വിലക്ക് നീങ്ങി; കാനഡക്കാർക്ക് വീണ്ടും വീസ നൽകി ഇന്ത്യ

കാനഡക്കാര്‍ക്കുള്ള വീസ സേവനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ. ഒക്ടോബര്‍ 26 മുതല്‍ കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ വീസ ലഭിക്കുമെന്ന് ഹൈക്കമ്മീഷന്‍ അറിയിച്ചു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് കഴിഞ്ഞ മാസം 21നാണ് കാനേഡിയന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ വീസ നല്‍കുന്നത് നിര്‍ത്തിവക്കുകയാണെന്ന അറിയിപ്പുണ്ടായത്.

പുതിയ ഹൈക്കമ്മീഷന്‍ അറിയിപ്പില്‍ കാനഡക്കാര്‍ക്കുള്ള എന്‍ട്രി വീസ, ബിസിനസ് വീസ, മെഡിക്കല്‍ വീസ, കോണ്‍ഫറന്‍സ് വീസ എന്നിവയ്ക്കുള്ള സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കാനഡയുടെ ഉന്നത ഇമിഗ്രേഷന്‍ ഓഫീസായ 'ഇമിഗ്രേഷന്‍ റഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ' (ഐ.ആര്‍.സി.സി)യുടെ ഇന്ത്യയിലുള്ള ഓഫീസിലെ ഉദ്യോഗസ്ഥരുടെ എണ്ണം 27ല്‍ നിന്നും 5 പേരായി ഈയടുത്ത് കാനഡ കുറച്ചിരുന്നു. ഇന്ത്യന്‍ വീസ പ്രോസസിംഗിനുള്ള കാത്തിരിപ്പു സമയവും ഇതോടെ വര്‍ധിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള അവസാന ഘട്ട വീസ പ്രോസസിംഗിനെ ഇത് ബാധിച്ചിരുന്നു. ഈയവസരത്തിലാണ് ഹൈക്കമ്മീഷന്റെ പുതിയ തീരുമാനം.

ആശങ്കകളൊഴിയും

കാനഡയില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ക്കുള്ള വീസ നിര്‍ത്തലാക്കിയത് വിവിധ മേഖലകളില്‍ ആശങ്കകള്‍ക്ക് വഴി വച്ചിരുന്നു. കഴിഞ്ഞ ഒരു മാസക്കാലം ഇന്ത്യന്‍ വിസ തടഞ്ഞുവയ്ക്കുന്ന തരത്തിലുള്ള കാനഡയുടെ ഭാഗത്ത് നിന്നും തിരികെയുണ്ടാകുമോ എന്ന പേടി വിദേശ വിദ്യാഭ്യാസ രംഗത്ത് നിഴലിച്ചിരുന്നു. എന്നാല്‍ പുതിയ അറിയിപ്പോടെ ഈ ആശങ്കയൊഴിയും.

ഇന്ത്യയുടെ നടപടി താല്‍ക്കാലികമെങ്കിലും വിപണിയിലും ആശങ്കയ്ക്ക് വഴി വച്ചിരുന്നു. വിവിധ ഇന്ത്യന്‍ കമ്പനികള്‍ക്കു പുറമെ പെന്‍ഷന്‍ ഫണ്ടുകളിലുള്‍പ്പെടെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്തിയിട്ടുണ്ട് കാനഡയുടെ സി.പി.പി.ഐ.ബി ( Canada Pension Plan Investment Board). പുതിയ തീരുമാനം വിവിധ മേഖലകള്‍ക്ക് ആശ്വാസമാകും.

കാനഡ-ഇന്ത്യ സംഘര്‍ഷം

കാനഡയിലെ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചതിനു പിന്നാലെയായിരുന്നു ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്.

ഇതിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെ കാനഡ പുറത്താക്കി. ഇതിനെ തിരിച്ചടിയ്ക്കാന്‍ കാനഡ ഹൈക്കമ്മീഷണര്‍ കാമറോണ്‍ മക്കയോവെയെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് കാനഡയുടെ നയതന്ത്രപ്രതിനിധി ഒലിവര്‍ സില്‍വസ്റ്ററിനെ ഇന്ത്യ പുറത്താക്കുകയും അഞ്ച് ദിവസത്തിനകം രാജ്യം വിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

Related Articles
Next Story
Videos
Share it