Begin typing your search above and press return to search.
ഓഹരി നിക്ഷേപകരേ ജാഗ്രതൈ! പണം തട്ടാന്‍ എന്‍.എസ്.ഇ മേധാവിയുടെ പേരിലും ഡീപ് ഫെയ്ക്ക് വീഡിയോ
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ സി.ഇ.ഒയും എം.ഡിയുമായ ആഷിഷ്‌കുമാര്‍ ചൗഹാന്റെ പേരിലും തട്ടിപ്പ് വീഡിയോകള്‍ പരക്കുന്നതായി നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ്. ഓഹരി ശിപാര്‍ശകളായും നിക്ഷേപ ഉപദേശങ്ങളായും ഇന്റര്‍നെറ്റില്‍ നിരവധി വീഡിയോകള്‍ പരക്കുന്ന സാഹചര്യത്തിലാണ് എന്‍.എസ്.ഇ ഇന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിക്ഷേപകര്‍ക്ക് ഇത്തരത്തില്‍ വീഡിയോകള്‍ ലഭിക്കുന്നുണ്ടെങ്കില്‍ ജാഗ്രത പുലര്‍ത്തണമെന്നും ഔദ്യോഗിക മാര്‍ഗങ്ങള്‍ വഴി സന്ദേശങ്ങളില്‍ വ്യക്തത വരുത്തണമെന്നും എന്‍.എസ്.ഇ ആവശ്യപ്പെട്ടിട്ടുണ്ട്.
ഡീപ് ഫെയ്ക്ക് വീഡിയോകൾ
ആഷിഷ്‌കുമാര്‍ ചൗഹാന്റെ ശബ്ദവും മുഖവും ഉപയോഗിച്ച് എന്‍.എസ്.ഇയുടെ ലോഗോയും ഉള്‍പ്പെടുത്തിയുള്ള വീഡിയോകളാണ് പരക്കുന്നത്. ഡീപ് ഫെയ്ക്ക് സാങ്കേതിക വിദ്യകളുടെ സഹായത്താലാണ് ഇത്തരം വീഡിയോ ക്ലിപ്പുകള്‍ സൃഷ്ടിച്ചിരിക്കുന്നത്.
എന്‍.എസ്.ഇ ജീവനക്കാരുടെയോ മറ്റോ പേരില്‍ വരുന്ന ഇത്തരം തട്ടിപ്പ് വീഡിയോ കോളിലോ ശബ്ദസന്ദേശങ്ങളിലോ വീഴരുതെന്നും നിക്ഷേപ ശിപാര്‍ശകളും ഉപദേശങ്ങളും നല്‍കാന്‍ ജീവനക്കാര്‍ക്ക് അധികാരമില്ലെന്നും എന്‍.എസ്.ഇ മുന്നറിയിപ്പു നല്‍കി. വിവിധ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം വീഡിയോകള്‍ നീക്കം ചെയ്യാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
എന്‍.എസ്.ഇയുടെ ഔദ്യോഗിക സന്ദേശങ്ങളെല്ലാം www.nseindia.com എന്ന വെബ്‌സൈറ്റ് വഴിയോ എക്‌സ്‌ചേഞ്ചിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴിയോ മാത്രമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രമുഖ നിക്ഷേപകരുടെ പേരിലും
പ്രമുഖ നിക്ഷേപകരുടെ പേരിലും ഇത്തരത്തില്‍ നിക്ഷപ സന്ദേശങ്ങള്‍ പരക്കുന്നതായി പരാതിയുണ്ട്. അടുത്തിടെ കേരളത്തില്‍ നിന്നുള്ള പ്രമുഖ നിക്ഷേപകനും ഇക്വിറ്റി ഇന്റലിജന്‍സിന്റെ സ്ഥാപകനുമായ പൊറിഞ്ചു വെളിയത്തും തന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയെന്ന് അറിയിച്ചിരുന്നു.
സിനിമാ താരങ്ങളും
ഡീപ് ഫെയ്ക്ക് വീഡിയോകള്‍ വഴി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ റെക്കമെന്റ് ചെയ്യുന്ന വീഡിയോയും അടുത്തിടെ പുറത്തു വന്നിരുന്നു. ഇതുകൂടാതെ രശ്മിക മന്ദാന, കത്രീന കെയ്ഫ്, കജോള്‍ തുടങ്ങിയ നടിമാരുടെ പേരിലും ഇത്തരം വീഡിയോകള്‍ പ്രചരിച്ചിരുന്നു. ആളുകള്‍ക്ക് മനസിലാക്കാനാകാത്തവിധം യഥാര്‍ഥ്യമായാണ് ഫെയ്ക്ക് വീഡിയോകള്‍ സൃഷ്ടിക്കുന്നത്.
Next Story
Videos