വിമാനക്കമ്പനികള്‍ക്കിത് നല്ലകാലമോ? ഈ വര്‍ഷത്തെ ഏറ്റവും മികച്ച മാസമായി നവംബര്‍

2024 നവംബര്‍ വിമാനക്കമ്പനികളെ സംബന്ധിച്ച് ഏറ്റവും മികച്ച മാസമായിരുന്നു. വ്യോമയാന മന്ത്രാലയം പങ്കുവച്ച കണക്കനുസരിച്ച് 1.40 കോടി യാത്രക്കാരാണ് 91,728 സര്‍വീസുകള്‍ വഴി യാത്ര ചെയ്തത്. 2023 ഡിസബറിലെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 1.37 കോടി യാത്രക്കാരും 91,529 സര്‍വീസുകളമാണ് അന്ന് ഉണ്ടായിരുന്നത്. ഈ വര്‍ഷം മേയിലും സമാനമായ സംഖ്യ തൊട്ടിരുന്നു. 93,551 സര്‍വീസുകള്‍ വഴി 1.37 കോടി യാത്രക്കാരാണ് പറന്നത്.

പ്രതിദിന യാത്രക്കാരുടെ എണ്ണം ആദ്യമായി അഞ്ച് ലക്ഷം കോടിയെന്ന റെക്കോഡിനു പിന്നാലെയാണ് പുതിയ കണക്കുകള്‍. നവംബര്‍ 17നാണ് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ആദ്യമായി 5,05,412 കടന്നത്. തൊട്ടടുത്ത ദിവസം ഇത് 5,05,611 ആയി. ഈ മാസം ശരാശരി 4,83,578 യാത്രക്കാരാണ് പ്രതിദിനം യാത്ര ചെയ്തത്. ഡിസംബറിലെ ശരാശരി ആഭ്യന്തര യാത്രക്കാരുടെ എണ്ണം 4,46,816 ആയിരുന്നു. അതുമായി നോക്കുമ്പോള്‍ ഗണ്യമായ വര്‍ധനയുണ്ട്.

ഫ്‌ളൈറ്റുകള്‍ കൂട്ടിയേക്കും

ഒക്ടോബറില്‍ ശരാശരി 3,153 ആഭ്യന്തര ഫ്‌ളൈറ്റുകളാണ് ദിനംപ്രതി സര്‍വീസ് നടത്തിയത്. നംവബറില്‍ ഇത് 3,165 ആയി ഉയര്‍ന്നു. 12 ഫ്‌ളൈറ്റുകളാണ് ആകെ കൂടിയത്. ഇന്‍ഡിഗോ ഓര്‍ഡര്‍ ചെയ്ത ഫ്‌ളൈറ്റുകള്‍ കിട്ടാന്‍ വൈകുന്നതും സ്‌പൈസ് ജെറ്റിന്റെ ചില വിമാനങ്ങള്‍ അറ്റകുറ്റപണികള്‍ക്കായി മാറ്റിയതുമാണ് എണ്ണം കുറച്ചത്. അകാശ എയര്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ പുതിയ വിമാനങ്ങളൊന്നും പുതുതായി കൊണ്ടു വന്നതുമില്ല.
അവധിക്കാലം ആരംഭിക്കാനിരിക്കെ ഉയര്‍ന്ന ആവശ്യം കണക്കിലെടുത്ത് ഫ്‌ളൈറ്റുകളുടെ എണ്ണം കൂട്ടാന്‍ വിമാനക്കമ്പനികള്‍ ആലോചിക്കുന്നുണ്ട്. ടിക്കറ്റ് നിരക്കില്‍ സ്ഥിരത കൊണ്ടു വരാന്‍ എണ്ണം കൂട്ടുന്നതു വഴി സാധിക്കുമെങ്കിലും അവധിക്കാല ഡിമാന്‍ഡ് കൂടുന്നത് വില ഉയര്‍ന്ന് നില്‍ക്കാന്‍ ഇടയാക്കും.
ആകാശ എയറും എയര്‍ ഇന്ത്യ എക്‌സ്പ്രസും കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെങ്കിലും ബോയിംഗില്‍ സമരം നടക്കുന്നതു മൂലം സമയത്ത് കിട്ടാനിടയില്ല. പുതിയ എയര്‍ക്രാഫ്റ്റുകളുടെ നിര്‍മാണത്തെയും വിതരണത്തെയും സമരം ബാധിക്കുന്നുണ്ട്.

ടിക്കറ്റ് നിരക്ക് കൂടി തന്നെ

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്‍ഡിഗോ 987 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ ഏഴ് പാദത്തെ ലാഭത്തിനു ശേഷമാണിത്, ഫ്‌ളൈറ്റിനുള്ള ആവശ്യം ഉയര്‍ന്നതോടെ ടിക്കറ്റ് വില ആനുപാതികമായി കുറയുമെന്നായിരുന്നു ഫലപ്രഖ്യാപനവേളയില്‍ ഇന്‍ഡഗോ സൂചിപ്പിച്ചത്. എന്നാല്‍ തിരിച്ചാണ് സംഭവിക്കുന്നത്.

ചെറിയ ദൂരങ്ങളില്‍ പോലും അമിത നിരക്കാണ് ഈടാക്കുന്നതെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തുന്നു. നവംബറില്‍ ഭൂരിഭാഗം വിമാനക്കമ്പനികളുടെയും 90 ശതമാനം സീറ്റുകളും ബുക്കിംഗ് ആയിരുന്നു. ഒക്ടോബറില്‍ ദീപവലിക്കാലമായിട്ടും ബുക്കിംഗ് കുറവായിരുന്നു. അതിനാല്‍ കമ്പനികള്‍ ഫ്‌ളാഷ് ഡിസ്‌കൗണ്ടും മറ്റും നല്‍കി ആളുകളെ ആകര്‍ഷിച്ചു. ആളുകൂടിയതോടെ കമ്പനികള്‍ നിരക്കും വര്‍ധിപ്പിക്കുകയായിരുന്നു.

Related Articles
Next Story
Videos
Share it