ഇന്ത്യയുടെ ആരോഗ്യമേഖല അടുത്ത വര്‍ഷത്തോടെ 372 ബില്യണ്‍ ഡോളറാവും

ഇന്ത്യയുടെ ആരോഗ്യമേഖല അടുത്ത വര്‍ഷത്തോടെ (2022) 372 ബില്യണ്‍ ഡോളര്‍ എത്തുന്ന വളര്‍ച്ച കൈവരിക്കും. കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള അവസരങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി ആരോഗ്യമേഖല 22-ശതമാനം വാര്‍ഷിക കോമ്പൗണ്ടട് വളര്‍ച്ച നിരക്ക് കൈവരിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ആസൂത്രണ ഉപദേശകരായ നീതി ആയോഗിന്റെ വിലയിരുത്തല്‍.

ആരോഗ്യ പരിപാലന മേഖലയിലെ നിക്ഷേപകാവസരങ്ങളെ കുറിച്ചുള്ള റിപോര്‍ട്ടിലാണ് നീതി ആയോഗിന്റെ ഈ വെളിപ്പെടുത്തല്‍. ആശുപത്രികള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആരോഗ്യ ഇന്‍ഷ്വറന്‍സ്, ക്ലിനിക്കല്‍ ട്രയലുകള്‍, ടെലി മെഡിസിന്‍, മെഡിക്കല്‍ ടൂറിസം തുടങ്ങിയ മേഖലകളില്‍ പശ്ചാത്തല വികസനത്തിന് വേണ്ടിയുള്ള നിക്ഷേപവാസരങ്ങള്‍ നിരവധിയാണെന്ന് റിപോര്‍ട് വ്യക്തമാക്കി. വയസ്സായവരുടെ എണ്ണം ഏറി വരുന്നതും, മധ്യവര്‍ഗം കൂടുതലായി രോഗം വരുന്നത് തടയുന്നതില്‍ ശ്രദ്ധയൂന്നുന്നതും ഈ മേഖലയില്‍ വൈവിധ്യത്തിന്റെ സാധ്യതകള്‍ തുറക്കും.
ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിത കൊഴുപ്പ്, പൊണ്ണത്തടി, അമിത മദ്യപാനം എന്നിവയുടെ ആധിക്യം സവിശേഷ പരിപാലന സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ചികിത്സാലയങ്ങളുടെ ആവശ്യകത ഉയര്‍ത്തുന്നതാണ്. ഇതിന് പുറമെ മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി രൂപപ്പെട്ട വ്യക്തിഗത ആരോഗ്യം, ശുചിത്വം തുടങ്ങിയ കാര്യങ്ങളിലെ ശ്രദ്ധ, പോഷകാഹാരത്തിലും, വ്യായാമത്തിലുമുള്ള ശ്രദ്ധ, ആരോഗ്യകാര്യങ്ങളില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ കൂടുതല്‍ ഉപയോഗം തുടങ്ങിയ നിരവധി നൂതന പ്രവണതകള്‍ നിക്ഷേപവാസരം വര്‍ദ്ധിപ്പിക്കുന്നു.
കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന ചികിത്സ സാധ്യമാവുന്ന രാജ്യമെന്ന നിലയില്‍ ചികിത്സക്കായി വിദേശരാജ്യങ്ങളില്‍ നിന്നും കൂടുതല്‍ പേര്‍ എത്താനിടയുണ്ടെന്നും റിപോര്‍ട് സൂചിപ്പിച്ചു. മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണം, പരിശോധന ലാബുകളുടെ വികാസം. രോഗാണുബാധയെ തിരിച്ചറിയുന്ന കേന്ദ്രങ്ങള്‍ ഉയര്‍ന്ന വളര്‍ച്ച സാധ്യതകള്‍ റിപോര്‍ട്ട് പ്രവചിക്കുന്നു. സാങ്കേതിക വിദ്യയുടെ ഫലമായി വികാസം പ്രാപിച്ച ശരീരത്തില്‍ ധരിക്കാവുന്ന ആരോഗ്യ ഉപകരണങ്ങള്‍, നിര്‍മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് തുടങ്ങിയ മേഖലകളും നിക്ഷേപ സാധ്യതകള്‍ വലിയ തോതില്‍ വാഗ്ദാനം ചെയ്യുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it