മുതിര്‍ന്ന പൗരന്‍മാര്‍ക്കായി വീടുകള്‍: സീസണ്‍ ടുവും അസറ്റ് ഹോംസും ഒന്നിക്കുന്നു

കേരളത്തിലാദ്യമായി മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ലോകോത്തര നിലവാരമുളള വീടുകള്‍ നിര്‍മിക്കാന്‍ സീസണ്‍ ടു സീനിയര്‍ ലിവിങും അസറ്റ് ഹോംസും ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു. ആദ്യ പദ്ധതിയുടെ നിര്‍മാണം ഏതാനും മാസങ്ങള്‍ക്കകം ആരംഭിക്കും.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അനുയോജ്യമായ രീതിയില്‍ സീസണ്‍ ടു ലഭ്യമാക്കുന്ന രൂപകല്‍പനയെ അടിസ്ഥാനമാക്കിയാവും ആലുവ രാജഗിരി ആശുപത്രിക്കു സമീപം അസറ്റ് ഹോം പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത 360 അപാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കുക. ഇതു പൂര്‍ത്തിയാകുമ്പോള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സമാധാനപരവും ആരോഗ്യകരവും സുരക്ഷിതവുമായ ജീവിതം ഉറപ്പാക്കുന്ന സൗകര്യങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പിക്കാന്‍ സീസണ്‍ ടു സംഘം എത്തുകയും ചെയ്യും.

സ്വതന്ത്രമായ ജീവിതം ആഗ്രഹിക്കുന്നവര്‍ക്കും മറ്റുള്ളവരുടെ പിന്തുണയോടും തുടര്‍ച്ചയായ പരിചരണത്തോടും കൂടിയ ജീവിതം ആഗ്രഹിക്കുന്നവര്‍ക്കും സഹായകമായ രീതിയിലാവും വീടുകളുടെ രൂപകല്‍പന. പ്രാഥമിക ആരോഗ്യ സേവനം, ഫിസിയോ തെറാപി, ഹൈഡ്രോ തെറാപി, മുറിക്കുള്ളിലെ നഴ്‌സിങ്, ആയുര്‍വേദ ചികില്‍സ, നടത്തത്തിനുള്ള പാതകള്‍, യോഗാ സെന്റര്‍, ഫിറ്റ്‌നെസ് കേന്ദ്രം, വിനോദ സൗകര്യങ്ങള്‍, സാമൂഹിക കേന്ദ്രങ്ങള്‍ എന്നിങ്ങനെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സഹായകമാകുന്ന എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ടാകും.

ഇന്ത്യയിലെ മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം 2011ലെ 104 ദശലക്ഷത്തില്‍ നിന്ന് മൂന്നു മടങ്ങു വര്‍ധിച്ച് 2050ല്‍ 300 ദശലക്ഷമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2050ലെ ആകെ ജനസംഖ്യയുടെ 18 ശതമാനമായിരിക്കും ഇത്. ലോകത്തില്‍ ജനസംഖ്യ ഏറ്റവും കൂടുതല്‍ വര്‍ധിക്കുന്ന വിഭാഗമാണ് 60 വയസിനു മുകളിലുള്ളവരുടേത്. 11.5 ശതമാനത്തില്‍ നില്‍ക്കുന്ന ഇത് 2050ഓടെ 22 ശതമാനമാകും എന്നാണ് കണക്കു കൂട്ടുന്നത്.

ഇന്ത്യയിലെ മുതിര്‍ന്ന പൗരന്‍മാരുടെ ജീവിതത്തെ പുനര്‍നിര്‍വചിക്കാനാണ് തങ്ങളുടെ ശ്രമമെന്ന് സീസണ്‍ ടു ചീഫ് ഓപറേറ്റിങ് ഓഫിസറും ബോര്‍ഡ് മെമ്പറുമായ അഞ്ജലി നായര്‍ പറഞ്ഞു. ഈ ദിശയിലെ ആദ്യ ചുവടു വെയ്പാണ് അസറ്റ് ഹോംസുമായുള്ള സഹകരണം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വേണ്ടി ഉന്നത നിലവാരമുള്ള സൗകര്യങ്ങളാവും തങ്ങള്‍ നല്‍കുക. സുരക്ഷിതമായതും ആത്മവിശ്വാസമുള്ളതും മികച്ച ആരോഗ്യമുള്ളതുമായിരിക്കും മുതിര്‍ന്ന പൗരന്‍മാരുടെ ജീവിതമെന്ന് തങ്ങള്‍ ഉറപ്പാക്കുമെന്നും അഞ്ജലി നായര്‍ പറഞ്ഞു.

ഉപഭോക്തൃ കേന്ദ്രീകൃതമായ നവീനമായ പദ്ധതികളുടേയും ഉയര്‍ന്ന നിലവാരത്തില്‍ കൃത്യസമയത്തു തന്നെ കൈമാറ്റം ചെയ്യുന്ന ഭവന പദ്ധതികളുടേയും പേരിലാണ് അസറ്റ് ഹോംസ് അറിയപ്പെടുന്നതെന്ന് അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടര്‍ വി. സുനില്‍കുമാര്‍ പറഞ്ഞു. സീസണ്‍ ടുവുമായി സഹകരിക്കാന്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ട്. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


Related Articles
Next Story
Videos
Share it