'ഇന്ത്യന്‍ ന്യൂട്രാസ്യൂട്ടിക്കല്‍ വിപണിയിലുള്ളത് വന്‍ അവസരങ്ങള്‍'

നൂട്രിഷ്യന്‍, സൗന്ദര്യസംരക്ഷണം, പേഴ്‌സണല്‍ കെയര്‍, ഹോം കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ മേഖലയില്‍ രാജ്യത്ത് ശക്തമായ സാന്നിധ്യമാണ് ആംവെ. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 100 കോടി രൂപ നിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്ന ആംവെ, പുതിയ ഉല്‍പ്പന്നങ്ങളിലൂടെ വിപണി വിപുലീകരി ക്കാനുള്ള ശ്രമത്തിലുമാണ്. ആംവേ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ വിപണിയുടെ സാധ്യതകളും വിശദീകരിക്കുകയാണ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ അന്‍ഷു ബുധ്‌രാജ.

Q. ഇന്ത്യന്‍ ന്യൂട്രിഷ്യന്‍, വെല്‍നെസ് വിപണിയിലെ അവസരങ്ങളെന്തൊ ക്കെയാണ്? ഈ വിപണിയില്‍ ആംവേയുടെ വിപണി വിഹിതം എത്രമാത്രമാണ്?

ഇന്ത്യന്‍ ന്യൂട്രാസ്യൂട്ടിക്കല്‍ വിപണിയിലെ സാധ്യതകള്‍ വളരെ വലുതാണ്. നിലവില്‍ രാജ്യത്തെ ന്യൂട്രാസ്യൂട്ടിക്കല്‍ വിപണിയുടെ വലുപ്പം രണ്ട് ബില്യണ്‍ ഡോളറാണ്. 2022വരെ 20 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് പ്രകടിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാലയളവിനുള്ളില്‍ വിപണി ഇരട്ടിയിലധികം വളര്‍ന്ന് ആറ് ബില്യണ്‍ യുഎസ് ഡോളര്‍ വലുപ്പമാകും.

മൊത്തം ന്യൂട്രാസ്യൂട്ടിക്കല്‍ വിപണി എടുത്താല്‍ അതില്‍ 40 ശതമാനം വൈറ്റമിനുകളുടേതാണ്. 30 ശതമാനം സപ്ലിമെന്റുകളുടേതും 25 ശതമാനം പ്രോട്ടീനുകളുടേതുമാണ്. ഹെല്‍ത്ത്, വെല്‍നസ് എന്നിവയെ കുറിച്ച് കൂടുതല്‍ ജനങ്ങള്‍ ബോധവാന്മാരാകുന്നതും അവര്‍ അത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യപ്പെടുന്നതുമാണ് വിപണിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഒരു ഘടകം. ഭാവിയില്‍ ഈ രംഗത്തുണ്ടാകുന്ന സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്താനായി ന്യൂട്രാസ്യൂട്ടിക്കല്‍/ ഫുഡ് സപ്ലിമെന്റ് രംഗത്ത് ഉപഭോക്താക്കളില്‍ നിന്നുള്ള ആവശ്യങ്ങള്‍ കൂടി പരിഗണിച്ച് ഉന്നത ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് ആംവെ ശ്രമിക്കുന്നത്.

ആഗോളതലത്തിലും ഇന്ത്യയിലും വൈറ്റമിന്‍ ഡയറ്ററി സപ്ലിമെന്റ്‌സ് (വിഡിഎസ്) രംഗത്ത് മുന്‍നിര സ്ഥാനമാണ് ആംവെയ്ക്കുള്ളത്. ഇന്ത്യയുടെ വിഡിഎസ് വിപണിയുടെ വലുപ്പം 9400 കോടി രൂപയാണ്. ഈ രംഗത്ത് 12 ശതമാനം വിപണി വിഹിതമാണ് ആംവെയ്ക്കുള്ളത്.

780 കോടി രൂപയുടെ ഇന്ത്യന്‍ മള്‍ട്ടി വൈറ്റമിന്‍ മാര്‍ക്കറ്റില്‍ ആംവെ ന്യൂട്രിലൈറ്റിന് 32 ശതമാനം വിപണി വിഹിതമുണ്ട്. 1400 കോടി രൂപ മൂല്യമുള്ള പ്രോട്ടീന്‍ ഡയറ്ററി സപ്ലിമെന്റ്‌സ് വിപണിയില്‍ ആംവെ ന്യൂട്രിലൈറ്റിന് 25 ശതമാനം വിപണി വിഹിതവുമുണ്ട്.

Q. ന്യൂട്രിലൈറ്റ് ബ്രാന്‍ഡിന്റെ കാര്യത്തില്‍ ആംവെയുടെ ഭാവി പദ്ധതികളെന്തൊക്കെയാണ്?

വില്‍പ്പനയില്‍ ലോകത്തെ നമ്പര്‍ വണ്‍ വൈറ്റമിന്‍ ഡയറ്ററി സപ്ലിമെന്റ് ബ്രാന്‍ഡാണ് ന്യൂട്രിലൈറ്റ്. സസ്യങ്ങളുടെ സത്ത് അത്യാധുനിക സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ മികച്ച ഉല്‍പ്പന്നമാക്കി മാറ്റിയാണ് ഈ ബ്രാന്‍ഡിലൂടെ വിപണിയിലെത്തിക്കുന്നത്. പ്രോട്ടീന്‍, വൈറ്റമിന്‍സ്, മിനറല്‍സ്, ഫൈറ്റോന്യൂട്രിയന്റ്‌സ് തുടങ്ങിയ വിഭാഗങ്ങളില്‍ ഉല്‍പ്പന്നങ്ങളുണ്ട്. ആംവെയുടെ മൊത്തം ബിസിനസ് വരുമാനത്തിന്റെ 50 ശതമാനം സംഭാവന ചെയ്യുന്നത് ഞങ്ങളുടെ ന്യൂട്രിഷ്യന്‍ കാറ്റഗറിയാണ്.

കൃത്യതയില്ലാത്ത ഭക്ഷണക്രമം, തിരക്കേറെയുള്ള ജീവിതശൈലി, ഭക്ഷണത്തിലെ മായം ചേര്‍ക്കല്‍, മാനസിക പിരിമുറക്കം, മലിനീകരണം തുടങ്ങിയ നിരവധി ഘടകങ്ങള്‍ നമ്മുടെ ശരീരത്തിന് വേണ്ട പോഷക ഘടകങ്ങള്‍ അവശ്യമായ തോതില്‍ ലഭിക്കാത്തതിന് കാരണമാകുന്നുണ്ട്. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ അവശ്യപോഷണം ശരീരത്തിന് നല്‍കുക തന്നെ വേണം. ഈ ദിശയില്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തി, മികച്ച ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ഡയറക്റ്റ് സെല്ലേഴ്‌സ് വഴിയും ഓണ്‍ലൈനായും മറ്റ് മാര്‍ഗങ്ങളിലൂടെയും ഉല്‍പ്പന്നങ്ങളും ആരോഗ്യകരമായ ജീവിതത്തിനായി വേണ്ട കാര്യങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണവും ലഭ്യമാക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ന്യൂട്രിലൈറ്റ് ട്രഡിഷണല്‍ ഹെര്‍ബ്‌സ് വിപണിയിലെത്തിച്ചുകൊണ്ട് ഹെര്‍ബല്‍ ന്യൂട്രിഷ്യന്‍ കാറ്റഗറിയിലേക്കും കടന്നുകഴിഞ്ഞു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങള്‍ക്കായി തദ്ദേശീയമായ സസ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് ഈ കാറ്റഗറിയില്‍ അവതരിപ്പിക്കുന്നത്. ന്യൂട്രിലൈറ്റ് തുള്‍സി, ന്യൂട്രിലൈറ്റ് ബ്രഹ്മി, ന്യൂട്രിലൈറ്റ് അശ്വഗന്ധ, ന്യൂട്രിലൈറ്റ് അമലകി, വിഭിതകി, ഹരിതകി എന്നിവയെല്ലാം ഈ വിഭാഗത്തിലുള്ളതാണ്. ഉപഭോക്താക്കളില്‍ നിന്ന് മികച്ച സ്വീകരണമാണ് ഇതിന് ലഭിച്ചിട്ടുള്ളത്. 66 കോടി രൂപയ്ക്ക് മുകളില്‍ വില്‍പ്പനയും നേടി റെക്കോര്‍ഡിട്ടുണ്ട്.

കുട്ടികളുടെ ന്യൂട്രിഷ്യന്‍ വിപണിയില്‍ വലിയ അവസരങ്ങളുണ്ട്. അഞ്ച് വയസിനും അതിനു മുകളിലുമുള്ള കുട്ടികള്‍ക്കായി ഒമേഗ -3 ഫാറ്റി ആസിഡ്, വൈറ്റമിന്‍ ഡി എന്നിവയുടെ ന്യൂട്രിഷ്യണല്‍ ആവശ്യത്തിനായി ന്യൂട്രിലൈറ്റ് ഡിഎച്ച്എ യമ്മീസും വിപണിയിലെത്തിച്ചു. ഈ രംഗത്ത് ഇനിയും സാന്നിധ്യം ശക്തമാക്കും.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ന്യൂട്രിഷ്യന്‍ ബിസിനസ് ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Q. മറ്റ് വിഭാഗങ്ങളില്‍ ആംവെയുടെ ഭാവി പദ്ധതികള്‍?

പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആംവെ മുന്‍തൂക്കം നല്‍കുന്നത്. ഇന്നൊവേഷന്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, വിപണി വിപുലീകരണം എന്നിവയ്‌ക്കെല്ലാം ഊന്നല്‍ നല്‍കുന്നുണ്ട്. യുവസമൂഹത്തെ ലക്ഷ്യമിട്ടുള്ള ഹെര്‍ബല്‍ സ്‌കിന്‍കെയര്‍ റേഞ്ചായ Attitude Be Bright Herbals, ഓറല്‍ ഹെല്‍ത്ത് കെയര്‍ രംഗത്തെ Glister Herbals എന്നിവ അടുത്തിടെയുണ്ടായ പ്രൊഡക്റ്റ് ഇന്നൊവേഷനാണ്.

ഡിയോഡെറന്റ്, ലിക്വിഡ് ഹാന്‍ഡ് വാഷ്, സോപ്പ്, കളര്‍ കോസ്‌മെറ്റിക്‌സ് എന്നിവയുമായി ഈ മേഖല ഇനിയും ശക്തിപ്പെടുത്തും. ബ്യൂട്ടി, പെഴ്‌സണല്‍ കെയര്‍ രംഗം ആംവെയുടെ മൊത്തം ബിസിനസിന്റെ 30 ശതമാനം സംഭാവന ചെയ്യുന്നുണ്ട്.

എയര്‍ പ്യൂരിഫയര്‍ രംഗത്തേക്ക് ATMOSPHERE DRIVE എന്ന ബ്രാന്‍ഡിലൂടെ ശക്തമായി കടന്നെത്തിയിട്ടുണ്ട്.

ഹോം കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍ കാറ്റഗറി ആംവെയുടെ ബിസിനസ് വരുമാനത്തിന്റെ 10 ശതമാനമാണ് സംഭാവന ചെയ്യുന്നത്.

സ്‌പോര്‍ട്‌സ് ന്യൂട്രിഷ്യന്‍ രംഗത്തേക്കും കമ്പനി കടന്നിട്ടുണ്ട്. ഉപഭോക്താക്കളുടെ മാറുന്ന താല്‍പ്പര്യത്തിനനുസരിച്ച് ആംവെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കും. നിലവിലുള്ളവയെ മെച്ചപ്പെടുത്തികൊണ്ടിരിക്കുകയും ചെയ്യും.

Q. ആംവെയുടെ ഭാവി നിക്ഷേപത്തെ കുറിച്ച്?

റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് രംഗത്തെ ശക്തിപ്പെടുത്താനും മാനുഫാക്ചറിംഗ്, ഡിജിറ്റല്‍ ഇനീഷ്യേറ്റീവിനുമായി അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപ നിക്ഷേപം നടത്തും. ഇതില്‍ 70 കോടി രൂപ ആര്‍ ആന്‍ഡ് ഡിക്കായിരിക്കും. 10 കോടി മാനുഫാക്ചറിംഗ് രംഗത്തും 20-30 കോടി രൂപ ഡിജിറ്റല്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കും. ഓണ്‍ലൈന്‍ സ്‌റ്റോറും മൊബീല്‍ ആപ്പും വഴി ഡിജിറ്റല്‍ സാന്നിധ്യം വര്‍ധിപ്പിക്കും.

Q. ഹെര്‍ബല്‍ കാറ്റഗറിയില്‍ കടുത്ത മത്സരം ഇപ്പോള്‍ തന്നെയുണ്ട്. ഈ രംഗത്ത് ആംവെയുടെ പ്രതീക്ഷ എന്താണ്?

ഹെര്‍ബല്‍ കാറ്റഗറിയില്‍ ഇന്ത്യയില്‍ വന്‍ അവസരമാണുള്ളത്. ഇന്ത്യയിലെ ഹെര്‍ബല്‍ സ്‌കിന്‍കെയര്‍ വിപണിയുടെ നിലവിലെ വലുപ്പം 2664 കോടി രൂപയാണ്. പ്രതിവര്‍ഷം 16 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തുന്നു. ഈ രംഗം വന്‍ വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ഞങ്ങളുടെ റിസര്‍ച്ച് വെളിപ്പെടുത്തുന്നത്. അതുകൊണ്ടാണ് ഹെര്‍ബല്‍ സ്‌കിന്‍കെയര്‍ രംഗത്തേക്ക് കടന്നത്.

നിലവില്‍ ഈ രംഗത്തെ ആംവെ ബ്രാന്‍ഡായ ആറ്റിറ്റിയൂഡ് മൊത്തം ബിസിനസിന്റെ ആറ് ശതമാനമാണ് സംഭാവന ചെയ്യുന്നത്. പുതിയ ഉല്‍പ്പന്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതോടെ ഇത് 10 ശതമാനമാകും. അഞ്ചര ലക്ഷത്തോളം ഡയറക്റ്റ് സെല്ലേഴ്‌സ് ഞങ്ങള്‍ക്ക് ഇന്ത്യയിലുണ്ട്. ഇവരിലൂടെയും സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെയും യുവസമൂഹത്തിലേക്ക് ഇവ എത്തിക്കാന്‍ സാധിക്കും.

Dhanam Online സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ - http://bit.ly/2IjKw5Z OR send 'START' to +49 1579 2369 680

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it