അനില്‍ അംബാനിയുടെ ആസ്തികള്‍ മരവിപ്പിക്കണമെന്ന ആവശ്യവുമായി എറിക്‌സണ്‍ വീണ്ടും കോടതിയില്‍

കോടതി ഉത്തരവ് ലംഘിച്ച സാഹചര്യം ചുണ്ടിക്കാട്ടി അനില്‍ അംബാനിയും രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജ്യം വിടുന്നത് തടയാനുള്ള നടപടി സ്വീകരിക്കണം എന്ന ആവശ്യമാണ് എറിക്‌സണ്‍ ഉന്നയിക്കുന്നത്

Anil Ambani

അനില്‍ അംബാനി, സേത്ത്, വിരാണി എന്നിവര്‍ മനപ്പൂര്‍വ്വം സുപ്രീം കോടതിയുടെ ഉത്തരവുകള്‍ ലംഘിച്ചുവെന്നും അവര്‍ രാജ്യം വിടുന്നത് തടയണമെന്നും ചൂണ്ടിക്കാട്ടി എറിക്‌സണ്‍ വീണ്ടും കോടതിയില്‍. ഈ മൂന്ന് പേരുടെയും വ്യക്തിഗത ആസ്തികള്‍ മരവിപ്പിക്കുകയും അവ വിറ്റ് തങ്ങളുടെ 550 കോടി വീണ്ടെടുക്കുകയുമാണ് എറിക്‌സന്റെ ആവശ്യം.

സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ് അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് ഗ്രൂപ്പ് 550 കോടി രൂപയാണ് നല്‍കാനുള്ളത്. കോടതിയുടെ മേല്‍നോട്ടത്തില്‍ ഉണ്ടാക്കിയ ധാരണപ്രകാരം അനില്‍ അംബാനി ഇവര്‍ക്ക് നല്‍കാനുള്ള 1600 കോടി രൂപ നേരത്തെ തന്നെ 500 കോടി രൂപയാക്കി എറിക്‌സണ്‍ കുറച്ചിരുന്നു.

12 ശതമാനം പലിശ സഹിതം തങ്ങളുടെ പണം തന്നുതീര്‍ക്കുന്നത് വരെ അനില്‍ അംബാനിയെ അദ്ദേഹത്തിന്റെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്നാണ് ഇപ്പോള്‍ എറിക്‌സണ്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അനില്‍ അംബാനിയും അദ്ദേഹത്തിന്റെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജ്യം വിടുന്നത് തടയണം എന്ന് ആവശ്യപ്പെട്ട് എറിക്‌സണ്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് സ്വത്തുവകകള്‍ വിറ്റ് തങ്ങളുടെ പണം വീണ്ടെടുക്കണം എന്ന ആവശ്യം ഉന്നയിക്കുന്നത്. ഉത്തരവ് ലംഘിച്ച സാഹചര്യത്തില്‍ അനില്‍ അംബാനിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണം എന്നും എറിക്‌സണ്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here