ഐകിയ ബാംഗ്ലൂര്‍ സ്‌റ്റോര്‍ ഒരു വര്‍ഷത്തിനുള്ളില്‍

സ്വീഡിഷ് റീട്ടെയ്‌ലറായ ഐകിയ 1,500 കോടി രൂപ മുതല്‍മുടക്കോടെ ഇന്ത്യയിലെ അവരുടെ രണ്ടാമത്തെ സ്‌റ്റോര്‍ നവി മുംബൈയില്‍ ആരംഭിച്ചു.

5.3 ലക്ഷം ചതുരശ്രയടിയുള്ള മുംബൈയിലെ സ്‌റ്റോര്‍ ഐകിയയുടെ ലോകത്തിലെ തന്നെ കുട്ടികള്‍ക്കായുള്ള അവരുടെ ഏറ്റവും വലിയ ഷോപ്പിംഗ് വിഭാഗം അടങ്ങിയതാണ്.
രണ്ടു നിലകളിലായിയുള്ള മുംബൈ സ്‌റ്റോറില്‍ 1000 പേര്‍ക്ക് ഇരിക്കാവുന്ന ഇന്ത്യനും സ്വീഡിഷ് വിഭവങ്ങളും ലഭിക്കുന്ന റെസ്‌റ്റോറന്റ്‌റ് ആണ് മറ്റൊരു ആകര്‍ഷണം.
രണ്ടു വര്ഷം മുമ്പ് ഹൈദ്രബാദില്‍ ഇതേ വിഭാഗത്തില്‍ ആരംഭിച്ച സ്‌റ്റോറിന്റെ വിജയമാണ് മുംബൈയിലും ഐകിയ പിന്തുടരുന്ന നയം.
സ്‌റ്റോറില്‍ വില്‍ക്കുന്ന 7,000 ഉല്‍പ്പന്നങ്ങളില്‍ ഏകദേശം 2,000 എണ്ണം പ്രാദേശികമായി ശേഖരിക്കുന്നതാണെന്നു കമ്പനിയുടെ ഉന്നത മാനേജ്‌മെന്റ് അറിയിച്ചു. മുംബൈ സ്‌റ്റോര്‍ ഒരു നാഴികക്കല്ല് പോലെയാണെന്നും ഐകിയ നല്ലതും ചീത്തയുമായ സമയങ്ങളില്‍ ആധുനിക ഇന്ത്യയുടെ ഭാഗമാണെന്നും ഗ്രൂപ്പ് സിഇഒ ജെസ്പര്‍ ബ്രോഡിന്‍ പറഞ്ഞു.

കോവിഡ്് സ്ഥിതി മാറി സാധാരണ നിലയിലാവുമ്പോള്‍ സ്‌റ്റോറില്‍ ഏകദേശം 50 ലക്ഷം പേര്‍ എത്തുമെന്ന് കമ്പനി വിലയിരുത്തുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സാമൂഹിക അകലം കാരണം സ്‌റ്റോറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം പരിമിതപ്പെടുത്തും.
കമ്പനി ഇതിനോടകം 600 സ്ഥിരം തൊഴിലാഴികളെയും 300 താത്കാലിക നിയമനങ്ങളും മുംബൈ സ്‌റ്റോറിലേക്ക് നടത്തിയിട്ടുണ്ട്.
ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് ചെറിയ ഫോര്‍മാറ്റ് സ്‌റ്റോറുകള്‍ കൂടി മുംബൈയില്‍ തുറക്കാനും ഐകിയക്ക് പദ്ധതിയുണ്ട്. അടുത്ത രണ്ടു വര്‍ഷത്തോടെ 10 കോടി ഇന്ത്യക്കാരിലേക്ക് എത്തുക എന്ന ലക്ഷ്യമാണ് കമ്പനിക്കുള്ളത്.
ഫര്‍ണിച്ചര്‍, അടുക്കള ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ റീട്ടെയ്‌ലര്‍ ഇതുവരെ ഇന്ത്യയില്‍ 7,000 കോടി രൂപ നിക്ഷേപത്തില്‍ രണ്ട് സ്‌റ്റോറുകളും നിരവധി ഫുള്‍ഫില്‍മെന്റ് കേന്ദ്രങ്ങളും തുറന്നു.
പൂന, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും ഐകിയക്ക് ഓണ്‍ലൈന്‍ വില്പനയുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയതും പ്രധാനപ്പെട്ടതുമായ വിപണികളിലൊന്നാണ് മുംബൈയെന്ന് ഉറപ്പിക്കുന്ന കമ്പനി 2030ഓടെ മഹാരാഷ്ട്രയില്‍ 6,000 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു.

ഇന്ത്യ തങ്ങളുടെ മുന്‍ഗണനാ വിപണികളില്‍ ഒന്നായിരിക്കുമെന്നും അതിനുതകുന്ന നിക്ഷേപം നടത്തുമെന്നും ഐകിയ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പീറ്റര്‍ ബെറ്റ്‌സെല്‍ ഒരു വെര്‍ച്വല്‍ അഭിമുഖത്തില്‍ മിന്റ് ദിനപത്രത്തോട് പറഞ്ഞു.
കൊറോണയുടെ വെല്ലുവിളികള്‍ക്കിടയിലും ബെംഗളൂരുവിലെ സ്‌റ്റോര്‍ നിര്‍മ്മാണ ഘട്ടത്തിലാണെന്നും വരും 12 മാസത്തിനുള്ളില്‍ ഇത് തുറക്കുമെന്നും ബെറ്റ്‌സെല്‍ പറഞ്ഞു. ദില്ലിഎന്‍സിആര്‍യില്‍ ഒരു ഷോപ്പിംഗ് സെന്റര്‍, ചെറിയ സ്‌റ്റോറുകള്‍, വലിയ കേന്ദ്രങ്ങള്‍ എന്നിവയടങ്ങിയ ഒന്നിലധികം ഫോര്‍മാറ്റ് സ്‌റ്റോറുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള ഷോപ്പര്‍മാര്‍ മഹാമാരി കാരണം വീടിനുള്ളില്‍ കൂടുതല്‍ സമയം ചെലവഴിച്ചതിനാല്‍ വീട്ടിലെ ഉല്‍പ്പന്നങ്ങളുടെ ആവശ്യങ്ങള്‍ വര്ധിച്ചിട്ടുണ്ടെന്നു ഐകിയ മാനേജ്‌മെന്റ് പറഞ്ഞു.

'വീടിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നു. വീട് പുതിയ ഓഫീസായി മാറുന്നു … അത് പുതിയ സ്‌കൂള്‍, പുതിയ കളിസ്ഥലം, പുതിയ റെസ്‌റ്റോറന്റ് എന്നിവയായി മാറുന്നു, 'ബെറ്റ്‌സെല്‍ പറഞ്ഞു.

'മുമ്പുണ്ടായിരുന്നതിനേക്കാള്‍ വലിയ പങ്കാണ് ഓണ്‍ലൈന്‍ വഹിക്കുന്നത്. കൂടുതല്‍ ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ സേവനങ്ങളുടെ ആവശ്യകത കൊണ്ട് ഞങ്ങള്‍ ഹൈദരാബാദില്‍ ക്ലിക്ക് ആന്‍ഡ് കളക്റ്റ് സര്‍വീസ് അവതരിപ്പിച്ചു. ഞങ്ങള്‍ ഈ സര്‍വീസ് മുംബൈയിലും അവതരിപ്പിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ വില്‍പ്പനയുടെ പങ്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ബെറ്റ്‌സെല്‍ പറഞ്ഞു. 'ഇത് 25 - 30% വരെ ഉയര്‍ന്നേക്കാം.'

മൂന്ന് പതിറ്റാണ്ടിലേറെയായി ഐകിയ ഇന്ത്യയില്‍ നിന്ന് തങ്ങളുടെ ലോകത്തുള്ള സ്‌റ്റോറുകള്‍ക്കായി സാധനങ്ങള്‍ (പ്രധാനമായും തുണിത്തരങ്ങള്‍) വാങ്ങുന്നുണ്ട്. സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയിലിലെ വിദേശ നിക്ഷേപം സംബന്ധിച്ച സര്‍ക്കാര്‍ നിയമങ്ങള്‍ക്കനുസൃതമായി പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങുന്നത് കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്.
ഐകിയ ഇപ്പോള്‍ മറ്റ് വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി തങ്ങളുടെ വിതരണ അടിത്തറ വികസിപ്പിക്കുകയാണ്.
'ഞങ്ങള്‍ കംഫര്‍ട്ട് വിഭാഗത്തിനായി വിതരണക്കാരെ തിരഞ്ഞെടുക്കുന്നു. ഉദാഹരണത്തിന് മെത്ത, സോഫ. അലങ്കാരത്തിനും സംഭരണത്തിനുമായി ഞങ്ങള്‍ വിതരണക്കാരെ തിരഞ്ഞെടുക്കുന്നു. ഇന്ന് ഇന്ത്യയില്‍ ഇതിനോടകം തന്നെ 7,000 ഉത്പന്നങ്ങളുടെ ശ്രേണിയില്‍ നിന്ന് രണ്ടായിരത്തോളം ഞങ്ങള്‍ ശേഖരിക്കുന്നു. ഇതിന്റെ വിഹിതം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ന് നമ്മള്‍ 20% ആണ്, ഭാവിയില്‍ 30% അല്ലെങ്കില്‍ 40% അല്ലെങ്കില്‍ 50% ആകാം. ഐകിയയ്ക്ക് ഇവിടെ കൂടുതല്‍ സുസ്ഥിര വിതരണക്കാരെ ആവശ്യമുണ്ട്,' അദ്ദേഹം പറഞ്ഞു.
2019 മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ ഐകിയയുടെ മൊത്തം വരുമാനം 407.95 കോടി രൂപയായിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it