2018-ൽ ദക്ഷിണ കൊറിയ വൻതോതിൽ 'കയറ്റുമതി' ചെയ്തത് ഇതാണ്!
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദക്ഷിണ കൊറിയ 'കയറ്റുമതി' ചെയ്യുന്നത് ഉൽപന്നങ്ങൾ മാത്രമല്ല. രാജ്യത്തെ തൊഴിലില്ലാത്ത അനേകായിരം ബിരുദധാരികളേക്കൂടിയാണ്. ലോകത്തെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ദക്ഷിണ കൊറിയയിൽ തൊഴിലവസരങ്ങൾ ഇല്ല എന്നതാണ് ഇതിനു കാരണം.
'ബ്രെയിൻ ഡ്രെയ്ൻ' എന്നതൊന്നുമല്ല കൊറിയയെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി; രാജ്യത്തെ യുവാക്കളെ ദാരിദ്ര്യത്തിലേക്ക് വഴുതിവീഴാതെ സംരക്ഷിക്കുകയെന്നതാണ്. ഇനി അതിനായി അവരെ വിദേശത്തേയ്ക്ക് പറഞ്ഞുവിടേണ്ടി വന്നാൽ പോലും, അതിനും തയ്യാറാണ് സർക്കാർ.
അഭ്യസ്ത വിദ്യരായ യുവാക്കളെ ജോലിക്കായി വിദേശ രാജ്യങ്ങളിലേക്ക് അയക്കാൻ ഗവൺമെന്റ് തന്നെ സ്പോൺസർ ചെയ്യുന്ന പ്രോഗ്രാമുകൾ ഉണ്ട്. അതിനായി രജിസ്റ്റർ ചെയ്യുന്ന ബിരുദധാരികളുടെ എണ്ണം എല്ലാവർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. 2013-ൽ ആരംഭിച്ച K-move എന്ന സർക്കാർ സ്പോൺസേർഡ് പ്രോഗ്രാം 70 രാജ്യങ്ങളിലെ തൊഴിലവസരങ്ങൾ ഇവർക്കു മുന്നിൽ നിരത്തുകയാണ്.
2018-ൽ 5,783 ബിരുദധാരികൾക്കാണ് K-move വിദേശങ്ങളിൽ ജോലി വാങ്ങിക്കൊടുത്തത്. 2013 നേക്കാളും മൂന്നിരട്ടിയാണിത്. ഇതിൽ മൂന്നിലൊരു ഭാഗം ജപ്പാനിലേക്കാണ് പോയത്. ജപ്പാനിൽ ഇപ്പോൾ ലേബർ ഷോർട്ടേജ് ആണ് ഏറ്റവും വലിയ പ്രശ്നം. തൊഴിലില്ലായ്മ 26 വർഷത്തെ കുറഞ്ഞ നിരക്കിലും. വിദേശത്ത് ജോലി നേടിയ കൊറിയക്കാരിൽ നാലിലൊരു ഭാഗം പേർ യുഎസിൽ തൊഴിൽ നേടി.
സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുടേതു പോലെ വിദേശത്തു ജോലിക്ക് പോകുന്നതിന് നിബന്ധനകളൊന്നും ദക്ഷിണ കൊറിയ വെച്ചിട്ടില്ല. ഒഇസിഡി രാജ്യങ്ങളിൽ വെച്ചേറ്റവും ഉയർന്ന വിദ്യാഭ്യാസം നേടിയ യുവാക്കളാണ് കൊറിയയിലുള്ളത്.
വെറും 97,000 തൊഴിലവസരങ്ങളാണ് കൊറിയ കഴിഞ്ഞ വർഷം സൃഷ്ടിച്ചത്. ആഗോള മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന സംഖ്യയാണിത്. 2013-ൽ അഞ്ചിലൊരു വ്യക്തി തൊഴിലില്ലായ്മ അനുഭവിച്ചിരുന്നു. ഈ മാർച്ചിലെ കണക്കനുസരിച്ച് നാലിലൊരാൾക്ക് (15-29 age group) തൊഴിലില്ലായിരുന്നു.
നൈപുണ്യമുള്ള ബിരുദധാരികൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളിയാണ്. എന്നാൽ കൊറിയയ്ക്ക് മാത്രമുള്ള പ്രത്യേകതയാണ് അവിടത്തെ കുടുംബങ്ങൾ നടത്തുന്ന വമ്പൻ ബിസിനസ് ഗ്രൂപ്പുകളുടെ മേൽക്കോയ്മ. സാംസങ്, ഹ്യൂണ്ടായ് എന്നിവയുൾപ്പെടെ 10 ബിസിനസ് ഗ്രൂപ്പുകളുടേതാണ് സൗത്ത് കൊറിയയുടെ മൊത്തം മാർക്കറ്റ് ക്യാപിറ്റലൈസേഷന്റെ 10 ശതമാനവും.
എന്നാൽ 250 പേരിൽ കൂടുതൽ ജീവനക്കാരുള്ള വലിയ കമ്പനികൾ രാജ്യത്തെ വെറും 13 ശതമാനം പേർക്ക് മാത്രമേ ജോലി നൽകുന്നുള്ളൂ. അവിടത്തെ ഈ കമ്പനികൾക്ക് ഒരു പ്രത്യക കഴിവുണ്ട്; ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാതെ നിലനിൽക്കാൻ അവർക്കറിയാം.
തങ്ങളുടെ യുവാക്കൾ മറ്റു രാജ്യങ്ങളിലേക്ക് പോകുമ്പോഴും കൊറിയ വിദേശ പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. എന്തിനെന്നോ? രാജ്യത്തെ ബ്ലൂ കോളർ ജോലികൾക്ക്. ഉന്നത വിദ്യാഭ്യാസം നേടിയതിനാലാവാം, കൈ നനയ്ക്കുന്ന ജോലികൾക്ക് കൊറിയക്കാർക്ക് താല്പര്യമില്ല. അതുകൊണ്ട് ഫാക്ടറി ജോലികൾക്കെല്ലാം അവിടെ വിദേശികളാണിപ്പോൾ.