പുതിയ ഭേദഗതികള്‍ കോര്‍പ്പറേറ്റ് മേഖലയെ എങ്ങനെ ബാധിക്കും?

കോര്‍പ്പറേറ്റ് രംഗത്തെ മോശം പ്രവണതകള്‍ ഇല്ലാതാക്കാനായ് ഇന്ത്യന്‍ ഗവണ്‍മെന്റ് നയങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ്. സ്വതന്ത്ര ഡയറക്ടര്‍മാരുടെ നിയമനത്തിലാണ് സര്‍ക്കാര്‍ നിലവിലുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്. അടുത്തിടെ ചില പ്രമുഖ ബാങ്കുകളില്‍ സംഭവിച്ച വിവാദ സംഭവങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടത് ആവശ്യമാണെന്ന് വരുന്നു .

കമ്പനീസ്(അപ്പോയിന്മെന്റ്‌സ് ആന്‍ഡ് ക്വാളിഫിക്കേഷന്‍ ഓഫ് ഡയറക്‌ടേഴ്‌സ്) റൂള്‍സ് 2014ന് ഭേദഗതി വരുത്തിയതോടു കൂടിയാണ് കോര്‍പ്പറേറ്റ് രംഗത്ത് പുതിയ മാറ്റങ്ങള്‍ വരുന്നത്. ഭേദഗതി പ്രകാരം സ്വതന്ത്ര ഡയറക്ടര്‍ക്ക് കമ്പനിയുമായോ, പ്രൊമോട്ടര്‍മാരുമായോ മറ്റു ഡയറക്ടര്‍മാരുമായോ ബാധ്യതകള്‍ ഉണ്ടാകുവാന്‍ പാടുള്ളതല്ല.

പ്രൊമോട്ടര്‍മാര്‍ പലപ്പോഴും പരിചയക്കാരെയോ ബന്ധുക്കളെയോ സ്വതന്ത്ര ഡയറക്ടറായി നിയമിക്കാറുണ്ട്. കോര്‍പ്പറേറ്റ് ഗവണന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദയ് കോട്ടക് കമ്മറ്റി പറഞ്ഞത് സ്വതന്ത്ര ഡയറക്ടര്‍മാരുടെ ധര്‍മം കമ്പനി ബോഡില്‍ നിഷ്പക്ഷത കൊണ്ടുവരികയും ബോഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുകയുമാണെന്നാണ്.

സ്വതന്ത്ര ഡയറക്ടര്‍മാര്‍ കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തങ്ങളില്‍ ഇടപെടാറില്ലെങ്കിലും ബോഡ് യോഗങ്ങളില്‍ 'നോ' പറയേണ്ടിടത്തു അത് പറയുകയും, ശരിയായ നേരത്തു ശരിയായ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ടവരുമാണ്. ബോഡ് പ്രവര്‍ത്തനങ്ങളില്‍ സുതാര്യത, വിശ്വാസ്യത കാര്യക്ഷമത എന്നീ ഘടകങ്ങള്‍ കൊണ്ട് വരേണ്ടത് ഒരു സ്വതന്ത്ര ഡയറക്ടറുടെ പ്രധാന ചുമതലയാണ് .

പുതിയ ഭേദഗതികള്‍ സ്വതന്ത്ര ഡയറക്ടര്‍മാരെ ബോഡ് യോഗങ്ങളിലെ 'യെസ് മെന്‍' മാത്രമായിരിക്കാന്‍ അനുവദിക്കാതെ അവര്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം നല്‍കുമെന്നാണ് ഇന്‍ഡസ്ട്രി നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it