Top

സംരംഭങ്ങളുടെ പ്രവര്‍ത്തന മൂലധനം കണക്കാക്കുന്നതെങ്ങനെ?

സിബി ചാണ്ടി

ഒരു സംരംഭം കെട്ടിപ്പടുക്കുമ്പോള്‍ അതിനായി രണ്ടു തരത്തിലുള്ള ആസ്തികള്‍ വേണ്ടി വരും. ഫിക്‌സഡ് അസറ്റും കറന്റ് അസറ്റും. ഭൂമി, കെട്ടിടം, ഫര്‍ണിച്ചര്‍ തുടങ്ങിയവയൊക്കെയാണ് ഫിക്‌സഡ് അസറ്റ്. പരമാവധി ഒരു വര്‍ഷത്തിനുള്ളില്‍ വിറ്റ് പണമാക്കി മാറ്റാവുന്ന ആസ്തികളാണ് കറന്റ് അസറ്റ്. അസംസ്‌കൃത വസ്തുക്കള്‍, സെമി ഫിന്ഷ്ഡ് ഗുഡ്‌സ്, ഫിനിഷ്ഡ് ഗുഡ്‌സ് തുടങ്ങിയവയൊക്കെ കറന്റ് അസറ്റില്‍ ഉള്‍പ്പെടുന്നു.

പ്രവര്‍ത്തന മൂലധനം

കറന്റ് അസറ്റുകള്‍ക്കായി ചെലവഴിക്കാനും ബിസിനസ് നടത്തിക്കൊണ്ടു പോകാനും ഉപയോഗിക്കുന്ന തുകയാണ് പ്രവര്‍ത്തന മൂലധനം. കറന്റ് അസറ്റുകള്‍ക്കായി വിനിയോഗിക്കുന്ന പണം കറങ്ങിത്തിരിഞ്ഞ് വീണ്ടും പണമായി സംരംഭകന്റെ കൈയിലെത്തുന്നു. ഇത് വീണ്ടും കറന്റ് അസറ്റ് വാങ്ങാനായി ഉപയോഗിക്കുന്നു. ഇങ്ങനെ സംരംഭത്തില്‍ മുടക്കുന്ന പണം വീണ്ടും പണമായി തിരിച്ചെത്തുന്നതിനുള്ള കാലയളവിനെയാണ് ഓപ്പറേറ്റിംഗ് സൈക്ക്ള്‍ കോണ്‍സപ്റ്റ് എന്നു വിളിക്കുന്നത്. പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ സ്വന്തം ഫണ്ട് ഉപയോഗിക്കുകയോ ബാങ്ക് ഉള്‍പ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പയായി കണ്ടെത്തുകയോ ചെയ്യാം. ആവശ്യമായ പ്രവര്‍ത്തന മൂലധനം എത്ര യെന്ന് കണക്കാക്കാന്‍ മൂന്നു രീതികളുണ്ട്.

  1. വിറ്റു വരവ് രീതി

നായക്‌സ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് വിറ്റുവരവ് രീതി ആര്‍ബിഐ നിശ്ചയിച്ചത്. ചെറുകിട സംരംഭങ്ങള്‍ക്കു വേണ്ടിയാണിത്. അഞ്ചു കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ കാര്യത്തില്‍ മിക്ക ബാങ്കുകളും ഇപ്പോള്‍ ഈ രീതിയാണ് പിന്തുടരുന്നത്. ഐ.റ്റി, സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ക്ക് രണ്ടു കോടി രൂപയാണ് പരിധി. പ്രതീക്ഷിത വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പ്രവര്‍ത്തന മൂലധനം കണക്കാക്കുന്നത്. വിറ്റുവരവിന്റെ 25 ശതമാനമാണ് ഇത്തരത്തില്‍ പ്രവര്‍ത്തന മൂലധനമായി വേണ്ടി വരികയെന്നാണ് കണക്ക്. ഇതില്‍ അഞ്ചു ശതമാനം സംരംഭകന്‍ കണ്ടെത്തണം. ബാക്കി 20 ശതമാനം ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുക്കാനാകും. അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന വിറ്റുവരവ് 120 കോടിയാണെന്ന് സങ്കല്‍പ്പിക്കുക. അതിന്റെ 25 ശതമാനമായ 30 കോടി രൂപയാണ് ആവശ്യമായ പ്രവര്‍ത്തന മൂലധനമായി കണക്കാക്കുക. അതില്‍ ആറു കോടി രൂപ സംരംഭകനും ബാക്കി 24 കോടി രൂപ ബാങ്കില്‍ നിന്നുമായി സമാഹരിക്കുന്നു. (ജിഎസ്ടി നിലവില്‍ വന്ന ശേഷം ജിഎസ്ടി റിട്ടേണിനെ അടിസ്ഥാനമാക്കിയാണ് ബാങ്കുകള്‍ വിറ്റുവരവ് കണക്കാക്കുന്നത്).

  1. ടാന്‍ഡന്‍ കമ്മിറ്റി ശുപാര്‍ശയെ അടിസ്ഥാനമാക്കിയുള്ളതാണ് രണ്ടാമത്തെ രീതി. അഞ്ച് കോടി രൂപയ്ക്ക് മേല്‍ വിറ്റുവരവുള്ള കമ്പനികള്‍ക്കായാണിത്. ഇവിടെ സംരംഭകന്‍ മൊത്ത കറന്റ് അസറ്റിന്റെ (Total Current Asset- TCA) 25 ശതമാനം കണ്ടെത്തണം. മിനിമം കറന്റ് റേഷ്യോ (കറന്റ് അസറ്റും നിലവിലെ ബാധ്യതകളും തമ്മിലുള്ള അനുപാതം) 1.33:1 ആയിരിക്കണമെന്നുണ്ട്. മൊത്തം കറന്റ് അസറ്റ് (10 ലക്ഷം രൂപയുള്ള ഒരു കമ്പനിയെ ഉദാഹരണമായി എടുക്കാം. അതിന്റെ ബാധ്യത രണ്ടു ലക്ഷം രൂപയാണെന്ന് കരുതുക. ഇവിടെ പ്രവര്‍ത്തന മൂലധന ഗ്യാപ് 10 ലക്ഷം- 2 ലക്ഷം = എട്ടു ലക്ഷം രൂപയാണ്. മൊത്തം കറന്റ് അസറ്റായ 10 ലക്ഷം രൂപയുടെ 25 ശതമാനമായ 2.5 ലക്ഷം രൂപയാണ് സംരംഭകന്‍ കൊണ്ടുവന്ന മാര്‍ജിന്‍ തുക. അപ്പോള്‍ രണ്ടാമത്തെ രീതി അനുസരിച്ച് ബാങ്കില്‍ നിന്ന് അനുവദനീയമായ പരമാവധി തുക വര്‍ക്കിംഗ് കാപിറ്റല്‍ ഗ്യാപ്-മാര്‍ജിന്‍ = എട്ടു ലക്ഷം - 2.5 ലക്ഷം= 5.5 ലക്ഷം രൂപ. അതു കൊണ്ട് ആകെ ബാധ്യത വരിക 2 + 5.5 = 7.5 ലക്ഷം. ഇതില്‍ കറന്റ് റേഷ്യോ വരുന്നത് 10/7.5 = 1.33:1 ആണ്.

കാഷ് ബജറ്റ് രീതി

സീസണല്‍ ഇന്‍ഡസ്ട്രികളായ പഞ്ചസാര, തേയില, എന്നിവയ്ക്ക് പുറമേ ഐ.റ്റി, സോഫ്റ്റ്‌വെയര്‍, സേവന മേഖല തുടങ്ങിയവയുടെ കാര്യത്തിലാണ് ഈ രീതി പൊതുവെ ഉപയോഗിക്കുക. അസംസ്‌കൃത വസ്തുക്കളുടെയും മറ്റും ലഭ്യത സീസണ്‍ അനുസരിച്ചായിരിക്കുന്നതിനാല്‍ ഇവയിലെ വര്‍ക്കിംഗ് ക്യാപിറ്റല്‍ സൈക്കിള്‍ ദൈര്‍ഘ്യമേറിയതായിരിക്കും. അതുകൊണ്ടുതന്നെ സംരംഭകനും ബാങ്കും കണക്കു കൂട്ടി അംഗീകരിച്ച പ്രതിമാസ കാഷ് ഫ്‌ളോയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തന മൂലധനം കണക്കാക്കുക. ഇതിന്റെ കറന്റ് റേഷ്യോ 1.25:1 ആയിരിക്കും.

സെഞ്ചൂറിയനിലെ സീനിയര്‍ കണ്‍സള്‍ട്ടന്റാണ് ലേഖകന്‍

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it