ഒരു സംരംഭകന് ഒരു ബ്രാന്‍ഡ്; വെളിച്ചെണ്ണയില്‍ നിയന്ത്രണവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
വെളിച്ചെണ്ണ ബ്രാന്‍ഡിംഗില്‍ കര്‍ശന നിയന്ത്രണവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ഇത് പ്രകാരം ഒരു ലൈസന്‍സ് ഹോള്‍ഡര്‍ക്ക് ഒരു ബ്രാന്‍ഡ് മാത്രമേ വിപണിയിലിറക്കാന്‍ കഴിയൂ. വിവിധ പേരുകളിലുള്ള ലൈസന്‍സുകള്‍ സ്വന്തമാക്കി ഒന്നിലധികം ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്നത് പതിവായതായി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല നിര്‍ത്തലാക്കിയ ചില ബ്രാന്‍ഡുകള്‍ പേര് മാറ്റി റീ ബ്രാന്‍ഡ് ചെയ്ത് വിപണിയില്‍ ഇറക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന് വിലങ്ങിടാനുമാണ് പുതിയ നിയന്ത്രണങ്ങളെന്ന് എറണാകുളം ഫുഡ് സേഫ്റ്റി കമ്മിഷണര്‍ ഓഫീസ് അധികാരികള്‍ പറയുന്നു.
കേരളത്തിന് പുറത്ത് ഉല്‍പ്പാദിപ്പിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന വെളിച്ചെണ്ണ ആണെങ്കില്‍ കൂടി ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിവിധ ജില്ലകളില്‍ വില്‍പ്പനാ നിയന്ത്രണമേര്‍പ്പെടുത്തിയ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ മറ്റു ജില്ലകളിലെ വിപണിയില്‍ കറങ്ങി നടക്കുന്നുണ്ടെന്നും ഇത് തടയാന്‍ അതാത് ജില്ലകളിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്നും വകുപ്പ് വ്യക്തമാക്കുന്നു.
രജ്സ്റ്റര്‍ ചെയ്യാത്ത എല്ലാ ബ്രാന്‍ഡുകളെയും കണ്ടുപിടിച്ച് ലൈസന്‍സ് കട്ട് ചെയ്യാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. എഫ്എസ്എസ്‌ഐ ലൈസന്‍സ് നമ്പര്‍, ലൈസന്‍സിയുടെ പേര്, ബ്രാന്‍ഡ് നെയിം, ഏജന്‍സി നെയിം തുടങ്ങിയവ പരിശോധിക്കുന്നതും ധ്രുതഗതിയിലാക്കിയിട്ടുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline