എന്‍ജിനീയറിംഗിന്റെ കാലം കഴിഞ്ഞിട്ടില്ല, വരാനിരിക്കുന്നത് വലിയ അവസരങ്ങള്‍... മുരളി തുമ്മാരുകുടി എഴുതുന്നു

ഈ കൊറോണക്കാലത്ത് കൊറോണയെപ്പറ്റി എഴുതുകയും സംസാരിക്കുകയും ചെയ്യുന്നതോടൊപ്പം ഞങ്ങള്‍ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും കഴിഞ്ഞ കുട്ടികള്‍ക്ക് കരിയര്‍ കൗണ്‍സലിങ്ങും നല്‍കുന്നുണ്ട്. ജോലിയുടേയും മറ്റും തിരക്കുള്ളതിനാല്‍ തല്‍ക്കാലം ഒന്നോ രണ്ടോ കുട്ടികളോട് മാത്രമാണ് ഒരു ദിവസം സംസാരിക്കാന്‍ സാധിക്കുന്നത്.

പഠനത്തിനുള്ള മികവ്, താല്പര്യങ്ങള്‍, മാതാപിതാക്കളുടെ സാന്പത്തിക സാഹചര്യം എന്നിങ്ങനെ കുട്ടികളുടെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാലും സ്ഥിരമായി വരുന്ന ചില അന്വേഷണങ്ങളിലൊന്നാണ് എഞ്ചിനീയറിങ്ങ് പഠനത്തെക്കുറിച്ചുള്ളത്. 'സാര്‍ എന്റെ മകള്‍ക്ക്/മകന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്, കണക്കിന് നല്ല മാര്‍ക്കുമുണ്ട്, പക്ഷെ അവന്/അവള്‍ക്ക് എഞ്ചിനീയറിങ്ങിന് പോകാന്‍ താല്പര്യമില്ല. മറ്റേത് കോഴ്‌സിനാണ് പോകേണ്ടത് എന്ന് നിര്‍ദേശിക്കാമോ?'

എന്തുകൊണ്ടാണ് കുട്ടിക്ക് എഞ്ചിനീയറിങ്ങിന് പോകാന്‍ താല്പര്യമില്ലാത്തത് എന്ന ചോദ്യത്തിന് പക്ഷെ വ്യക്തമായ ഉത്തരമില്ല.

എന്ത് കോഴ്‌സിന് പോകാനാണ് കുട്ടിക്ക് താല്പര്യം എന്നതിനും വ്യക്തമായ ഉത്തരമില്ല.

എന്തുകൊണ്ടാണ് മിടുക്കരായ പല കുട്ടികളും എഞ്ചിനീയറിങ്ങ് തിരഞ്ഞെടുക്കാന്‍ മടിക്കുന്നത്?

എന്‍ജിനീയര്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, എഞ്ചിനീയറിങ്ങ് കോളേജുകളിലെ കൂട്ടത്തോല്‍വി, ബാങ്ക് ക്ലര്‍ക്ക് പരീക്ഷ മുതല്‍ പി എസ് സി പരീക്ഷകളില്‍ വരെ കാണുന്ന എഞ്ചിനീയറിങ്ങ് ബിരുദധാരികളുടെ ആധിക്യം, ജോലി ലഭിക്കാത്ത അനവധി എഞ്ചിനീയര്‍മാര്‍ ചുറ്റുമുള്ളത്, നമ്മുടെ എഞ്ചിനീയറിങ്ങ് കോളേജുകളില്‍ പഠിച്ചു പാസ്സായി വരുന്നതില്‍ പത്തില്‍ എട്ടു പേരും ജോലി ചെയ്യാനുള്ള സ്‌കില്‍ ഉള്ളവരല്ല എന്നുള്ള റിപ്പോര്‍ട്ടുകള്‍, എന്‍ജിനീയറിങ്ങ് ജയിച്ചവരേയും തോറ്റവരേയും പറ്റിയുള്ള തമാശകളും ട്രോളുകളും എല്ലാം എഞ്ചിനീയറിങ്ങിന്റെ കാലം കഴിഞ്ഞു എന്ന പ്രതീതി കുട്ടികളില്‍ ഉണ്ടാക്കുന്നു.

ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്‌പോഴും എഞ്ചിനീയറിങ്ങ് പഠിച്ചു പാസ്സാകാന്‍ സ്‌കില്ലും താല്പര്യവുമുള്ള കുട്ടികള്‍ തീര്‍ച്ചയായും അതൊരു കരിയര്‍ ആയി പരിഗണിക്കണമെന്ന് തന്നെയാണ് ഞങ്ങളുടെ പക്ഷം. ഇതിന് പല കാരണങ്ങളുണ്ട്.

1. ലോകം നാലാം വ്യവസായ വിപ്ലവത്തിലേക്ക് കടക്കുകയാണ്. സാങ്കേതിക വിദ്യകളുടെ ചട്ടക്കൂടാണ് ഇതിനെ നയിക്കാനും നിലനിര്‍ത്താനും പോകുന്നത്. ഇന്ന് എന്‍ജിനീയര്‍മാര്‍ അധികം ഇടപെടാത്ത കോടതി മുതല്‍ ആശുപത്രി വരെയുള്ള കര്‍മ്മമണ്ഡലങ്ങളിലെ ആട്ടോമേഷനും നിര്‍മ്മിതബുദ്ധിയുടെ ഉപയോഗവുമെല്ലാം ഇനിയങ്ങോട്ട് എന്‍ജിനീയര്‍മാര്‍ കൈകാര്യം ചെയ്യേണ്ടി വരും. നാലാം വ്യവസായവിപ്ലവത്തിലെ തൊഴില്‍ സേനയായി തയ്യാറെടുക്കാന്‍ ഏറ്റവും കൂടുതല്‍ അടിസ്ഥാനമുള്ളത് എഞ്ചിനീയര്‍മാര്‍ക്ക് തന്നെയാണ്. നമ്മുടെ സമ്പദ്വ്യവസ്ഥയില്‍ എന്‍ജിനീയര്‍മാരുടെ ആവശ്യം കൂടിക്കൊണ്ടേയിരിക്കും. അതിന്റെ പ്രതിഫലനം സമൂഹത്തില്‍ എന്‍ജിനീയര്‍മാരുടെ മൂല്യത്തിലും ഉണ്ടാകും.

2. ഒരു രാജ്യത്തെ എഞ്ചിനീയറിങ്ങ് ബിരുദം പൊതുവെ മറ്റേതൊരു രാജ്യത്തും ജോലികള്‍ ചെയ്യാന്‍ ചെയ്യാനുള്ള അടിസ്ഥാന യോഗ്യതയാണ്. ചില രാജ്യങ്ങളില്‍ അവിടുത്തെ പ്രൊഫഷണല്‍ ബോഡികളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരുമെന്ന് മാത്രം. മെഡിസിനോ നിയമമോ ഉള്‍പ്പെടെ മറ്റ് പ്രൊഫഷണല്‍ വിഷയങ്ങളില്‍ ഒരു രാജ്യത്തെ ഡിഗ്രി മറ്റൊരു രാജ്യത്ത് പ്രാക്ടീസ് ചെയ്യാന്‍ അവരെ അനുവദിക്കില്ല. അതിനായി കൂടുതല്‍ പരിശീലനങ്ങള്‍, പുതിയ പരീക്ഷകള്‍ എല്ലാം വേണ്ടിവരും. അപ്പോള്‍ ആഗോളമായ ഒരു തൊഴില്‍ ജീവിതം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു ഡിഗ്രിയാണ് എന്‍ജിനീയറിങ്.

3. ഇന്ത്യയിലെ മിക്ക ഡിഗ്രികളും മൂന്നു വര്‍ഷ കോഴ്സാണെങ്കിലും മറ്റു പല രാജ്യങ്ങളിലും നാലു വര്‍ഷമാണ്. അതുകൊണ്ട് തന്നെ നമ്മുടെ ഡിഗ്രി പല രാജ്യങ്ങളിലും ബിരുദത്തിന് തുല്യമായി അംഗീകരിക്കപ്പെട്ടിട്ടില്ല. വിദേശങ്ങളില്‍ ഉപരിപഠനം നേടുന്നതിനും തൊഴില്‍ വിസ ലഭിക്കുന്നതിനും ഇത് തടസ്സമാകുന്നു. എഞ്ചിനീയറിങ്ങ് പഠനം നാലു വര്‍ഷ കോഴ്സായതുകൊണ്ട് ഇതൊരു പ്രശ്‌നമല്ല.

4. എഞ്ചിനീയറിങ്ങ് ബിരുദത്തിന്റെ സിലബസിന് വ്യാപകമായ അടിത്തറയുണ്ട്. സിവില്‍ എന്‍ജിനീയറിങ് പഠിക്കുന്ന ഒരാള്‍ രസതന്ത്രം, ഭൗതിക ശാസ്ത്രം, എക്കണോമിക്‌സ്, മെറ്റീരിയല്‍ സയന്‍സ്, മാനേജ്മെന്റ്, ഗണിത ശാസ്ത്രം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കൂടി പഠിക്കുന്നു. പഠനശേഷം എഞ്ചിനീയറിങ്ങിനപ്പുറം മാനേജ്മെന്റിലോ അഡ്മിനിസ്‌ട്രേഷനിലോ ജോലിചെയ്യാനും ശോഭിക്കാനും എഞ്ചിനീയര്‍മാര്‍ക്ക് കഴിയുന്നത് ഈ അടിത്തറ ഉള്ളതുകൊണ്ടാണ്.

5. കൊറോണാനന്തര ലോകത്ത് തൊഴിലുകള്‍ ലോകത്തെവിടെയിരുന്നും ചെയ്യാം എന്ന സാഹചര്യമുണ്ടാകുന്‌പോള്‍ ഏറ്റവും കൂടുതല്‍ അതിര്‍ത്തികള്‍ കടക്കാന്‍ പോകുന്നത് എന്‍ജിനീയര്‍മാരുടെ തൊഴിലുകളാണ്. കാരണം സാങ്കേതിക വിദ്യ ഏറ്റവും ഉപയോഗിക്കുന്നതും ഫ്രണ്ട് ലൈനില്‍ കസ്റ്റമറുമായി ഏറ്റവും കുറവ് ഇടപെടല്‍ വേണ്ടതുമാണ് എന്‍ജിനീയറിങ് ജോലികള്‍. ഇപ്പോള്‍ വിസ നിയന്ത്രണങ്ങള്‍ മൂലം നമുക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത അനവധി രാജ്യങ്ങളിലെ (ജപ്പാന്‍, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍) ജോലികളും ഇനി കേരളത്തില്‍ എത്തും.

6. 3 D പ്രിന്റിങ്ങ് സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും കൊറോണയുണ്ടാക്കിയ ആഗോള സപ്ലൈ ചെയിന്‍ ഡിസ്റ്റര്‍ബന്‍സിന്റെ പേടിയും നിര്‍മ്മാണത്തെ കൂടുതല്‍ പ്രാദേശികമാക്കാന്‍ പോകുകയാണ്. നമുക്ക് ആവശ്യമായ ഒരു അന്താരാഷ്ട്ര ബ്രാന്‍ഡ് കാര്‍, ആവശ്യമുള്ള ഘടകങ്ങളെല്ലാം ചേര്‍ത്ത് നമ്മള്‍ തന്നെ ഡിസൈന്‍ ചെയ്തത് നമ്മുടെ സംസ്ഥാനത്ത് തന്നെയുള്ള ഒരു 3D പ്രിന്റിങ്ങ് സ്ഥാപനത്തില്‍ ഉണ്ടാക്കിയെടുക്കുന്ന കാലം വിദൂരമല്ല. ഇതെല്ലാം എന്‍ജിനീയറിങ്ങിന്റെ സാധ്യതകളും എന്‍ജിനീയര്‍മാരുടെ അവസരങ്ങളും വര്‍ധിപ്പിക്കുന്നു. ഒരുകാലത്ത്, എഞ്ചിനീയറിങ്ങ് ബിരുദം ലഭിച്ചാല്‍ തൊഴിലിനായി കേരളം വിട്ടുപോകണം എന്ന സാഹചര്യത്തില്‍നിന്നും നാട്ടില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ലഭിക്കാന്‍ സാധ്യതയുള്ള പ്രൊഫഷനായി മാറും എഞ്ചിനീയറിങ്ങ്.

7. വികസിത രാജ്യങ്ങളില്‍ എഞ്ചിനീയറിങ്ങിന് പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണ്. പക്ഷെ കേരളത്തില്‍ പെണ്‍കുട്ടികളും എഞ്ചിനീയറിങ്ങ് ഏറെ ഇഷ്ടപ്പെടുന്നു. വിദേശത്ത് ഉന്നത വിദ്യാഭ്യാസം താല്‍പര്യപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് എഞ്ചിനീയറിങ്ങ് കൂടുതല്‍ അവസരം നല്‍കും.

8. നമ്മുടെ മിടുക്കരായ പല കുട്ടികളും എഞ്ചിനീയറിങ്ങിന് ചേരാതെ എന്‍വിറോണ്മെന്റല്‍ സയന്‍സ്, ബയോടെക്നോളജി, ഫോറന്‍സിക് സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നൊക്കെയുള്ള കൂടുതല്‍ ആധുനികമെന്ന് തോന്നിപ്പിക്കുന്ന ഡിഗ്രി കോഴ്സുകള്‍ക്ക് ചേരുന്ന പ്രവണത കണ്ടിട്ടുണ്ട്. ഒരു വിഷയത്തില്‍ തീവ്രമായ താല്പര്യമുള്ളവര്‍ അതിന് ചേരുന്നതില്‍ തെറ്റൊന്നുമില്ല. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പറഞ്ഞിട്ടുള്ളതു പോലെ ചില കാരണങ്ങള്‍കൊണ്ട് മാത്രം അഭിരുചിയുണ്ടായിട്ടും എഞ്ചിനീയറിങ് വേണ്ടെന്നു തീരുമാനിച്ച് ഇത്തരം അണ്ടര്‍ഗ്രാജുവേറ്റ് കോഴ്‌സുകള്‍ക്ക് ചേരുന്ന പ്രവണത കരിയറിനു നല്ലതല്ല. മേല്‍ പറഞ്ഞ കോഴ്സുകള്‍ ആഗോളമായി നല്ല വിഷയങ്ങള്‍ തന്നെയാണ്, പക്ഷെ നമ്മുടെ സംസ്ഥാനത്ത് ഇതിന്റെ തൊഴില്‍ സാദ്ധ്യതകള്‍ വികസിച്ചിട്ടില്ല. വിദേശത്ത് പഠിക്കാനും ജോലിക്കും പോകാനുള്ള കടന്പകള്‍ പലതുണ്ട് താനും. എഞ്ചിനീയറിങ്ങ് പഠിച്ചിരുന്നെങ്കില്‍ നല്ല കരിയര്‍ ഉണ്ടാകുമായിരുന്ന പല മിടുക്കരും മുന്‍പറഞ്ഞ വിഷയങ്ങള്‍ എടുത്ത് കുഴപ്പത്തിലാകുന്നത് പലപ്പോഴും കാണാം.

9. മറ്റൊരു കാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളത് ചില കുട്ടികള്‍ക്ക് കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ നല്ല താല്പര്യമുള്ളതുകൊണ്ട് അവര്‍ അത് തന്നെ പഠിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് നല്ല കാര്യമാണെങ്കിലും നമ്മുടെ സാധാരണ ആര്‍ട്‌സ് കോളേജുകളില്‍ ബിരുദപഠനത്തിന് വരുന്ന പല കുട്ടികളും ആ വിഷയത്തോടുള്ള താല്പര്യം കൊണ്ടല്ല അവിടെ എത്തുന്നത്. എഞ്ചിനീയറിങ്ങോ, മെഡിസിനോ, ആയുര്‍വേദമോ, നിയമമോ പഠിക്കാന്‍ അഡ്മിഷന്‍ കിട്ടാത്തതുകൊണ്ടാണ്.

ഗണിതശാസ്ത്രം മനസ്സിലാക്കുക എന്നതിനേക്കാള്‍ ഒരു ഡിഗ്രി എടുത്ത് എങ്ങനെയെങ്കിലും പി എസ് സി പരീക്ഷ എഴുതി സര്‍ക്കാരില്‍ ജോലി സന്പാദിക്കുക എന്നതായിരിക്കും അവരുടെ പ്രധാന ലക്ഷ്യം. അപ്പോള്‍ വിഷയത്തില്‍ താല്പര്യമുള്ള ഒരാള്‍ അത്തരമൊരു ക്ലാസില്‍ വന്നുപെട്ടാല്‍ അതൊരു നല്ല പഠന അന്തരീക്ഷമല്ല അവര്‍ക്ക് നല്‍കുന്നത്. അടിസ്ഥാന വിഷയങ്ങളില്‍ തീവ്രമായ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും ഐ ഐ ടി യും, ഐ ഐ എസ് ഇ ആറും ഉള്‍പ്പെടെയുള്ള നല്ല സ്ഥാപനങ്ങളില്‍ പോകണം. പഠിച്ചിരുന്ന കാലത്ത് എഞ്ചിനീയറിങ്ങിന് ഉയര്‍ന്ന മെറിറ്റില്‍ അഡ്മിഷന്‍ കിട്ടാന്‍ കഴിവുണ്ടായിരുന്നിട്ടും നിര്‍ബന്ധിതമായി നാട്ടിലെ ആര്‍ട്‌സ് കോളേജില്‍ അടിസ്ഥാന വിഷയങ്ങള്‍ പഠിക്കുകയും പില്‍ക്കാലത്ത് അതില്‍ ഒരു കരിയര്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റാത്തതില്‍ വിഷമിക്കുകയും ചെയ്യുന്ന ധാരാളം ആളുകളെ കണ്ടിട്ടുണ്ട്.

10. ഇതിന്റെ അര്‍ത്ഥം നമ്മുടെ എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസം ഏറ്റവും ഉത്തമമാണെന്നല്ല. കരിക്കുലത്തില്‍, പഠന രീതികളില്‍, ഭാഷ പഠിപ്പിക്കാത്തതില്‍, ഫീല്‍ഡുമായി വേണ്ടത്ര ബന്ധിപ്പിക്കാത്തതില്‍, പഠിച്ചു പാസ്സാകാന്‍ കഴിവില്ലാത്തവരെ വേണ്ടത്ര ഉപദേശം കൊടുത്തു വേറെ കോഴ്സുകളിലേക്ക് തിരിച്ചു വിടാനുള്ള സംവിധാനം ഇല്ലാത്തതില്‍, വേണ്ടത്ര അധ്യാപകര്‍ ഇല്ലാത്തതില്‍ എന്നിങ്ങനെ ഈ രംഗത്ത് കുഴപ്പങ്ങള്‍ അനവധിയുണ്ട്. അതിനെപ്പറ്റി ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്, നമ്മുടെ എഞ്ചിനീയറിങ്ങ് പഠനം കാലാനുസൃതമാക്കാനുള്ള ശ്രമങ്ങള്‍ തുടരണം.

ഇതൊക്കെ നിലനില്‍ക്കുന്‌പോഴും 1980 കളില്‍ കേരളത്തില്‍ ആറ് എഞ്ചിനീയറിങ്ങ് കോളേജുകളുള്ള കാലത്തും, ഇന്ന് 2020 ല്‍ കേരളത്തില്‍ 160 എഞ്ചിനീയറിങ്ങ് കോളേജുകള്‍ ഉള്ളപ്പോഴും എഞ്ചിനീയറിങ്ങ് വിദ്യാഭ്യാസമെന്നത് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കരിയര്‍ ചോയ്സ് തന്നെയാണെന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു സംശയവുമില്ല.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it