52 ശതമാനം സിഇഓ കള്‍ക്കും തൊഴില്‍ നഷ്ടമായേക്കും? പുതിയ വെളിപ്പെടുത്തലുമായി സിഐഐ സര്‍വേ

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് വിവിധമേഖലകളില്‍ വന്നേക്കാവുന്ന തൊഴില്‍ നഷ്ടത്തിന്റെ കണക്കുകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കോര്‍പ്പറേറ്റ് മേധാവികളില്‍ 52 ശതമാനം പേരും തൊഴില്‍ നഷ്ടം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിഐഐ സിഇഒ സ്‌നാപ്പ് പോള്‍ ഫലം പുറത്തു വന്നിരിക്കുകയാണ്.

52 ശതമാനം സിഇഒമാരും അതത് മേഖലകളിലെ തൊഴില്‍ നഷ്ടം പ്രതീക്ഷിക്കുന്നുവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ 46 ശതമാനം സിഇഒമാരും ജോലി വെട്ടിക്കുറവ് പ്രതീക്ഷിക്കുന്നില്ലെന്നും ബാക്കി രണ്ട് ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പില്ലെന്നും സര്‍വേ കണ്ടെത്തി. 47 ശതമാനം കമ്പനികള്‍ 15 ശതമാനം വരെ തൊഴില്‍ നഷ്ടവും 32 ശതമാനം പേര്‍ 15 മുതല്‍ 30 ശതമാനം വരെ തൊഴില്‍ നഷ്ടവും പ്രതീക്ഷിക്കുന്നുവെന്നും, സിഐഐ സര്‍വേയില്‍ പറയുന്നു. സിഐഐ നടത്തിയ ഓണ്‍ലൈന്‍ പോളിലാണ് വിവിധ മേഖലകളിലുടനീളമുള്ള 200 ഓളം സിഇഒമാര്‍ പങ്കെടുത്തത്.

വിവിധ മേഖലയിലെ സ്ഥാപനങ്ങളും വരുമാനം 10 ശതമാനത്തില്‍ കൂടുതല്‍ കുറയുമെന്നും ലാഭം 5 ശതമാനത്തില്‍ കൂടുതല്‍ കുറയുമെന്നും പ്രതീക്ഷിക്കുന്നതായും പോള്‍ വ്യക്തമാക്കുന്നു. അവശ്യവസ്തുക്കളുടെ നിര്‍മാണം, ഗതാഗതം, വിതരണം എന്നിവയാണ് വിവിധ മേഖലകളിലെ പ്രധാന തടസ്സങ്ങള്‍ എന്നും സിഐഐ പോള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ എന്തു ചെയ്യണമെന്നും പോളില്‍ വ്യക്തമായ അഭിപ്രായങ്ങള്‍ തെളിഞ്ഞു. വ്യവസായത്തിന് കരുത്തേകാന്‍ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കാനും ഫാസ്റ്റ് ട്രാക്ക് മോഡില്‍ നടപ്പാക്കാനും സര്‍ക്കാരിന് കഴിയണം, കാരണം ലോക്ക്‌ഡൌണ്‍ പെട്ടെന്ന് വ്യവസായ പ്രവര്‍ത്തനങ്ങളെയും ഗണ്യമായ അനിശ്ചിതത്വത്തെയും ബാധിച്ചുവെന്ന് സര്‍വേയെക്കുറിച്ച് സിഐഐ ഡയറക്ടര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it