'ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഗുണങ്ങളറിയൂ'; ബോധവല്‍ക്കരണ നീക്കവുമായി മുരളി തുമ്മാരുകുടി

വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആക്കേണ്ട കാലമാണ് വന്നിരിക്കുന്നതെന്നും പരിമിതികള്‍ മനസിലാക്കി അതിന്റെ ഭാഗമാകാന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും സന്നദ്ധരാകണമെന്നും യു.എന്‍ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. ലോക്ഡൗണ്‍ ലോകത്തെവിടെയും വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കിയിരിക്കവേ തല്‍ക്കാലം ഏറ്റവും മികച്ച ബദല്‍ മാര്‍ഗമാണിതെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ലെന്നതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനവുമായി കഴിഞ്ഞ എട്ടു വര്‍ഷത്തെ പരിചയം വെച്ച്, കുറച്ചു പാഠങ്ങള്‍ ലേഖനങ്ങളായും വെബ്ബിനാര്‍ ആയും താന്‍ വരും ദിവസങ്ങളില്‍ പങ്കുവെക്കുമെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം അറിയിച്ചു.ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍:

'ലോക്ഡൗണ്‍ ലോകത്തെവിടെയും വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കിയിരിക്കയാണ്. യുനെസ്‌കോയുടെ കണക്കനുസരിച്ച് 154 കോടി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസമാണ് തടസപ്പെട്ടിരിക്കുന്നത്. ഇതില്‍ 32 കോടിയും ഇന്ത്യയിലാണ്. കേരളത്തില്‍ ഈ സംഖ്യ എത്ര വരും, 75 ലക്ഷം?

ലോക്ഡൗണ്‍ തുടങ്ങിയത് കേരളത്തിലെ അക്കാദമിക്ക് വര്‍ഷത്തിന്റെ അവസാനമാസമായ മാര്‍ച്ചില്‍ ആയതിനാലും ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ ജീവല്‍ ഭയമാണ് മുന്നിട്ട് നിന്നത് എന്നതിനാലും ഈ വിഷയത്തില്‍ ഇപ്പോള്‍ കോഴ്സുകളുടെ അവസാനവര്‍ഷം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും അല്ലാതെ അത്രയധികം ആശങ്ക ഉണ്ടായില്ല. ഒന്ന് രണ്ടു കര്‍വുകള്‍ ഫ്‌ളാറ്റാക്കി കൊറോണയെ കേരളം പിടിച്ചു കെട്ടി എന്ന ആത്മവിശാസം വന്നതോടെ, നമ്മുടെ പുതിയ അധ്യയനവര്‍ഷം തുടങ്ങുന്ന ജൂണ്‍ ഒന്ന് അടുത്തുവരുന്നതോടെ കാര്യങ്ങള്‍ മാറുകയാണ്. ഇപ്പോള്‍ സ്‌കൂള്‍ കോളേജ് സംവിധാനങ്ങളും അധ്യാപകരും മാതാപിതാക്കളും വിദ്യാര്‍ത്ഥികളുമെല്ലാം എങ്ങനെയാണ് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്, ആശങ്കപ്പെടുകയാണ്.

തല്‍ക്കാലം ഓണ്‍ലൈനിലേക്ക് ചുവടുമാറുക, ബാക്കി പിന്നെ കാണാം എന്നൊരു മനോഭാവത്തിലാണ് ലോകമെമ്പാടും കാര്യങ്ങള്‍ നീങ്ങുന്നത്. ജനീവയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഓണ്‍ലൈനില്‍ പഠനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നത് വരെ (സെപ്റ്റംബര്‍ ഒന്ന്) കാര്യങ്ങള്‍ ഇങ്ങനെ തന്നെ പോകട്ടെ എന്നാണ് ഇവിടുത്തെ തീരുമാനം.

എന്നാല്‍ ലോകത്തെല്ലായിടത്തും ഇതത്ര എളുപ്പമല്ല. ഓണ്‍ലൈന്‍ ടീച്ചിങ്ങ് നടത്താനും അത് വീട്ടിലിരുന്ന് കാണാനുമുള്ള കമ്പ്യൂട്ടര്‍/ടാബ്ലെറ്റ് സംവിധാനങ്ങള്‍ കേരളത്തില്‍ എല്ലവര്‍ക്കും ഉണ്ടായി എന്ന് വരില്ല, ഇന്റര്‍നെറ്റിന്റെ പ്രശ്‌നങ്ങളുമുണ്ട്. ക്‌ളാസുകള്‍ ടെലിവിഷനില്‍ ആക്കാം എന്നുവെച്ചാല്‍ ഒരു ചാനലില്‍ ഒരു ദിവസം ഏതൊക്കെ ക്ളാസ്സുകളില്‍ ഏതൊക്കെ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പറ്റും എന്നതിന് പരിമിതികളുണ്ട്. അഭ്യസ്തവിദ്യരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം കഴിഞ്ഞാല്‍ കൂടുതല്‍ പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ അവരുണ്ട്, മറ്റുള്ളവര്‍ക്ക് അത് സാധിക്കില്ല. അങ്ങനെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം വലിയ ബുദ്ധിമുട്ടുണ്ടാക്കും. സമൂഹത്തിലുള്ള ഉച്ചനീചത്വങ്ങള്‍ ഡിജിറ്റല്‍ ആപ്പ് കൊണ്ട് കൂടുതല്‍ വലുതാകുകയും ചെയ്യും.

ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും തല്‍ക്കാലം മറ്റൊരു മാര്‍ഗ്ഗമില്ല. ഉളള പരിമിതമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും ഓണ്‍ലൈനിലേക്ക് ചുവടുമാറുകയാണ്. ഇപ്പോള്‍ നടക്കുന്ന വെബ്ബിനാര്‍ വിപ്ലവം അതിന്റെ മുന്നോടിയാണ്.

വ്യക്തിപരമായി എനിക്കിത് വലിയ വിഷമമുണ്ടാക്കുന്ന കാര്യമാണ്. വിദ്യാഭ്യാസം ഓണ്‍ലൈന്‍ ആകാന്‍ പോവുകയാണെന്നും കേരളത്തിന് അതിന് മുന്‍കൈ എടുക്കാമെന്നും ഞാന്‍ പറഞ്ഞു തുടങ്ങിയത് 2013 ലാണ്. 2014 ജനുവരിയില്‍ തിരുവനന്തപുരത്ത് കേരള ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഉന്നത വിദ്യാഭ്യാസ സമ്മേളനം നടത്താന്‍ അന്ന് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സലിന്റെ തലപ്പത്തുള്ള അംബാസഡര്‍ ശ്രീനിവാസനോടൊപ്പം ഞാന്‍ മുന്‍കൈ എടുത്തിരുന്നു. വിദ്യഭ്യാസം ഓണ്‍ ലൈന്‍ ആക്കുന്നതിനെ പറ്റിയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം സാര്‍വ്വ ത്രികമാക്കുന്നതിനെ പറ്റിയും ഒക്കെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനും യൂണിവേഴ്‌സിറ്റികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുന്നില്‍ വെച്ചിരുന്നു. സമ്മേളനം പാസാക്കിയ രേഖ ഇന്നെടുത്ത് വായിക്കുമ്പോള്‍ എത്രമാത്രം ഫ്യൂച്ചറിസ്റ്റിക് ആയിരുന്നു എന്ന് തോന്നും... ഇതും പതിവ് പോലെ ഷെല്‍ഫില്‍ ഉറങ്ങി.

പക്ഷെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യത മനസ്സിലാക്കിയിരുന്നതിനാല്‍ ഞാന്‍ ഈ വിഷയം ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിലും അവതരിപ്പിച്ചിരുന്നു. ദുരന്ത ലഘൂകരണവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ ഒരു ഓണ്‍ലൈന്‍ കോഴ്‌സ് 2015 ല്‍ നടത്തി. 183 രാജ്യങ്ങളില്‍ നിന്നുമായി 12000 പേര്‍ അതില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നും ധാരാളം പേര്‍ അതില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നേടിയിരുന്നു. ഇന്നിപ്പോള്‍ യാത്രകള്‍ അസാധ്യമായ സാഹചര്യത്തില്‍ ഒരു സ്വിച്ച് ഇടുന്ന ലാഘവത്തോടെ ക്ലാസ് റൂമില്‍ നിന്നും പഠനം ഓണ്‍ലൈന്‍ ആക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നത് ഇത്തരത്തിലുള്ള പരിശീലനം കൊണ്ടാണ്.

ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഒരു ബ്രേക്ഡൗണ്‍ ഉണ്ടാകുമ്പോള്‍ ആണ് പലപ്പോഴും ബ്രേക്ത്രൂ ഉണ്ടാകുന്നത് എന്ന് പറഞ്ഞത് അരുണ്‍ ഷൗരിയാണ്. ഇന്ത്യയില്‍ ഇപ്പോള്‍ ആ ബ്രേക്ഡൗണ്‍ - ബ്രേക്ത്രൂ കാലമാണ്. ഇതെങ്ങനെ നന്നായി ഉപയോഗിക്കാം എന്നതിലാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.

നമ്മുടെ സ്‌കൂള്‍ തലത്തിലെ പൊതു വിദ്യാഭ്യാസ സംവിധാനം ഒരു പരിധി വരെ ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. സ്വന്തമായ വിദ്യാഭ്യാസ ചാനല്‍ അവര്‍ക്കുണ്ട്. പക്ഷെ പൊതുവിദ്യാഭ്യാസത്തിന് പുറത്തുള്ള സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, മറ്റ് അധ്യയന സ്ഥാപനങ്ങള്‍ ഇവരൊന്നും ഓണ്‍ലൈന്‍ ക്‌ളാസുകള്‍ക്കായി ഒട്ടും തയ്യാറെടുത്തിട്ടില്ല. എന്നിട്ടും എല്ലാ പരിമിതികള്‍ക്കുമുള്ളില്‍ നിന്നുകൊണ്ട് അവരും പുതിയ സാഹചര്യത്തോടും സാങ്കേതിക വിദ്യകളോടും ഒരേ സമയം മല്ലടിക്കാന്‍ തയ്യാറെടുക്കുകയാണ്. കോടിക്കണക്കിന് രൂപ മുടക്കി സ്റ്റുഡിയോയില്‍ ഷൂട്ട് ചെയ്ത ക്ലാസുകളുമായിട്ടാണ്, ഒരു പവര്‍പോയിന്റുമായി ഓണ്‍ലൈന്‍ ക്ളാസ് നടത്താന്‍ എത്തുന്ന നാട്ടിലെ സ്‌കൂളിലെയോ കോളേജിലെയോ അധ്യാപകരെ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും താരതമ്യപ്പെടുത്തുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയ എല്ലായിടത്തു നിന്നും ഇത്തരത്തില്‍ പരാതികള്‍ പലത് വന്നു കഴിഞ്ഞു. കുറച്ചു ന്യായം, കൂടുതല്‍ അന്യായം.

ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംവിധാനവുമായി കഴിഞ്ഞ എട്ടു വര്‍ഷത്തെ പരിചയം വെച്ച്, അധ്യാപകര്‍ക്കും കുട്ടികള്‍ക്കും കുറച്ചു പാഠങ്ങള്‍ ഞാന്‍ വരും ദിവസങ്ങളില്‍ പങ്കുവെക്കാന്‍ പോവുകയാണ്. ലേഖനങ്ങളായും വെബിനാര്‍ ആയും അവ ഉണ്ടാകും. കൂടാതെ ഈ വിഷയത്തില്‍ കുട്ടികളുടെ, പ്രത്യേകിച്ചും സ്‌കൂള്‍ കുട്ടികളുടെ, മാതാപിതാക്കളേയും കുറച്ചു ബോധവല്‍ക്കരിക്കാനുണ്ട്. അതിന് പ്രത്യേക സെഷന്‍ ഉണ്ടാകും. ഈ വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കേണ്ടത് വിദ്യാഭ്യാസ വകുപ്പും യൂണിവേഴ്‌സിറ്റികളുമാണ്, അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നേരിട്ട് നല്‍കും. അധ്യാപകര്‍ ഈ വിഷയത്തില്‍ എന്ത് കാര്യങ്ങളില്‍ ആണ് നിങ്ങള്‍ക്ക് കൂടുതല്‍ സംശയങ്ങളും ആശങ്കകളും ഉള്ളത് എന്ന് പങ്കുവച്ചാല്‍ അവ വെബിനാറില്‍ കവര്‍ ചെയ്യാം. '

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it