യേല്‍, ഓക്‌സ്‌ഫോര്‍ഡ് കാംപസുകള്‍ ഇന്ത്യയില്‍ വരുമോ? നിയമം മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഏറെ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ പൊളിച്ചെഴുത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി സൂചന. വിദേശ സര്‍വകലാശാലകള്‍ക്ക്, രാജ്യത്തെ സര്‍വകലാശാലകളുമായി പങ്കാളിത്തം സ്ഥാപിക്കാതെ തന്നെ, ഇവിടെ കാംപസുകള്‍ തുടങ്ങാന്‍ സഹായിക്കും വിധമുള്ള നിയമനിര്‍മാണത്തിനാണ് കേന്ദ്രം തയ്യാറെടുക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദേശത്ത് പഠനം നടത്തുന്ന ഏഴര ലക്ഷത്തിലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം ഈയിനത്തില്‍ 1500 കോടി ഡോളര്‍ ചെലവിടുന്നുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊക്രിയാലിനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആ സാഹചര്യത്തില്‍ വിദേശ സര്‍വകലാശാലകള്‍ക്ക് രാജ്യത്ത് കാംപസ് തുടങ്ങാന്‍ അനുമതി നല്‍കുന്ന വിധത്തിലുള്ള നിയമനിര്‍മാണം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര നീക്കം. ആസ്‌ത്രേലിയ സര്‍ക്കാരും പ്രമുഖ യൂണിവേഴ്‌സിറ്റികളും ഇക്കാര്യത്തില്‍ അനുകൂല സമീപനം ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പൊക്രിയാല്‍ പറയുന്നു.

ചില പ്രമുഖ വിദേശ സര്‍വകലാശാലകള്‍ ഇന്ത്യന്‍ സര്‍വകലാശാലകളുമായി ഇതിനികം പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പറയുന്നതുപോലെയുള്ള നിയമനിര്‍മാണം വന്നാല്‍ വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളുമായി പങ്കാളിത്തം സ്ഥാപിക്കാതെ തന്നെ രാജ്യത്ത് കാംപസ് സ്ഥാപിക്കാം.

എണ്ണത്തില്‍ മുന്നില്‍, ഗുണത്തില്‍ പിന്നില്‍

ഓരോ വര്‍ഷവും പഠിക്കാന്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ചൈനയ്ക്ക് പിന്നില്‍ ലോകത്ത് രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. എന്നാല്‍ പശ്ചാത്തല സൗകര്യം, അധ്യയന രംഗത്തെ ഗുണമേന്മ, ഗവേഷണ മേഖലയില്‍ നടത്തുന്ന നിക്ഷേപം എന്നിവയെല്ലാം പരിഗണിക്കുമ്പോള്‍ ചൈനയേക്കാള്‍ ബഹുദൂരം പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അരലക്ഷത്തിലേറെ സ്ഥാപനങ്ങള്‍ ഉള്ളതായാണ് കണക്ക്.

2021ല്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 34 ശതമാനം 15 നും 34നുമിടയിലുള്ളവരാകുമെന്നാണ് ലോക ബാങ്ക് അനുമാനം. 55 രാജ്യങ്ങളുമായി വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിന് ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ വിദ്യാഭ്യാസ രംഗം തുറന്നുകൊടുക്കാന്‍ സമയമായെന്നാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ റിസര്‍ച്ച് നടത്തുന്ന, മണിപ്പാല്‍ ഗ്ലോബല്‍ എഡ്യുക്കേഷന്‍ സര്‍വീസസിന്റെ ചെയര്‍മാന്‍ ടി വി മോഹന്‍ദാസ് പൈ പറയുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it