ഫാസ്റ്റ്-ട്രാക്ക് വിസയുമായി കാനഡ വിളിക്കുന്നു; ടെക്കികളെ ഇതിലേ, ഇതിലേ

വിദഗ്ധരായ വിദേശ പ്രൊഫഷണലുകളെ ആകർഷിക്കാനുള്ള കാനഡയുടെ പുതിയ സ്കീം ഫലം കണ്ടുതുടങ്ങി. രണ്ടുവർഷം മുൻപേ ആരംഭിച്ച 'ഗ്ലോബൽ സ്‌കിൽസ് സ്ട്രാറ്റജി' എന്നറിയപ്പെടുന്ന സ്കീം ഏകദേശം 24,000 വിദേശീയരെ ഇതുവരെ കാനഡയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു.

യുഎസ് തങ്ങളുടെ ഇമിഗ്രേഷൻ നയങ്ങൾ കൂടുതൽ കർശനമാക്കിയതും കാനഡ തെരെഞ്ഞെടുക്കൻ ടെക്നോളജി പ്രൊഫഷണലുകളെ പ്രേരിപ്പിക്കുന്നുണ്ട്. വർക്ക് പെർമിറ്റുകൾക്ക് അനുവദിക്കുന്ന ഫ്ലെക്സിബിലിറ്റിയാണ് 'ഗ്ലോബൽ സ്‌കിൽസ് സ്ട്രാറ്റജി'യെ ആകർഷകമാക്കുന്നത്.

സോഫ്റ്റ് വെയർ എഞ്ചിനീയറിംഗ് പോലുള്ള വിഭാഗങ്ങളിൽ വളരെക്കുറഞ്ഞ കാലയളവിന് പോലും വർക്ക് പെർമിറ്റ് നൽകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഏറ്റവും കുറഞ്ഞ കാലാവധി രണ്ടാഴ്ച്ചയാണ്.

ഈ സ്കീമിന് കീഴിൽ മാനേജർമാർ, ഗവേഷകർ തുടങ്ങിയ ചില വിഭാഗക്കാർക്ക് ചെറിയ കാലയളവുകളിലേക്ക് പെർമിറ്റ് വേണമെന്നില്ലെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

രണ്ടാഴ്ചക്കാലത്തേയ്ക്കുള്ള വർക്ക് പെർമിറ്റ് കനേഡിയൻ ടെക്ക് കമ്പനികളുടെ പ്രവർത്തന രീതി തന്നെ മാറ്റിമറിച്ചെന്നാണ് ഇമിഗ്രേഷൻ മന്ത്രി അഹമ്മദ് ഹുസൈനെ ഉദ്ധരിച്ച് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

കാനഡയിലേക്ക് എത്തുന്നവരിൽ നാലിലൊന്നും യുഎസിൽ ജോലി ചെയ്യുന്ന ഇമിഗ്രന്റ് ടെക്കികളാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ കർക്കശമായ ഇമിഗ്രേഷൻ നയങ്ങളിൽ അതൃപ്തരായ പ്രൊഫഷനലുകളാണ് ഇക്കൂട്ടർ.

ഫാസ്റ്റ് ട്രാക്ക് വിസയ്ക്ക് അപേക്ഷിച്ചവരുടെ ഒപ്പം 16,000 കുടുംബാംഗങ്ങളും ഉണ്ട്. കാനഡയിൽ ജോലി ചെയ്യാൻ വിദ്യാഭ്യാസ, തൊഴിൽ യോഗ്യതയുള്ളവരാണിവർ എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കമ്പ്യൂട്ടർ, മീഡിയ പ്രോഗ്രാമർമാർ, സോഫ്റ്റ് വെയർ എൻജിനീയർമാർ, യൂണിവേഴ്‌സിറ്റി പ്രൊഫസർമാർ എന്നിവരാണ് കാനഡയുടെ ഉദാര വിസാ നയത്തിന്റെ ഇതുവരെയുള്ള ഗുണഭോക്താക്കൾ.

മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയും ജനസംഖ്യയിൽ ഭൂരിഭാഗം പേർക്കും പ്രായമേറുന്നതും കാനഡ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഇതിനെ മറികടക്കാൻ മൈഗ്രേഷൻ സഹായിക്കുമെന്നാണ് സർക്കാർ കരുതുന്നത്.

കഴിഞ്ഞ വർഷം 321,065 വിദേശ പൗരന്മാരാണ് കാനഡയിൽ എത്തിയത്. 1913 ന് ശേഷമുള്ള ഏറ്റവും വലിയ സംഖ്യയാണിത്. ഇതുമൂലം കാനഡയുടെ മൊത്തം ജനസംഖ്യയിൽ ഉണ്ടായ വർദ്ധനവ് 528,421 ആണ്. 1950 ന് ശേഷമുള്ള ഏറ്റവും വലിയ വർധനവാണിത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it