ലോക്ഡൗണ്‍ കൊണ്ട് ജീവിതം മാറ്റാം, ഹാര്‍വാര്‍ഡ് സൗജന്യമായി തരുന്നത് 67 ഓണ്‍ലൈന്‍ കോഴ്‌സുകള്‍!

ജീവിതത്തില്‍ ഉയരങ്ങളിലെത്താന്‍ ആഗ്രഹിക്കുന്ന പലരുടെയും നഷ്ടസ്വപ്‌നങ്ങളിലൊന്നാണ് ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റികളിലെ പഠനം. പ്രത്യേകിച്ച് ഐവി ലീഗ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് ഒരു കോഴ്‌സ് പൂര്‍ത്തിയാക്കുകയെന്നത് സാധാരണക്കാരെ സംബന്ധിച്ചടത്തോളം അത്ര എളുപ്പമല്ല. അതിസമര്‍ത്ഥര്‍ക്ക് മാത്രമേ ഇവിടെ പ്രവേശനം ലഭിക്കുകയുള്ളുവെന്ന് മാത്രമല്ല കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ വലിയ തുക മുടക്കേണ്ടിവരും. എന്നാല്‍ ഈ ലോക്ഡൗണ്‍ ദിനങ്ങളില്‍ നിങ്ങള്‍ക്ക് അവരുടെ തെരഞ്ഞെടുക്കപ്പെട്ട കോഴ്‌സുകള്‍ പഠിക്കാന്‍ സാധിക്കും. ഒരു ചെലവുമില്ലാതെ, വീട്ടിലിരുന്നുകൊണ്ട്.

ഹാര്‍വാര്‍ഡ്, കോണെല്‍, ബ്രൗണ്‍, കൊളംബിയ, പ്രിന്‍സ്ടണ്‍, ഡാര്‍ട്ട്മൗത്ത്, യെല്‍, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയ തുടങ്ങിയ എട്ട് ഐവി ലീഗ് യൂണിവേഴ്‌സിറ്റികള്‍ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തിയാര്‍ജ്ജിച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ലോക്ഡൗണ്‍ കാലത്തെ പ്രത്യേക സ്ഥിതിവിശേഷം കണക്കിലെടുത്ത് കംപ്യൂട്ടര്‍ സയന്‍സ്, ഡാറ്റ സയന്‍സ്, പ്രോഗ്രാമിംഗ്, ഹ്യുമാനിറ്റീസ്, ബിസിനസ്, ആര്‍ട്ട് & ഡിസൈന്‍, സോഷ്യല്‍ സയന്‍സസ്, ഹെല്‍ത്ത് & മെഡിസിന്‍, എന്‍ജീനിയറിംഗ്, എഡ്യുക്കേഷന്‍ & ടീച്ചിംഗ്, മാത്ത്മാറ്റിക്‌സ്, പെഴ്‌സണല്‍ ഡെവലപ്‌മെന്റ് തുടങ്ങിയ നിരവധി വിഷയങ്ങളിലാണ് സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കുന്നത്. ഇതെല്ലാം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നത്.

മികച്ച അവസരം

ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ പഠിക്കുന്നതിന് നിങ്ങളുടെ പ്രായം ഒരു പ്രശ്‌നമേയല്ലെന്ന് ഓര്‍ക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴില്‍ സാധ്യതകള്‍ക്കും പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ കരിയറിലെ ഉന്നതിക്കായും സംരംഭകര്‍ക്ക് തങ്ങളുടെ സ്ഥാപനത്തെ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കുന്നതിനും മുന്തിയ യൂണിവേഴ്‌സിറ്റികളിലെ ഓണ്‍ലൈന്‍ കോഴ്‌സുകളെ പ്രയോജനപ്പെടുത്താം. ഓരോരുത്തരുടെ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളതും തങ്ങള്‍ വളരാന്‍ ആഗ്രഹിക്കുന്ന മേഖലയിലുള്ളതുമായ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

രാജ്യത്തെ ഐഐഎമ്മുകളും ഐഐറ്റികളും സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. വിവിധ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നല്‍കിയിരുന്ന യുഡെമി എന്ന പോര്‍ട്ടലും തങ്ങളുടെ ചില കോഴ്‌സുകള്‍ ലോക്ഡൗണ്‍ പ്രമാണിച്ച് സൗജന്യമാക്കിയിട്ടുണ്ട്.

സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സുമായി റ്റിസിഎസും

കരിയര്‍ സാധ്യതകള്‍ കൂട്ടുന്ന ഹൃസ്വകാല ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സൗജന്യമായി ഒരുക്കിയിരിക്കുകയാണ് റ്റിസിഎസ്. ഇവരുടെ iON ഡിജിറ്റല്‍ ലേണിംഗ് ഹബ് പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍ അസസ്‌മെന്റ് & സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം ആണ് അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോകള്‍, കേസ് സ്റ്റഡികള്‍, അസൈന്‍മെന്റുകള്‍ എന്നിവ അടങ്ങുന്നതാണ് പ്രോഗ്രാം. കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണിത്.

64 കോഴ്‌സുകളുമായി ഹാര്‍വാര്‍ഡ്

ആര്‍ട്ട്, സയന്‍സ്, ബിസിനസ്, കംപ്യൂട്ടര്‍ സയന്‍സ്, മെഡിസിന്‍, ഡാറ്റ സയന്‍സ്, പ്രോഗ്രാമിംഗ് സയന്‍സ്, ഹ്യുമാനിറ്റീസ് തുടങ്ങിയ വിവിധ 11 വിഷയങ്ങളില്‍ 64 ഓണ്‍ലൈന്‍ കോഴ്‌സുകളാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. ഇതില്‍ സൗജന്യ കോഴ്‌സുകളും സര്‍ട്ടിഫൈഡ് കോഴ്‌സുകളുമുണ്ട്.

online-learning.harvard.edu എന്ന വെബ്‌സൈറ്റ് വഴിയാണ് ഹാര്‍വാഡിന്റെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ പഠിക്കാനാകുന്നത്. ഓരോ കോഴ്‌സിന്റെയും ദൈര്‍ഘ്യം വ്യത്യസ്തമാണ്. എങ്ങനെ ഹാര്‍വാര്‍ഡിന്റെ കോഴ്‌സില്‍ എന്റോള്‍ ചെയ്യാനാകുമെന്ന് നോക്കാം.

$ online-learning.harvard.edu എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

$ ലിസ്റ്റില്‍ നിന്ന് നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിഷയം തെരഞ്ഞെടുക്കുക. അത് പുതിയൊരു പേജിലേക്ക് നിങ്ങളെ കൊണ്ടുപോകും.

$ പുതിയ പേജില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളിലുള്ള കോഴ്‌സുകള്‍ കാണാനാകും. ഇഷ്ടപ്പെട്ട കോഴ്‌സ് തെരഞ്ഞെടുക്കുക.

$ കോഴ്‌സിന്റെ ദൈര്‍ഘ്യം, ആവശ്യമായ സമയം, കോഴ്‌സിന്റെ ഭാഷ, മറ്റ് വിശദാംശങ്ങള്‍ എന്നിവ പരിശോധിക്കുക.

$ യൂണിവേഴ്‌സിറ്റിയുടെ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് കൊടുക്കേണ്ടതുണ്ട്. 'എന്റോള്‍' ക്ലിക്ക് ചെയ്ത് അഡ്മിഷന്‍ പ്രോസസ് പൂര്‍ത്തിയാക്കുക.

$ നിങ്ങള്‍ക്ക് ഒരു കണ്‍ഫര്‍മേഷന്‍ നമ്പറും മെയ്‌ലും ലഭിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it