ബാങ്കുകള്‍ കയറിയിറങ്ങി ചെറുകിട സംരംഭകര്‍; സഹായ വായ്പ പദ്ധതി സഹായമാകുന്നില്ല
തൃശൂര്‍ ജില്ലയിലെ ഒരു സംരംഭകന്‍ ജൂണ്‍ രണ്ടിന് ഏറെ പ്രതീക്ഷയോടെയാണ് ബാങ്കിനെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍, രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭകരെ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ പ്രഖ്യാപിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി പദ്ധതി പ്രകാരം രണ്ട് സംരംഭങ്ങളുടെ പേരിലായി അധികമായി മൊത്തം പത്തുലക്ഷം രൂപ നേടിയെടുക്കാനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം (ഇസിഎല്‍ജിഎസ്) ലഭിക്കാന്‍ അദ്ദേഹത്തിന്റെ സംരംഭത്തിന് അര്‍ഹതയുമുണ്ട്.
പക്ഷേ ജൂണ്‍ 16 നായിട്ടും വായ്പ ലഭിച്ചില്ല. അപേക്ഷയില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ സാധിച്ചില്ല, കോവിഡ് കാലമായതിനാല്‍ ബാങ്കില്‍ ജീവനക്കാര്‍ കുറവാണ് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഓരോ ദിവസവും കടന്നുപോകുന്നു.
ഒരു ജാമ്യവും വേണ്ട, ചെറുകിട സംരംഭകര്‍ക്ക് ഇഷ്ടം പോലെ വായ്പ എന്ന പ്രഖ്യാപനങ്ങളും കേട്ട് ബാങ്കുകളെ സമീപിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന അനുഭവങ്ങള്‍ ഇതാണെന്ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ സംരംഭകര്‍ പറയുന്നു.
പദ്ധതി കൊള്ളാം, പക്ഷേ...
നിലവിലുള്ള സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും മുദ്ര വായ്പയെടുത്ത സംരംഭകര്‍ക്കുമാണ് ഇസിഎല്‍ജിഎസിന്റെ പ്രയോജനം ലഭിക്കുക. വായ്പകള്‍ക്കായി അപേക്ഷിക്കുന്ന യൂണിറ്റുകളുടെ വായ്പാ കുടിശിക ഫെബ്രുവരി 29ന് 25 കോടിയില്‍ കൂടുതല്‍ വരാന്‍ പാടില്ല. അതുപോലെ വിറ്റുവരവ് ഇക്കാലയളവില്‍ 100 കോടി രൂപ കവിയാനും പാടില്ല. ഫെബ്രുവരി 29ന് എത്ര തുകയാണോ അടയ്ക്കാനുള്ള വായ്പ അതിന്റെ 20 ശതമാനം തുകയാണ് വായ്പയായി നല്‍കുന്നത്. ടേം വായ്പ, പ്രവര്‍ത്തന മൂലധന ടേം വായ്പ, കാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ്, പ്രവര്‍ത്തന മൂലധന വായ്പ എന്നിവയില്‍ ഏതുമാകാം. ഇതൊരു പ്രീ അപ്രൂവ്ഡ് വായ്പ ആണ്. അതുകൊണ്ട് ഓരോ ബാങ്കിന്റെയും ബ്രാഞ്ചുകളുടെ കീഴില്‍ ഇത്തരം നിബന്ധനകള്‍ പാലിക്കുന്ന സംരംഭകരുടെ എണ്ണവും വന്‍തോതില്‍ കാണാന്‍ ഇടയില്ല. ഈ വായ്പ ആവശ്യമില്ലെന്ന് ബാങ്കിനെ അറിയിക്കുന്നവരുമുണ്ട്. ''ഞാന്‍ വായ്പക്കായി അപേക്ഷിച്ച ബാങ്കിന്റെ ശാഖയില്‍ സമാനമായ 15 അപേക്ഷകളെ പരമാവധി കാണൂ. ഇതില്‍ ഒരു അപേക്ഷ ഒരു ദിവസം പ്രോസസ് ചെയ്താല്‍ പോലും പതിനഞ്ച് ദിവസത്തിനുള്ളില്‍ തീര്‍ക്കാമല്ലോ? എന്തൊരു കാലതാമസമാണിത്,'' വായ്പ തേടി നടക്കുന്ന ഒരു സംരംഭകന്‍ പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നു ലക്ഷം കോടി രൂപയില്‍ മൂന്നിലൊരുഭാഗത്തോളം ഇതിനകം രാജ്യത്ത് വിതരണം ചെയ്തുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. കേരളത്തിന് പുറത്ത് സംരംഭകര്‍ വന്‍തോതില്‍ ഈ വായ്പകള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ബാങ്കുകളുടെ തണുപ്പന്‍ സമീപനം മൂലം തങ്ങള്‍ക്ക് സഹായം ലഭിക്കുന്നില്ലെന്ന് സംരംഭകര്‍ പറയുന്നു.
എന്നാല്‍ ജീവനക്കാരില്ലാത്തതാണ് വായ്പ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ കാലതാമസം വരുന്നതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കോവിഡ് ബാധ കൂടുതലുള്ള ചിലയിടങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നില്ല. തുറന്നുപ്രവര്‍ത്തിക്കുന്നയിടത്ത് മുഴുവന്‍ ജീവനക്കാര്‍ക്കും വരാന്‍ പറ്റുന്നില്ല.
ഇതുവരെ വായ്പ എടുക്കാത്തതും പ്രശ്‌നമാകുന്നു
അതിനിടെ ഇതുവരെ ബാങ്ക് വായ്പ എടുക്കാതെ നല്ല രീതിയില്‍ ബിസിനസ് നടത്തിക്കൊണ്ടുപോയവര്‍, ഇപ്പോള്‍ ബാങ്കുകളെ സമീപിക്കുമ്പോള്‍ വായ്പ നല്‍കാന്‍ സാധ്യമല്ലെന്ന നിലപാടാണ് എടുക്കുന്നത്. നിലവില്‍ വായ്പ എടുത്തവരാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി വായ്പ തരാം. പുതുതായി വായ്പ നല്‍കാന്‍ പറ്റില്ലെന്ന നിലപാടാണ് എടുക്കുന്നതെന്ന് സംരംഭകര്‍ പറയുന്നു. ''ടൂറിസം ഇന്‍ഡസ്ട്രിയില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സ്ഥാപനമാണ് ഞങ്ങളുടേത്. 30-35 വര്‍ഷമായി ഞാന്‍ നികുതി അടയ്ക്കുന്നു. എല്ലാ രേഖകളും കൃത്യമായി സൂക്ഷിക്കുന്ന സ്ഥാപനമാണ്. കോവിഡ് മൂലം ട്രാവല്‍ ഇന്‍ഡസ്ട്രിക്ക് തിരിച്ചടിയുണ്ടായപ്പോഴാണ് ഞാന്‍ വായ്പക്കായി ബാങ്കുകളെ സമീപിച്ചത്. ഇതുവരെ ഒരുതരത്തിലുള്ള വായ്പയും എടുത്തിട്ടുമില്ല. എനിക്കിപ്പോള്‍ വായ്പ നിക്ഷേധിക്കാന്‍ കാരണമായി ബാങ്കുകള്‍ പറയുന്ന ഒരു കാരണവും എനിക്ക് വായ്പകള്‍ ഇല്ലെന്നതാണ്,'' ജിഎന്‍എസ് ലീഷര്‍ ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ നളിന പൊതുവാള്‍ ചോദിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എംഎസ്എംഇ പാക്കേജും ബാങ്കുകളില്‍ നിന്നുള്ള പിന്തുണയും എങ്ങനെ നേടിയെടുക്കാമെന്നറിയാതെ കുഴങ്ങുകയാണ് ഇപ്പോള്‍ സംരംഭകര്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline