തൃശൂരില്‍ നിന്ന് ജപ്പാന്‍ വഴി ആക്‌സിയ ടെക്‌നോളജീസിന്റെ കുതിപ്പ്; ഓട്ടോമോട്ടീവ് രംഗത്ത് കേരള മോഡല്‍ വിജയഗാഥ

വന്‍കിട ആഗോള കമ്പനികളിലെ അനുഭവസമ്പത്തുമായി ജിജിമോന്‍ ചന്ദ്രന്‍ എന്ന തൃശൂര്‍കാരന്‍ 2014ല്‍ കേരളത്തിലേക്ക് തിരിച്ചെത്തുന്നത് സ്വന്തം സംരംഭമെന്ന ലക്ഷ്യത്തോടെയായിരുന്നു. എല്ലാവിധ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന മറ്റ് നഗരങ്ങളെ ഒഴിവാക്കി അദ്ദേഹം നേരെ തിരുവനന്തപുരത്താണ് വിമാനമിറങ്ങിയത്. തലസ്ഥാനത്ത് കാലുകുത്തുമ്പോള്‍ ഒരൊറ്റ ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ, കേരളമെന്ന ബ്രാന്‍ഡിനെ ലോകത്തിനു മുന്നില്‍ അടയാളപ്പെടുത്തുക.
ജിജിമോന്‍ ചന്ദ്രന്‍ എന്ന സി.ഇ.ഒയുടെ ദീര്‍ഘവീക്ഷണം ആക്‌സിയ ടെക്‌നോളജീസ് എന്ന പത്തുവയസുള്ള കമ്പനിയായി വളര്‍ന്നിരിക്കുന്നു. ഇന്ത്യയ്ക്ക് പുറമേ യു.എസ്.എ, ജപ്പാന്‍, ജര്‍മനി, സ്വീഡന്‍ എന്നിവിടങ്ങളിലെല്ലാം കമ്പനിക്ക് ഓഫീസും ജീവനക്കാരുമുണ്ട്.

തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലെ വിശാലവും വിപുലവുമായ ആക്‌സിയയുടെ ക്യാംപസില്‍ രൂപംകൊള്ളുന്നത് ആഗോള കാര്‍ ബ്രാന്‍ഡുകള്‍ക്കു വേണ്ടിയുള്ള ഓട്ടോമോട്ടീവ് സോഫ്ട്‌വെയറുകളാണ്. ആഗോളതലത്തില്‍ ഓട്ടോമോട്ടീവ്‌ രംഗത്തെ വന്‍കിട ബ്രാന്‍ഡുകളെല്ലാം ആക്സിയയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ലണ്ടനിലെയും മിലാനിലെയും ന്യൂയോര്‍ക്കിലെയുമെല്ലാം നിരത്തുകളിലൂടെ ചീറിപ്പായുന്ന വാഹനങ്ങളില്‍ ഒരു മലയാളി ടച്ച് ഉണ്ടെന്ന് പറയാം.

ആക്‌സിയ കാമ്പസ് കണക്ട് പരിപാടിയില്‍ തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനിയറിംഗിലെ ഫാക്കല്‍റ്റി അംഗങ്ങള്‍ക്കൊപ്പം ആക്‌സിയ ടെക്‌നോളജീസ് ടീം.

ടെക്നോളജി, ബിസിനസ് ഡെവലപ്മെന്റ്, സ്ട്രാറ്റജിക് മാനേജ്മെന്റ് എന്നീ മേഖലകളില്‍ 25 വര്‍ഷത്തെ അനുഭവസമ്പത്തുള്ളയാളാണ് ജിജിമോന്‍ ചന്ദ്രന്‍. ഹിറ്റാച്ചി, മിറ്റ്‌സുബിഷി എന്നീ കമ്പനികളിലായി നിര്‍ണായക റോളുകള്‍ കൈകാര്യ ചെയ്തിട്ടുണ്ട്. ജപ്പാനില്‍ താമസിക്കാനും അവിടെ ജോലി ചെയ്യാനും സാധിച്ചത് തന്റെ ജീവിതത്തിലെ വഴിത്തിരിവാണെന്ന് അദ്ദേഹം പറയുന്നു.

മാറുന്ന ടെക്‌നോളജിക്ക് ഒരു മുഴം മുമ്പേ

ആക്‌സിയയുടെ തുടക്കത്തില്‍ ഉത്പന്നങ്ങളുടെ കമ്പനിയായാണ് രൂപകല്പന ചെയ്തിരുന്നത്. പിന്നീട് അതൊരു സേവനദാതാവായി മാറുകയായിരുന്നു. വിപണിയിലെ സോഫ്ട്‌വെയര്‍ സേവനങ്ങളുടെ സാധ്യതയെക്കുറിച്ച് മനസിലാക്കിയതിന് ശേഷമാണ് കൂടുതല്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടിയത്.
ഓട്ടോമോട്ടീവ് രംഗം ഇന്ന് വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 'ഞങ്ങളുടെ പല പ്രൊജക്ടുകളും നാലും അഞ്ചും വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് ഉള്ളതാണ്. കാറുകള്‍ എന്നത് ഭാവിയില്‍ വിനോദത്തിന്റെയും ബിസിനസ് മീറ്റിംഗുകളുടെയും സാധ്യതകള്‍ കൂടി തുറന്നിടുന്നതാണ്. ഇത്തരത്തില്‍ പുതു ടെക്‌നോളജികള്‍ വരുമ്പോഴും സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ആക്‌സിയ ഊന്നല്‍ നല്‍കുന്നു' ജിജിചന്ദ്രന്‍ നയം വ്യക്തമാക്കുന്നു.

ആക്‌സിയ ടെക്‌നോളജീസ് ഗ്ലോബല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആന്‍ഡ് ആര്‍ആന്‍ഡ് ഡി സെന്റര്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.

ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങളിലെ ഫീച്ചറുകളിലും സൗകര്യങ്ങളിലും മാറ്റം വരുന്നുണ്ട്. മാറ്റങ്ങള്‍ മുന്നില്‍ കണ്ട് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങള്‍ക്കുള്ള സോഫ്ട്‌വെയറുകള്‍, ഇ-മൊബിലിറ്റി സെഗ്മെന്റുകള്‍, കമ്മ്യൂണിക്കേഷന്‍ പ്രോട്ടോക്കോളുകള്‍ തുടങ്ങിയവ ഉപയോഗിച്ച് വാഹന വിപണിയ്ക്ക് അത്യന്താപേക്ഷിതവും ഉയര്‍ന്ന നിലവാരവുമുള്ള സേവനങ്ങളാണ് ആക്സിയ നല്‍കി വരുന്നത്.

മികവിന്റെ 'ലീല'

ഓട്ടോമോട്ടീവ് ടെക്‌നോളജിയില്‍ ആക്‌സിയ എത്രമാത്രം മുന്നിലാണെന്നതിന്റെ ഉത്തമോദാഹരണമാണ് ലീല. വാഹന സോഫ്ട്‌വെയറുകള്‍ നിര്‍മിക്കാനായി ആക്സിയ പ്രത്യേകം രൂപകല്‍പന ചെയ്ത എ.ഐ. കോപൈലറ്റാണ് 'ലീല'. സോഫ്ട്‌വെയറിന്‌ ആവശ്യമായ കോഡുകള്‍ എഴുതുമ്പോള്‍ ആവര്‍ത്തിച്ച് ചെയ്യേണ്ടിവരുന്ന ചില ജോലികള്‍ നിര്‍മിതബുദ്ധിയുടെ സഹായത്താല്‍ ലഘൂകരിക്കുകയാണ് ലീലയുടെ ദൗത്യം.

ആക്‌സിയയുടെ എ.ഐ കോപൈലറ്റ് ലീലയുടെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിക്കുന്നു.

സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍മാര്‍ക്ക് മറ്റ് ഗവേഷണ മേഖലകളില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഇതുവഴി സാധിക്കും. കോഡുകളുടെ ചെറുശകലങ്ങളാണ് ലീല തയാറാക്കുക. ഇങ്ങനെ നിര്‍മിക്കപ്പെടുന്ന ഓരോ കോഡും കോപൈലറ്റില്‍ ലഭ്യമായിരിക്കും. സോഫ്ട്‌വെയര്‍ എന്‍ജിനീയര്‍മാര്‍ക്ക് ഈ കോഡുകള്‍ നിരീക്ഷിക്കാനും പരിശോധിക്കാനും മാറ്റങ്ങള്‍ വരുത്താനും കഴിയും. 30 ശതമാനം ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ലീലയ്ക്ക് സാധിക്കുന്നുണ്ട്.

20 വര്‍ഷം മുമ്പ് കാറുകളില്‍ പത്ത് ശതമാനത്തില്‍ താഴെയാണ് ഇലക്ട്രോണിക്സിനും സോഫ്ട്‌വെയറുകള്‍ക്കുമായി തുക വിനിയോഗിച്ചിരുന്നത്. ഇന്നത് നാല്പത് ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ആധുനിക കാലത്തെ കാറുകളില്‍ ഇലക്ട്രോണിക്സും സോഫ്ട്‌വെയറും നിര്‍ണായക പങ്ക് വഹിക്കുന്നു. എന്‍ജിന്‍ പ്രകടനം മുതല്‍ ഇന്ധനക്ഷമത വരെയും ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയ്ന്‍ അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകള്‍ വരെ ഇത്തരം സോഫ്ട്‌വെയറുകള്‍ മെച്ചപ്പെടുത്തുന്നു. അതിരുകളില്ലാത്ത ഡ്രൈവിംഗ് അനുഭവം പകരുന്ന സ്മാര്‍ട്ട് ഉപകരണങ്ങളാക്കി കാറുകളെ മാറ്റാന്‍ ടെക്നോളജി വഴിയൊരുക്കുന്നു.

വെല്ലുവിളികളല്ല, അവസരങ്ങള്‍

വാഹനങ്ങളുടെ ഡിജിറ്റല്‍ ഡാഷ്ബോര്‍ഡ് സോഫ്ട്‌വെയറുകളുടെ നിര്‍മാണമാണ് ആക്സിയ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. സെക്യൂരിറ്റി, പ്രൈവസി എന്നീ മേഖലകളില്‍ കൂടുതല്‍ കാര്യക്ഷമത വരുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. റോഡിലെ സാഹചര്യങ്ങളും മറ്റ് വാഹനങ്ങളുടെ സഞ്ചാരവും വിലയിരുത്തി ഡ്രൈവിംഗ് അനായാസമാക്കുന്നതിന് ആക്‌സിയ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നു.
ടെസ്‌ല പോലുള്ള ഓട്ടോമോറ്റീവ് കമ്പനികള്‍ സോഫ്ടവെയറുകള്‍ സ്വന്തമായി വികസിപ്പിക്കാന്‍ തുടങ്ങിയത് ഭീഷണിയല്ല മറിച്ച് കൂടുതല്‍ അവസരങ്ങള്‍ തുറന്നു നല്‍കുന്നതാണെന്നാണ് ജിജിമോന്റെ അഭിപ്രായം.
ഓട്ടോമോട്ടീവ് വിതരണക്കാര്‍ക്ക് സോഫ്ട്‌വെയര്‍ നല്‍കുന്നവരുമായുള്ള പങ്കാളിത്തത്തിന് പകരം കമ്പനികളുമായി നേരിട്ട് പ്രവര്‍ത്തിക്കാന്‍ ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.

ജിജിമോന്‍ ചന്ദ്രന്‍

വലിയ പ്രൊജക്ടുകളുടെ ഭാഗമാകുമ്പോഴും സന്നദ്ധപ്രവര്‍ത്തനങ്ങളിലും ആക്‌സിയ ടെക്‌നോളജീസ് സജീവമാണ്. വിവിധ സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് വിദ്യാഭ്യാസപരവും സുസ്ഥിരപരവുമായുള്ള പദ്ധതികള്‍ അവര്‍ നടപ്പിലാക്കുന്നുണ്ട്.

മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ക്ഷേമത്തിനായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ മെന്റല്‍ റീറ്റാര്‍ഡേഷനില്‍ (സി.ഐ.എം.ആര്‍) സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച് നല്‍കിയിരുന്നു കമ്പനി. 10 കിലോവാട്ട് ശേഷിയുള്ള ഓണ്‍ ഗ്രിഡ് സോളാര്‍ സംവിധാനമാണ് സി.ഐ.എം.ആറില്‍ പ്രവര്‍ത്തിക്കുന്നത്.

ഒരുകാലത്ത് കുട്ടികളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായിരുന്ന വലിയതുറ സര്‍ക്കാര്‍ യു.പി സ്‌കൂളിന്റെ വീണ്ടെടുപ്പില്‍ ആക്‌സിയ വഹിച്ച പങ്ക് വലുതായിരുന്നു. 2018ലെ ഓഖി ചുഴലിക്കാറ്റ് ദുരന്തം ഉണ്ടാകുംവരെ 200ഓളം കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളായിരുന്നു വലിയതുറയിലേത്. എന്നാല്‍, ദുരന്തത്തിനു ശേഷം സ്‌കൂള്‍ ദുരിതാശ്വാസ ക്യാംപായി മാറി. പതിയെ പതിയെ വിദ്യാലയത്തിന്റെ അന്തരീക്ഷം മാറി. ദുരിതാശ്വാസ ക്യാംപിന്റെ അന്തരീക്ഷം നിലനിന്ന സ്‌കൂളില്‍ നിന്ന് രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റി.
ഈ ഘട്ടത്തിലാണ് വലിയതുറ യു.പി സ്‌കൂളിനെ വീണ്ടെടുക്കാന്‍ ആക്‌സിയ ടെക്‌നോളജീസ് കനല്‍ ഇന്നോവേഷന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റുമായി കൈകോര്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം 30 കുട്ടികളുണ്ടായിരുന്ന സ്‌കൂളിലേക്ക് ഇത്തവണയെത്തിയത് 100ലേറെ വിദ്യാര്‍ത്ഥികളാണ്. ഗിഫ്റ്റ് എ ഡ്രീം എന്നു പേരിട്ട പദ്ധതിയില്‍പ്പെടുത്തി സ്‌കൂളിന് സ്മാര്‍ട്ട് സെമിനാര്‍ ഹാളും മിനി ലൈബ്രറിയും ആക്‌സിയ പണിതുനല്‍കി. സ്‌കൂളില്‍ അഡ്മിഷനെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ പഠനോപകരണങ്ങള്‍ അടങ്ങിയ ബാഗും കൂടി സമ്മാനിച്ചാണ് ആക്‌സിയ തങ്ങളുടെ സാമൂഹികപ്രതിബദ്ധത ഉയര്‍ത്തി പിടിച്ചത്.

വലിയ ലക്ഷ്യങ്ങള്‍

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) തിരുവനന്തപുരം സോണിന്റെ ചെയര്‍മാന്‍ കൂടിയാണ് ജിജിമോന്‍ ചന്ദ്രന്‍. തിരുവനന്തപുരത്തെ ഗ്ലോബല്‍ ഓട്ടോമോട്ടീവ് ടെക്‌നോളജി ഹബ്ബാക്കി മാറ്റുകയെന്ന സ്വപ്നത്തിലൂന്നിയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് നിരവധി നൂതന ആശയങ്ങള്‍ പാകിമുളപ്പിച്ച് കേരളത്തിന്റെ പ്രതിച്ഛായ ആഗോളതലത്തില്‍ ഉയര്‍ത്തുകയെന്ന ദൗത്യവും ജിജിമോന്‍ ചന്ദ്രന്‍ ഏറ്റെടുക്കുന്നു. ഓട്ടോമോറ്റീവ് രംഗത്തെ അനന്തസാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നത് വഴി വലിയതോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അതുവഴി സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
ആക്‌സിയയില്‍ നിലവില്‍ 600ലധികം ജീവനക്കാരുണ്ട്. ഇതില്‍ കൂടുതലും മലയാളികളാണ്. 2027ഓടെ 100 മില്യണ്‍ ഡോളര്‍ വരുമാനമുള്ള കമ്പനിയായി വളരുകയാണ് ലക്ഷ്യം. ടെക്‌നോപാര്‍ക്കിലെ ക്യാംപസ് വിപുലീകരിക്കാന്‍ വരും മാസങ്ങളില്‍ കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടത്താനും കമ്പനിക്ക് പദ്ധതിയുണ്ട്. പിറന്ന മണ്ണില്‍ നിന്ന് ലോകം മുഴുവന്‍ വ്യാപിക്കുന്ന തരത്തിലേക്കുള്ള ആക്‌സിയ ടെക്‌നോളജീസിന്റെയും ജിജിമോന്‍ ചന്ദ്രന്റെയും വളര്‍ച്ച ഏതൊരു സംരംഭകനെയും പ്രചോദിപ്പിക്കുന്നതാണ്.
Lijo MG
Lijo MG  

Sub-Editor

Related Articles
Next Story
Videos
Share it