ഇന്ത്യയില്‍ രക്ഷയില്ല, സിംഗപ്പൂരും യുഎഇയും ലക്ഷ്യമിട്ട് ഈ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച്

സിംഗപ്പൂര്‍, യുഎഇ എന്നിവടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സെബ്‌പേ (ZebPay). പ്രവര്‍ത്തനാനുമതിക്കായി സിംഗപ്പൂരില്‍ സെബ്‌പേ അപേക്ഷ നല്‍കി. ക്രിപ്‌റ്റോ മേഖലയില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നികുതിയാണ് മറ്റ് വിപണികള്‍ തേടാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

നികുതി വന്നതോടെ രാജ്യത്തെ വലിയൊരു ശതമാനം ക്രിപ്‌റ്റോ സ്റ്റാര്‍ട്ടപ്പുകളും പ്രവര്‍ത്തന കേന്ദ്രം ദുബായി, യുഎസിലെ ഡെലവെയര്‍, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ തുടങ്ങിയ ഇടങ്ങളിലേക്ക് മാറ്റിയിരുന്നു. ക്രിപ്‌റ്റോയില്‍ നിന്നുള്ള നേട്ടങ്ങള്‍ക്ക് 30 ശതമാനം നികുതിയും ഇടപാടുകള്‍ക്ക് ഒരു ശതമാനം ടിഡിഎസുമാണ് രാജ്യത്ത് ഈടാക്കുന്നത്. നികുതി പ്രാബല്യത്തില്‍ വന്നതും വിപണി ഇടിഞ്ഞതും രാജ്യത്തെ ക്രിപ്‌റ്റോ ഇടപാടുകളെ ബാധിച്ചിരുന്നു.

ഇടപാടുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ആറുശതമാനത്തോളം ജീവനക്കാരെയാണ് സെബ്‌പേ പിരിച്ചുവിട്ടത്. ഇന്ത്യയിലെ ബിസിനസ് കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ക്രിപ്‌റ്റോ സൗഹൃദമായ മറ്റ് രാജ്യങ്ങളിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് സെബ്‌പേയുടെ ലക്ഷ്യം. അതേ സമയം യുഎഇയിലെ പദ്ധതികളെക്കുറിച്ച് കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. 2005ല്‍ പ്രവര്‍ത്തനം തുടങ്ങിയ സെബ്‌പേയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 5 ദശലക്ഷത്തോളം ഉപഭോക്താക്കളാണ് ഉള്ളത്.

Related Articles
Next Story
Videos
Share it