റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ മൂലധന ആദായ നികുതിയില്‍ വരുത്തിയ മാറ്റത്തിന്റെ ആഘാതം കുറയ്ക്കാന്‍ ധനകാര്യ ബില്ലില്‍ ഭേദഗതിക്ക് ഗവണ്‍മെന്റ് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കി. പഴയ രീതി തുടരാന്‍ ഓപ്ഷന്‍ അനുവദിക്കാനാണു ഭേദഗതി. അതായത് ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യത്തോടെ 20 ശതമാനം നികുതിയോ ആനുകൂല്യമില്ലാതെ 12.5 ശതമാനം നികുതിയോ അടച്ചാല്‍ മതി. 2024 ജൂലൈ 23 വരെ വസ്തുവോ കെട്ടിടമോ വാങ്ങിയ വ്യക്തികള്‍ക്ക് മാത്രമാണ് ഇവ വില്‍ക്കുമ്പോള്‍ നല്‍കുന്ന നികുതിയില്‍ ആനുകൂല്യം ലഭിക്കുക. രണ്ടു ഓപ്ഷനുകള്‍ പരിഗണിച്ച് അനുയോജ്യമായത് തിരഞ്ഞെടുക്കാം. 2024 ജൂലൈയ്ക്ക് ശേഷം വസ്തുവോ കെട്ടിടമോ വാങ്ങുന്നവര്‍ ഇന്‍ഡെക്‌സേഷനില്ലാതെ 12.5 ശതമാനം നികുതി നല്‍കണം.
വിമര്‍ശനത്തിനു പിന്നാലെ
ഇക്കഴിഞ്ഞ കേന്ദ ബജറ്റിലാണ് ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യം എടുത്തുകളഞ്ഞു കൊണ്ടുള്ള നികുതി പരിഷ്‌കാരം നടപ്പാക്കിയത്. ഇത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
രണ്ട് വര്‍ഷമെങ്കിലും കൈവശം വച്ചശേഷം വില്‍ക്കുന്ന വസ്തുവിന്റെ ലാഭത്തിന്മേല്‍ ദീര്‍ഘകാല മൂലധന ലാഭ നികുതിയായി 20 ശതമാനമായിരുന്നു അതുവരെ നികുതി. ഇതിനൊപ്പം പണപ്പെരുപ്പവുമായി തട്ടിച്ചുള്ള ഇന്‍ഡക്‌സേഷന്‍ ഇളവു ലഭിക്കുമായിരുന്നു. എന്നാല്‍ ബജറ്റില്‍ അവതരിപ്പിച്ച പുതിയ നികുതി സമ്പ്രദായമനുസരിച്ച് ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യമില്ലാതെ 12.5 ശതമാനമാണ് നികുതി. ഇത് പലര്‍ക്കും നികുതി ബാധ്യത കൂട്ടുന്നുവെന്നാണ് വിമര്‍ശനം.
ഇന്‍ഫോസിസിന്റെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മോഹന്‍ദാസ് പൈ ഉള്‍പ്പെടെയുള്ളവര്‍ ബജറ്റ് നിര്‍ദേശത്തിനെതിരെ രംഗത്തെത്തിയിരുന്നു. എടുത്തുചാട്ടമായിപ്പോയെന്നും മധ്യവര്‍ഗക്കാരെ ഉള്‍പ്പെടെ ഇത് അസ്വസ്ഥമാക്കുമെന്നും മോഹന്‍ദാസ് പൈ നരേന്ദ്ര മോദിയേയും ധനമന്ത്രിയേയും ഉള്‍പ്പെടെയുള്ളവരെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തിരുന്നു.
സമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേരാണ് ഇതേകുറിച്ച് വിമര്‍ശനം ഉന്നയിച്ചത്.
ഈ സാഹചര്യത്തിലാണ് രണ്ട് ഓപ്ഷനുകളില്‍ നേട്ടമുള്ളത് തിരഞ്ഞെടുക്കാന്‍ നികുതിയ ദായകരെ അനുവദിക്കുന്നവിധത്തില്‍ നിയമഭേദഗതി നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായത്.
നഷ്ടം ഇങ്ങനെ
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആസ്തി വാങ്ങിയവരെ സംബന്ധിച്ചാണ് ഇന്‍ഡെക്‌സേഷന്‍ എടുത്തുകളഞ്ഞത് കൂടുതല്‍ നഷ്ടമുണ്ടാക്കുന്നത്. ഉദാഹരണത്തിന് 2005ല്‍ ഒരു ലക്ഷം രൂപ കൊടുത്ത് ഒരു ആസ്തി വാങ്ങിയ ആള്‍ ഇപ്പോള്‍ അത് അഞ്ച് ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെന്നു കരുതുക. അയാള്‍ നാല് ലക്ഷം രൂപയ്ക്ക് 12.5 ശതമാനം മൂലധന നേട്ട നികുതി നല്‍കേണ്ടി വരും. നേരത്തെയായിരുന്നുവെങ്കില്‍ പ്രോപ്പര്‍ട്ടി വിലയ്ക്ക് പണപ്പെരുപ്പത്തിനനുസരിച്ച് ഇന്‍ഡെക്‌സേഷന്‍ ആനുകൂല്യം നല്‍കുമായിരുന്നു. അതായത് പണപ്പെരുപ്പം കണക്കാക്കിയ ശേഷം ഭൂമി വില മൂന്ന് ലക്ഷം രൂപയാണെങ്കില്‍ രണ്ട് ലക്ഷം രൂപയ്ക്ക് മൂലധന നേട്ട നികുതി നല്‍കിയാല്‍ മതിയായിരുന്നു.
കേരളത്തില്‍ പൈതൃക ഭൂമി കൈവശം കിട്ടിയവര്‍ക്കുള്‍പ്പെടെ തിരിച്ചടിയായിരുന്നു നിര്‍ദേശം. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് വഴിയുള്ള നേട്ടം 12-16 ശതമാനത്തോളമാണെന്നും പണപ്പെരുപ്പവുമായി തട്ടിച്ചുനോക്കുമ്പോള്‍ അത് വളരെ ഉയര്‍ന്നതാണെന്നും അതിനാല്‍ കൂടുതൽ പേര്‍ക്കും പുതിയ നികുതി നിര്‍ദേശം പ്രയോജനകരമാകുമെന്നുമായിരുന്നു ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റും ധനമന്ത്രാലയവും വാദിച്ചത്. വസ്തു വില്‍പ്പന വഴിയുള്ള നേട്ടം 9-11 ശതമാനത്തില്‍ താഴെയുള്ളവര്‍ക്കാണ് പഴയ നികുതി അനുയോജ്യമെന്നും നികുതി വകുപ്പ് പറയുന്നു. എന്തായാലും നികുതി ദായകരുടെ ആശങ്കകൾക്ക് ആശ്വാസം നൽകി കൊണ്ടുള്ളതാണ് പുതിയ നീക്കം.