും ഈ മേഖലയില്‍ നേടിയവരല്ല. റിയല്‍ എസ്റ്റേറ്റ് പോലുള്ള സാമ്പത്തിക രംഗത്ത് പ്രൊഫഷണലിസം തൊട്ടുതീണ്ടിയിട്ടില്ല.

സ്ഥലവും ഫ്‌ളാറ്റും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നത് ഒരു ദേശീയ വിനോദമായി മാറിയ നാട്ടില്‍ റിയല്‍ എസ്റ്റേറ്റിന്റെ സാമ്പത്തികവശങ്ങളെപ്പറ്റി പഠിപ്പിക്കുന്ന കോഴ്‌സുകള്‍ ഒറ്റ യൂണിവേഴ്‌സിറ്റിയില്‍ പോലുമില്ല എന്നത് അതിശയമേയല്ല.

അതേസമയം തന്നെ പതിനായിരക്കണക്കിന് കുട്ടികളാണ് കഴിഞ്ഞ നൂറ്റാണ്ടില്‍ ഉണ്ടാക്കിയ പഴഞ്ചന്‍ സിലബസുമായി വിവിധ ഡിഗ്രികള്‍ പാസായി ഈ രംഗത്ത് തൊഴില്‍ നേടുന്നത്. ഇത് സമൂഹത്തിന് വലിയ വിപ ത്താണ്. ആവശ്യമുള്ള കാര്യങ്ങള്‍ കുട്ടികള്‍ പഠിക്കാതിരിക്കുകയും ആവശ്യമില്ലാത്ത കാര്യങ്ങള്‍ പഠി ക്കാനായി സമയം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

ഈ രണ്ടു വിഭാഗങ്ങളിലും പെടാത്ത മറ്റൊരു തല ത്തില്‍ കൂടി കേരളത്തില്‍ സാമ്പത്തിക വിഷയങ്ങളെപ്പറ്റിയുള്ള വിദ്യാഭ്യാസം വേണം. ഇത് കേരളത്തിലെ ആളുകളുടെ വിശ്വാസവും ചിന്താഗതികളും അനുസരിച്ചുള്ള ഫിനാന്‍ഷ്യല്‍ പ്രോഡക്റ്റ് വികസിപ്പിച്ചെടുക്കുന്നതിന് വേണ്ടിയുള്ള പരിശീലനമാണ്.

കൊളംബിയ യൂണിവേഴ്‌സിറ്റിയിലൊക്കെയുള്ള ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിംഗ്, ജനീവ ബിസിനസ് സ്‌കൂളിലെ ഇസ്ലാമിക് ബാങ്കിംഗ് മാസ്റ്റേഴ്‌സ് പോലെയുള്ള പഠനശാഖകള്‍ കേരളത്തില്‍ ലഭ്യമാക്കണം. അതനുസരിച്ച് കേരളത്തിലെ ആളുകള്‍ക്ക് നിക്ഷേപ അവസരങ്ങള്‍ ഉണ്ടാകണം.

നമ്മുടെ പണം മണ്ണിലും സ്വര്‍ണത്തിലും കെട്ടിക്കിടക്കാതെ വ്യക്തിപരമായ ലാഭത്തിനോടൊപ്പം സമൂഹത്തിന് കൂടി ഉപയോഗപ്രദമായ രീതിയില്‍ സമ്പദ്‌വ്യവസ്ഥയില്‍ കറങ്ങാന്‍ തുടങ്ങണം. പക്ഷെ, നമ്മുടെ യൂണിവേഴ്‌സിറ്റി സംവിധാനങ്ങളില്‍ പുതിയ കോഴ്‌സുകള്‍ തുടങ്ങുക എന്നതൊക്കെ വര്‍ഷങ്ങളെടുത്ത് മറികടക്കേണ്ടുന്ന കടമ്പകളാണ്. അതേസമയം നമ്മള്‍ ബുദ്ധിമുട്ടി ഒരു കോഴ്‌സ് തുടങ്ങിയാല്‍ തന്നെ അത് പുതിയതും പുതുമയുള്ളതും ആണെങ്കില്‍ പോലും അതിനെ അംഗീകരിക്കാന്‍ മറ്റു യൂണിവേഴ്‌സിറ്റികളും പിഎസ്‌സി പോലുള്ള ഔദ്യോഗിക സംവിധാനങ്ങളും മടിക്കും.

അതുകൊണ്ടാണ് നൂറു കൊല്ലമായി മാറ്റമില്ലാത്ത ബിഎസ്‌സിയും, അമ്പത് കൊല്ലമായി മാറ്റമില്ലാത്ത സിലബസും, ഈ നൂറ്റാണ്ടിലേതല്ലാത്ത പഠന രീതികളുമായി നാം മുന്നോട്ട് പോകുന്നത്. അതുകൊണ്ടു തന്നെ ആധുനികമായ വിഷയങ്ങള്‍ പഠിക്കാന്‍ നമുക്ക് പുതിയ പഠനരീതികള്‍ വശത്താക്കേണ്ടി വരും.

ചുവടുവയ്ക്കാം ഓണ്‍ലൈന്‍ വിപ്ലവത്തിനൊപ്പം

ഓണ്‍ലൈന്‍ രംഗത്ത് നടക്കുന്ന വിദ്യാ ഭ്യാസ വിപ്ലവം നമുക്ക് ഈ കാര്യത്തില്‍ ഉപയോഗിക്കാവുന്നതാണ്. ഫിനാന്‍ഷ്യല്‍ എന്‍ജിനീയറിംഗിലും മറ്റുമുള്ള കോഴ്‌സുകള്‍ നമുക്ക് ഓണ്‍ലൈന്‍ പഠിക്കാനുള്ള സൗകര്യം ഉണ്ട്. ലോകത്തെ മികച്ച സ്ഥാപനങ്ങളും ആയി ചേര്‍ന്ന് നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഹ്രസ്വകാലത്തെ ഡിപ്ലോമയോ സര്‍ട്ടിഫിക്കറ്റ് കോഴ്‌സോ ഒക്കെ നടത്താം.

നമ്മുടെ സ്‌കൂള്‍ തലത്തില്‍ നിര്‍ബന്ധിതമായി ധന സമ്പാദനവും വിനിയോഗവും എന്ന വിഷയത്തെ പറ്റി ഒരു നിര്‍ബന്ധ വിഷയം ഉണ്ടാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. അതുപോലെ തന്നെ യൂണിവേഴ്‌സിറ്റികളിലെ സിലബസ് എല്ലാം കാലാനുസൃതമായി മാറ്റുകയും വേണം.

(ഐക്യരാഷ്ട്ര സംഘടനാ പരിസ്ഥിതിക വിഭാഗത്തിലെ ഡിസ്റ്റാര്‍ റിസ്‌ക് റിഡക്ഷന്‍ തലവനാണ് ലേഖകന്‍)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it