ആശുപത്രികള്‍ക്ക് ഇനി മൂന്നു തരം അക്രെഡിറ്റേഷന്‍; ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ്
ആശുപത്രികളുടെ അക്രെഡിറ്റേഷന്‍ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലഘൂകരിച്ചു. ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ് എന്നിങ്ങനെ മൂന്നിനം റേറ്റിംഗുകള്‍ നല്‍കാനാണ് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സിന് അനുമതി നല്‍കിയിട്ടുള്ളത്. ഇതോടെ അക്രഡിറ്റേഷന്‍ പ്രക്രിയയുടെ ചെലവും കാലതാമസവും ഗണ്യമായി കുറയും.
മോദി സര്‍ക്കാരിന്റെ പാവപ്പെട്ടവര്‍ക്കുള്ള ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് യോഗ്യതയുള്ള ആശുപത്രികളുടെ കുറവ് ബോധ്യമായതോടെയാണ് അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങള്‍ സുഗമമാക്കാന്‍ തീരുമാനമായത്.പ്രധാനമായും ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലും വിദൂര ഗ്രാമപ്രദേശങ്ങളിലും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ അപര്യാപ്തത നികത്താനാണ് ദേശീയ ആരോഗ്യ അതോറിറ്റി (എന്‍എച്ച്എ) പുതിയ അക്രഡിറ്റേഷന്‍ സംവിധാനം ആവിഷ്‌കരിച്ചത്. ഇതോടെ ചെറിയ ആശുപത്രികള്‍ക്കും ലൈസന്‍സ് നേടാനും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി മാനദണ്ഡ പ്രകാരം ഗ്രാമീണ മേഖലകളില്‍ പ്രവര്‍ത്തിക്കാനും സാധ്യമാകും.
ചെറിയ ആശുപത്രികളുടെ അക്രഡിറ്റേഷന്‍ കഴിയുന്നത്ര നിരസിക്കാതെ കുറഞ്ഞ റേറ്റിംഗ് നല്‍കും. ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ് റേറ്റിംഗുകളിലൂടെ ആളുകള്‍ക്ക് എന്തൊക്കെ സൗകര്യങ്ങള്‍ പ്രതീക്ഷിക്കാമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയും. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത അക്രഡിറ്റേഷന്‍ സമ്പ്രദായമാണിത്.
അക്രഡിറ്റേഷന്‍ നേടുന്നതിനുള്ള ചെലവ് ഇപ്പോള്‍ 80,000 മുതല്‍ 1.5 ലക്ഷം രൂപ വരെയാണ്. ഈ തുക 10,000 രൂപയായി കുറയുമെന്ന് എന്‍ എച്ച് എ ജനറല്‍ മാനേജര്‍ (ഹോസ്പിറ്റല്‍ നെറ്റ്വര്‍ക്കിംഗ് ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്) ഡോ. ജെ എല്‍ മീണ പറയുന്നു. സര്‍ട്ടിഫിക്കേഷന് ആറ് - എട്ട് മാസം സമയമെടുത്തിരുന്നത് 25-35 ദിവസമായി കുറയുമെന്നും അദ്ദേഹം അറിയിച്ചു.