വികസന പ്രതീക്ഷയിൽ കോവളത്തെ വ്യവസായികൾ!

കോവിഡ് തീര്‍ത്ത പ്രതിസന്ധി കോവളത്തെയും ബാധിച്ചിട്ടുണ്ട്. വിദേശികളെ കോവളത്തേക്ക് പ്രധാനമായും ആകര്‍ഷിച്ചത് കടലിന്‍റെ പനോരമിക് ആയ കാഴ്ചയും സൂര്യസ്നാനം ചെയ്യാനുള്ള ബീച്ചിന്‍റെ സൗകര്യവുമായിരുന്നു. സഞ്ചാരികളുടെ സ്വൈര്യ വിഹാരത്തിനും, സ്വകാര്യതയ്ക്കും അര്‍ഹിക്കുന്ന പ്രാധാന്യവും ലഭിച്ചിരുന്നു. നേരത്തെ വിദേശ വിനോദ സഞ്ചാരികള്‍ ഏറിയ പങ്കും ആകര്‍ഷിക്കപ്പെട്ടത് ഇക്കാരണത്താലായിരുന്നു. ഈ ആകര്‍ഷണങ്ങളെല്ലാം തിരിച്ചുപിടിക്കാന്‍ ആവശ്യമായ നിലയിലുള്ള പ്രവര്‍ത്തനം ടൂറിസം വകുപ്പ് നിര്‍വ്വഹിക്കുമെന്ന് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചു നടന്ന ചർച്ചയിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

അശാസ്ത്രീയമായ നിര്‍മ്മിതികള്‍ കോവളം ബീച്ചിന്‍റെ മനോഹരമായ കാഴ്ചകളെ ചിലയിടങ്ങളിലെങ്കിലും തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പരിശോധിച്ച് ഇനിയങ്ങോട്ടുള്ള നിര്‍മ്മാണ പ്രവൃത്തികളില്‍ ഗ്രീന്‍ പ്രോട്ടോക്കോളും ടൂറിസം മാന്വലും നിര്‍ബന്ധമാക്കും. കോവളത്തെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ ചർച്ചയിൽ തീരുമാനിച്ചു.
കോവളം കടല്‍ തീരത്തെ തെരുവ് വിളക്കുകള്‍ ആഗസ്റ്റ് 10 നകം അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കും. ടൈലിംങ്ങ് പ്രവര്‍ത്തികള്‍ ആഗസ്റ്റ് 15 നകം പൂര്‍ത്തീകരിക്കും. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഉള്ള സ്ഥലപരിമിതി മറികടക്കാന്‍ സ്വകാര്യ മേഖല ഉള്‍പ്പെടെയുള്ളവരുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്തി പ്രശ്ന പരിഹാരം കണ്ടെത്താനും യോഗം തീരുമാനിച്ചു. സെക്യൂരിറ്റി സംവിധാനം വിപുലപ്പെടുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മേഖലയുമായി കൈകോര്‍ക്കും. വൈദ്യുത ലൈനുകളും മറ്റും കേബിളുകളും ഉള്‍പ്പെടെ അണ്ടര്‍ ഗ്രൗണ്ടാക്കും. ടൂറിസം മേഖലയിലെ സാംസ്കാരിക പദ്ധതിയായിരുന്ന "ഗ്രാമം പരിപാടി" പുനരാവിഷ്കരിച്ച് നവീനമായി നടപ്പിലാക്കും. ലൈറ്റ് ഹൗസ് ഭാഗത്തെ വികസനപ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ അധീനതിയില്‍പെട്ട ഭൂമികൂടി ഉള്‍പ്പെട്ടതിനാല്‍ അതുമായി ബന്ധപ്പെട്ടവരുടെ യോഗം കൂടി വിളിച്ച് ചേര്‍ക്കാന്‍ തീരുമാനിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിൽ സ്ഥല പരിമിതി മറി കടക്കാൻ സ്വകാര്യ മേഖലയിൽ ഉൾപ്പെടെയുള്ളവരുമായി സർക്കാർ ചർച്ച നടത്തും.
യോഗത്തില്‍ ടൂറിസം വകുപ്പ് ഡയറക്ടര്‍ കൃഷ്ണ തേജ ഐഎഎസ്, ഡെപ്യൂട്ടി ഡയറക്ടര്‍ എ ആര്‍ സന്തോഷ്ലാല്‍, ബി കെ ഗോപകുമാര്‍, ഡി ആര്‍ ബിജോയ്, ആര്‍ സി പ്രേംഭേഷ്, എ ഷാഹുല്‍ ഹമീദ്, എം ഹുസ്സൈന്‍ എന്നിവര്‍ പങ്കെടുത്തു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it