ഫാര്‍മ കയറ്റുമതിയില്‍ റെക്കോര്‍ഡുമായി ഇന്ത്യ

ഫാര്‍മ രംഗത്തെ കയറ്റുമതിയില്‍ എക്കാലത്തെയും ഉയര്‍ന്ന നേട്ടവുമായി രാജ്യം. കോവിഡ് പ്രതിസന്ധിക്കിടയിലും 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കയറ്റുമതി 18 ശതമാനം വര്‍ധിച്ച് 24.44 ബില്യണ്‍ ഡോളറായി. 2019-20 സാമ്പത്തിക വര്‍ഷം ഇത് 20.58 ബില്യണ്‍ ഡോളറായിരുന്നു.

കോവിഡ് മഹാമാരി മൂലം ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ വിപണിയില്‍ നെഗറ്റീവ് വളര്‍ച്ചയുണ്ടായ സമയത്താണ് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കയറ്റുമതിയിലെ ശക്തമായ വളര്‍ച്ച.
2021 മാര്‍ച്ച് മാസത്തിലെ കയറ്റുമതി എല്ലാ മാസങ്ങളേക്കാളും ഉയര്‍ന്ന നിരക്കിലാണ്. 2.3 ബില്യണ്‍ ഡോളറാണ് കഴിഞ്ഞമാസത്തെ കയറ്റുമതി. 2020 മാര്‍ച്ചിലെ കയറ്റുമതിയേക്കാള്‍ 1.5 ശതമാനം വര്‍ധനവാണിതെന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഫാര്‍മെക്‌സില്‍) ഡയറക്ടര്‍ ജനറല്‍ ഉദയ ഭാസ്‌കര്‍ പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ വാക്‌സിന്‍ കയറ്റുമതിയില്‍ വലിയ വളര്‍ച്ചയാണ് ഫാര്‍മ എക്‌സ്‌പോര്‍ട്ട് ബോഡി പ്രതീക്ഷിക്കുന്നത്. പിഎല്‍ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) പദ്ധതിയെക്കുറിച്ചുള്ള സര്‍ക്കാര്‍ നയം ആഭ്യന്തര ഫാര്‍മയെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിലൂടെയും കയറ്റുമതി സാധ്യതകള്‍ വികസിപ്പിക്കുന്നതിലൂടെയും വളരാന്‍ സഹായിക്കും. മിക്ക രാജ്യങ്ങളും എപിഐകള്‍ക്കായി (ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഘടകങ്ങള്‍) ഇന്ത്യയെ നോക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വടക്കെ അമേരിക്കയാണ് ഇന്ത്യയില്‍നിന്ന് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതലായും ഇറക്കുമതി ചെയ്യുന്നത്. ആകെ കയറ്റുമതിയുടെ 34 ശതമാനത്തിലധികം വിഹിതം.
യുഎസ്, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി യഥാക്രമം 12.6, 30, 21.4 ശതമാനം വളര്‍ച്ച നേടി. കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമായ ദക്ഷിണാഫ്രിക്ക 28 ശതമാനം വളര്‍ച്ച കൈവരിച്ചു. യൂറോപ്പ് മൂന്നാമത്തെ വലിയ കയറ്റുമതി മേഖലയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 11 ശതമാനം വളര്‍ച്ചയാണ് യുറോപ്പിലേക്കുള്ള കയറ്റുമതിയിലുണ്ടായത്.


Related Articles
Next Story
Videos
Share it