Begin typing your search above and press return to search.
പേരില്‍ മാത്രം പോര 'ഇക്കോഫ്രണ്ട്‌ലി', 'ഗ്രീന്‍വാഷിംഗ്' തടയാന്‍ പുതിയ നിയമവുമായി കേന്ദ്രം
ഉത്പന്നങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദമാണെന്നും പ്രകൃതിദത്തമാണെന്നുമൊക്കെ സൂചിപ്പിക്കാനായി കമ്പനികള്‍ മിക്കവയും പരസ്യ വാചകങ്ങളില്‍ ഇക്കോ ഫ്രണ്ട്‌ലി, ഓര്‍ഗാനിക്, നാച്വറല്‍, ഗ്രീന്‍ തുടങ്ങി പല വാക്കുകളും ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ഇനി വെറുതെ ഈ വാക്കുകള്‍ കൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിച്ചാല്‍ പിടിവീഴും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യ വാചകങ്ങള്‍ക്കെതിരെ പുതിയ നിയമം ഇറക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ഉത്പന്നങ്ങളോ സേവനങ്ങളോ നല്‍കുന്നവര്‍ പരിസ്ഥിതി സൗഹൃദമെന്ന് പരസ്യങ്ങളില്‍ പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ അതേ കുറിച്ച് കൂടുതല്‍ സുതാര്യമായും കൃത്യമായും വ്യക്തമാക്കേണ്ടി വരും. വെറും പരസ്യ വാചകങ്ങള്‍ മാത്രമാണിതെങ്കില്‍ പിഴ ഈടാക്കുകയോ ജയില്‍ ശിക്ഷ അനുഭവിക്കുകയോ വേണ്ടിവരുമെന്ന് ഉപയോക്തൃകാര്യ സെക്രട്ടറി അറിയിച്ചു.
ബ്രാന്‍ഡ് ഇമേജ് കൂട്ടാന്‍ പരിസ്ഥിതിയെ കൂട്ടുപിടിക്കണ്ട
കമ്പനികള്‍ ബ്രാന്‍ഡ് ഇമേജ് വര്‍ധിപ്പിക്കാനായി പരിസ്ഥിതിയെ കൂട്ടുപിടിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒഴിവാക്കാനാണ് ''പ്രിവന്‍ഷന്‍ ആന്റ് റഗുലേഷന്‍ ഓഫ് ഗ്രീന്‍വാഷിംഗ് ഓര്‍ മിസ്ലീഡിംഗ് എന്‍വയോണ്‍മെന്റല്‍ ക്ലെയിംസ് 2024'' എന്ന പേരില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. നിര്‍മാതാക്കള്‍, സേവനദാതാക്കള്‍, വ്യാപാരികള്‍ തുടങ്ങി ഉത്പന്നങ്ങളെയോ സേവനങ്ങളെയോ കുറിച്ച് പരസ്യം ചെയ്യുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്.
ക്ലീന്‍, ഗ്രീന്‍, ഇക്കോഫ്രണ്ട്‌ലി, ഇക്കോ കോണ്‍ഷ്യസ്‌നെസ്, ഗുഡ് ഫോര്‍ ദി പ്ലാനറ്റ്, മിനിമല്‍ ഇംപാക്ട്, ക്രൂവല്‍റ്റി ഫ്രീ, കാര്‍ബണ്‍ ന്യൂട്രല്‍, പ്യുവര്‍, സസ്റ്റെയ്‌നബിള്‍, റീജനറേറ്റീവ് തുടങ്ങി പരിസ്ഥിതിയുമായി ഇഴുകിചേരുന്നതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കണമെങ്കില്‍ ഉത്പന്നമോ സേവനമോ അതിനെ സാധൂകരിക്കുന്നതാകണം. അല്ലാത്തപക്ഷം ശിക്ഷാ നടപടികള്‍ക്ക് വിധേയമാകേണ്ടി വരും.
ഉദാഹരണത്തിന് ഒരു ഉത്പന്നത്തിന്റെ പരസ്യത്തില്‍ സസ്റ്റെയ്‌നബിള്‍ (സുസ്ഥിരമായ) എന്ന അവകാശവാദം നടത്തിയാല്‍ അത് തെളിയിക്കുന്ന രേഖകള്‍ ഉപയോക്താക്കളോ അല്ലെങ്കില്‍ അധികാരികളോ ആവശ്യപ്പെട്ടാല്‍ പരിശോധനയ്ക്കായി നല്‍കേണ്ടി വരും. അതേപോലെ ഒരു ഉത്പന്നം പുനരുപയോഗിക്കാവുന്നതാണെന്ന് പരസ്യത്തില്‍ പറഞ്ഞാല്‍ ഉത്പന്നത്തിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രമാണോ അതോ പൂര്‍ണമായുമാണോ എന്നുമൊക്കെ വ്യക്തമാക്കണം.
കമ്പനികള്‍ പരിസ്ഥിതി സൗഹൃദ അവകാശവാദങ്ങള്‍ നടത്തിയാല്‍ അതുമായി ബന്ധപ്പെട്ട വസ്തുതാ പരമായ എല്ലാ കാര്യങ്ങളും പരസ്യങ്ങളില്‍ വ്യക്തമാക്കുകയും വേണം. ഇതിനായി ക്യു.ആര്‍ കോഡുകള്‍ ഉള്‍പ്പെടുത്തുകയോ വെബ്‌പേജ് ലിങ്കുകള്‍ നല്‍കുകയോ ചെയ്യണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു
പിഴ ഇങ്ങനെ
ഉപയോക്തൃ സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ 24 പ്രകാരം കമ്പനികള്‍ പരിസ്ഥിതി സൗഹൃദമെന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്നു കണ്ടെത്തിയാല്‍ 50,000 രൂപ വരെ പിഴ ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ ഒരു കോടി രൂപയായി ഉയരും.
കൂടാതെ സെക്ഷന്‍ 21 പ്രകാരം തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് പിഴ ലഭിച്ചവര്‍ അത് വീണ്ടും ലംഘിച്ചാല്‍ 10 ലക്ഷം രൂപ വരെ പിഴ നല്‍കണം. പിന്നീടും ഇത് ആവര്‍ത്തിച്ചാല്‍ പിഴ 50 ലക്ഷം ആകും. കൂടാതെ രണ്ട് വര്‍ഷം തടവ് ശിക്ഷയും ലഭിക്കും.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ മൂലം ഉത്പന്നം വാങ്ങി ഏതെങ്കിലും തരത്തിലുള്ള പ്രശന്ങ്ങളുണ്ടായാല്‍ ഉപയോക്താക്കള്‍ക്ക് സെക്ഷന്‍ 40 പ്രകാരം നഷ്ടപരിഹാരം ആവശ്യപ്പെടാനും സാധിക്കും.
എന്താണ് ഗ്രീന്‍വാഷിംഗ്?
കമ്പനികള്‍ പലതും പരിസ്ഥിതിക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും ഉത്തരവാദിത്തമുള്ള പരിസ്ഥിതി സംരക്ഷകരായി പരസ്യങ്ങളിലൂടെ സ്വയം വിശേഷിപ്പിക്കാറുണ്ട്. ഇതിനെയാണ് ഗ്രീന്‍ വാഷിംഗ് എന്ന് പറയുന്നത്. അമേരിക്കന്‍ പരിസ്ഥിതി പ്രവര്‍ത്തകനായ ജെയ് വെസ്റ്റര്‍വൈല്‍ഡ് ആണ് ഗ്രീന്‍ വാഷിംഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
2022ല്‍ കേപ് 27 കാലാവസ്ഥാ ഉച്ചകോടിയുടെ മുഖ്യ സ്‌പോണ്‍സറായി കോക്കകോള എത്തിയതോടെയാണ് ഗ്രീന്‍വാഷിംഗ് ലോക വ്യാപകമായി കേട്ടു തുടങ്ങിയത്. ജലചൂഷണവും പ്ലാസ്റ്റിക് മലിനീകരണവും നിരന്തരം നടത്തുന്ന കമ്പനി കാലാവസ്ഥ ഉച്ചകോടിയുടെ സ്‌പോണ്‍സറായി എത്തിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഫോക്‌സ്‌വാഗന്‍, ബ്രിട്ടീഷ് പെട്രോളിയം, സ്റ്റാര്‍ബക്‌സ്, നെസ്‌ലെ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ പലതും ഗ്രീന്‍വാഷിംഗ് നടത്തുന്നുവെന്ന് ആക്ഷേപമുണ്ടായിട്ടുണ്ട്.
Next Story
Videos