നേട്ടമുണ്ടാക്കി ഇന്ത്യന്‍ കമ്പനികള്‍; ട്രില്യണ്‍ ക്ലബ്ബിലെ അംഗങ്ങളുടെ എണ്ണത്തില്‍ 69 ശതമാനം വര്‍ധന

രാജ്യത്ത് വിപണി മൂല്യം ഒരു ട്രില്യണ്‍ രൂപയിലധികമുള്ള കമ്പനികളുടെ എണ്ണത്തില്‍ 69 ശതമാനം വര്‍ധനവ്. 2021ല്‍ 20 കമ്പനികളാണ് ട്രില്യണ്‍ ക്ലബ്ബിലെത്തിയത്. മൂന്‍വര്‍ഷം ട്രില്യണ്‍ ക്ലബ്ബിലുള്ള കമ്പനികളുടെ എണ്ണം 29 ആയിരുന്നു. 2021ല്‍ അത് 49 ആയി ഉയര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, ദാബൂര്‍, ഗോദ്‌റേജ് കണ്‍സ്യൂമര്‍, ടെക്ക് മഹീന്ദ്ര തുടങ്ങിയ പ്രമുഖ കമ്പനികള്‍ ട്രില്യണ്‍ ക്ലബ്ബിലെത്തി. കഴിഞ്ഞ വര്‍ഷം ലിസ്റ്റ് ചെയ്ത കമ്പനികളില്‍ സോമാറ്റോ, നൈക്കയുടെ എഎസ്എന്‍ ഇ-കൊമേഴ്‌സ് തുടങ്ങിയവരും ഒരു ട്രില്യണ്‍ വിപണി മൂല്യത്തിലേക്ക് എത്തി.

പൊതുമേഖലാ സ്ഥാപനങ്ങളായ എന്‍ടിപിസി, ഐഒസിഎല്‍ എന്നിവ 2021ല്‍ ട്രില്യണ്‍ ക്ലബ്ബിലേക്ക് തിരിച്ചെത്തി. പവര്‍ഗ്രിഡ് കോര്‍പറേഷന്റെ വിപണി മൂല്യവും ആദ്യമായി ഒരു ട്രില്യണ്‍ കടന്നു. എസ്ബിഐ, ഒഎന്‍ജിസി എന്നിവയാണ് ട്രില്യണ്‍ ക്ലബ്ബിലുള്ള മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍. ഓഹരി വിപണിയിലുണ്ടായ നേട്ടങ്ങളാണ് ട്രില്യണ്‍ ക്ലബ്ബില്‍ കമ്പനികളുടെ എണ്ണം ഉയരാനുള്ള പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പുതു തലമു കമ്പനികള്‍ ഐപിഒയ്ക്ക് എത്തുമ്പോള്‍ 2022ലും കൂടുതല്‍ കമ്പനികള്‍ ട്രില്യണ്‍ ക്ലബ്ബിലേക്ക് എത്തുമെന്ന് ഇവര്‍ വിലയിരുത്തി.
ട്രില്യണ്‍ ക്ലബ്ബില്‍ ഏറ്റവും കൂടുതല്‍ കമ്പനികള്‍ ഉള്ളത് ആദാനി ഗ്രൂപ്പിനാണ്. അദാനിയുടെ അഞ്ച് കമ്പനികള്‍ പട്ടികയില്‍ ഉള്ളപ്പോള്‍ തൊട്ട് പിന്നിലുള്ള ടാറ്റയ്ക്ക് 4 കമ്പനികളാണ് ഉള്ളത്. 2021ല്‍ ടിസിഎസിന്റെ മൂല്യം 3.05 ട്രില്യണ്‍ രൂപയിലേക്കും റിലയന്‍സ് 3.2ട്രില്യണ്‍ രൂപയിലേക്കുമാണ് ഉയര്‍ന്നത്. ഡിസംബര്‍ 31ലെ കണക്കുകള്‍ അനുസരിച്ച് ടെക്ക് മഹീന്ദ്ര- 173,788.98 കോടി, പവര്‍ഗ്രിഡ് കോര്‍പറേഷന്‍- 142,543.38 കോടി, എന്‍ടിപിസി- 120,326.53 കോടി, സൊമാറ്റോ -108,192.26 കോടി എന്നിങ്ങനെയാണ് പുതുതായി ട്രില്യണ്‍ ക്ലബ്ബിലെത്തിയ പ്രമുഖ കമ്പനികളുടെ വിപണി മൂല്യം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it