നഷ്ടം 43 % ഉയര്‍ന്ന് ഹോട്ട്സ്റ്റാര്‍ ; നെറ്റ്ഫ്‌ളിക്‌സിന് നേരിയ ലാഭം
ഹോട്ട്സ്റ്റാര്‍ നഷ്ടം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 42.50 ശതമാനം വര്‍ദ്ധിച്ച് 554.38 കോടി രൂപയായി. അതേസമയം, പ്രധാന എതിരാളിയായ നെറ്റ്ഫ്‌ളിക്‌സ് നാമമാത്രമായി ലാഭം ഉയര്‍ത്തി. 5.1 കോടി രൂപയാണ് നെറ്റ്ഫ്‌ളിക്‌സ് നേടിയ ലാഭം. 2018 ല്‍ 20 ലക്ഷമായിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം ഹോട്ട്സ്റ്റാര്‍ വരുമാനം 95 ശതമാനത്തോളം ഉയര്‍ന്ന് 1112.74 കോടിയായെങ്കിലും ചെലവ് 1677.51 കോടി ആയതു തിരിച്ചടിയായി. 2018 ല്‍ 965.7 കോടിയായിരുന്നു ചെലവ്. നെറ്റ്ഫ്‌ളിക്‌സ് വരുമാനം 450 കോടിയായി ഉയര്‍ത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 700 ശതമാനം വളര്‍ച്ച.
വീഡിയോ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ എണ്ണം 2012 ല്‍ 15 ആയിരുന്നത് 2018 ല്‍ 32 ആയി. 2023 ഓടെ ഓണ്‍ലൈനില്‍ വീഡിയോ കാണുന്നവരുടെ എണ്ണം 550 ദശലക്ഷം ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മാസം തോറുമുള്ള കാഴ്ചക്കാരുടെ കണക്കിലും ഡൗണ്‍ലോഡ് എണ്ണത്തിലും ഇന്ത്യയില്‍ ഹോട്ട്സ്റ്റാറാണ് മുന്നില്‍. 300 ദശലക്ഷമാണ് ഹോട്ട്സ്റ്റാറിനു പ്രതിമാസമുള്ള കാഴ്ചക്കാരുടെ എണ്ണം. 299 രൂപയുടേതാണ് ഹോട്ട്സ്റ്റാറിലെ പ്രതിമാസ പാക്കേജ്.
ആഗോള കമ്പനികളായ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, പ്രാദേശിക കമ്പനികളായ സീ 5, ആള്‍ട്ട് ബാലാജി, സോണിലിവ് എന്നിവയുമായി ഹോട്ട്സ്റ്റാര്‍ മത്സരിക്കുന്നു.ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2019 ഫൈനലില്‍ ഒരേസമയം 18.6 ദശലക്ഷം പേരെ തങ്ങള്‍ കളി കാണിച്ചതായി കമ്പനി അവകാശപ്പെടുന്നു. അതേസമയം ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ കരുത്ത് നേടാന്‍ മൊബൈല്‍ ഫോണുകള്‍ക്കു മാത്രമായി തങ്ങള്‍ കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തിയത് ഗുണകരമായിട്ടുള്ളതായി നെറ്റ്ഫ്‌ളിക്‌സ് വിലയിരുത്തുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline