യാത്രക്കാരുടെ ശ്രദ്ധക്ക്! ദിവസം 50 സര്‍വീസുകള്‍ വരെ റദ്ദ് ചെയ്യാനൊരുങ്ങി ഗോ എയര്‍
കുറഞ്ഞ ചെലവില്‍ വിമാനയാത്ര സാധ്യമാക്കുന്ന ഗോ എയര്‍ ദിവസം 50 ഫ്‌ളൈറ്റുകള്‍ വരെ കാന്‍സല്‍ ചെയ്‌തേക്കും. ഇതില്‍ രാജ്യാന്തര വിമാന സര്‍വീസുകളും ഉള്‍പ്പെടും. സ്ഥാപനം നേരിടുന്ന താല്‍ക്കാലിക പ്രതിസന്ധിയാണ് ഇതിന് കാരണം. പുതിയ എയര്‍ക്രാഫ്റ്റുകളും ഗോ എയറിന്റെ എയര്‍ബസ് A320 നിയോ വിമാനങ്ങള്‍ക്ക് വേണ്ടിയുള്ള എന്‍ജിനുകളും ലഭിക്കാനുള്ള കാലതാമസമാണ് ഗോ എയറിനെ പ്രശ്‌നത്തിലാക്കിയിരിക്കുന്നത്.
ഗോ എയറിന് വേണ്ടി വിമാനങ്ങള്‍ നിര്‍മിക്കുന്നത് എയര്‍ബസ് ആണ്. എ320 നിയോ വിമാനങ്ങള്‍ക്കുള്ള എന്‍ജിനുകള്‍ വരുന്നത് പ്രാറ്റ് & വിറ്റ്‌നിയില്‍ നിന്നും. എന്നാല്‍ എയര്‍ക്രാഫ്റ്റുകളും എന്‍ജിനുകളും 2020 മാര്‍ച്ച് 9ന് എത്തിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ എയര്‍ബസിനും പ്രാറ്റ് & വിറ്റ്‌നിക്കും കഴിയാത്ത സാഹചര്യത്തിലാണ് വിമാനസര്‍വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യത്തിലേക്ക് വരുന്നത്.
വിമാനങ്ങളില്‍ ഏഴെണ്ണത്തിന് പ്രശ്‌നം നേരിടുമ്പോള്‍ അത് ദിവസം 50ഓളം സര്‍വീസുകളെയാണ് ബാധിക്കുന്നത്. ഒരു വിമാനം ശരാശരി ദിവസേന 8-9 ആഭ്യന്തര സര്‍വീസുകളാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ ചില സര്‍വീസുകള്‍ കാന്‍സല്‍ ചെയ്യുകയല്ലാതെ വഴിയില്ലെന്ന് കമ്പനി പറയുന്നു. ദിവസം 50 സര്‍വീസുകള്‍ വരെ റദ്ദ് ചെയ്യുന്നത് യാത്രക്കാരെ വലയ്ക്കും. എന്നാല്‍ ഏതൊക്കെ സര്‍വീസുകളാണ് റദ്ദ് ചെയ്യുന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സിംഗപ്പൂര്‍, കുവൈറ്റ് ഫ്‌ളൈറ്റുകളെയും ബാധിക്കാം.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline