സ്വര്‍ണ ഇറക്കുമതി ഓഗസ്റ്റില്‍ സര്‍വകാല റെക്കോഡില്‍, കാരണം ഇതാണ്

രാജ്യത്ത് സ്വര്‍ണ ഇറക്കുമതി കഴിഞ്ഞമാസം 221.41 ശതമാനം കുതിച്ചുയര്‍ന്ന് 10.06 ബില്യണ്‍ ഡോളറിലെത്തി. ജൂലൈയില്‍ 3.13 ബില്യണ്‍ ഡോളറില്‍ നിന്നാണ് ഇറക്കുമതി കുത്തനെ വര്‍ധിച്ചതെന്ന് വാണിജ്യകാര്യമന്ത്രാലയം വ്യക്തമാക്കി.

2013 ഓഗസ്റ്റില്‍ 4.93 ഡോളറിന്റെ ഇറക്കുമതിയായിരുന്നു നടന്നത്. ഉത്സവകാല ഡിമാന്‍ഡിനൊപ്പം കഴിഞ്ഞ ബജറ്റില്‍ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി വെട്ടിക്കുറച്ചതുമാണ് ഇറക്കുമതി കൂടാന്‍ കാരണം. ജൂണില്‍ ഇറക്കുമതി 3.06 ബില്യണ്‍ ഡോളറിന്റേതായിരുന്നു

കള്ളക്കടത്ത് കുറഞ്ഞു

ഇറക്കുമതി തീരുവ കുറച്ചതോടെയാണ് സ്വര്‍ണ ഇറക്കുമതിയില്‍ കാര്യമായ വര്‍ധനയുണ്ടായത്. 2013ന് ശേഷം നികുതിയില്‍ വരുത്തിയ ഏറ്റവും വലിയ കുറവായിരുന്നു ഇക്കഴിഞ്ഞ ബജറ്റ് ദിനത്തില്‍ പ്രാബല്യത്തില്‍ വന്നത്. 2018-19ല്‍ 33.6 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണ ഇറക്കുമതി നടന്നത് 2023-24ല്‍ 48.8 ബില്യണ്‍ ഡോളറിന്റേതായി.

നികുതി കുറഞ്ഞതോടെ വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി ഇപ്പോള്‍ കൃത്യമായതായി കണക്കാക്കുന്നു. കാരണം, മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വിവിധ സ്രോതസുകളില്‍ നിന്നുള്ള കയറ്റുമതി കണക്കുകള്‍ ഉയരുന്നതിന് ഇത് വഴിയൊരുക്കിയിട്ടുണ്ട്.

ഈ പ്രവണത തുടര്‍ന്നാല്‍, ശക്തമായ ഡിമാന്‍ഡും ഇറക്കുമതിയിലുണ്ടായ വര്‍ധനയും കാരണം സ്വര്‍ണത്തിന്റെയും വെള്ളിയുടെയും തീരുവ കുറച്ചതുമൂലം സര്‍ക്കാരിന് വരുമാനത്തില്‍ നഷ്ടമുണ്ടാകില്ല.

ഇറക്കുമതി നികുതി കൂടി നിന്നിരുന്നപ്പോള്‍ രാജ്യത്തേക്കുള്ള സ്വര്‍ണ കള്ളക്കടത്ത് കൂടുതലായിരുന്നതിനാല്‍ കൃത്യമായ കണക്കുകള്‍ ആയിരുന്നില്ല പുറത്തു വന്നിരുന്നത്. തീരുവ കുറഞ്ഞതോടെ ഔദ്യോഗിക വഴികളിലൂടെ സ്വര്‍ണം എത്തിത്തുടങ്ങി. ഇതും ഇറക്കുമതി കണക്കുകള്‍ വര്‍ധിക്കാന്‍ ഇടയാക്കി.

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ 315 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം സമാന കാലഘട്ടത്തിലെ 318 ടണ്ണുമായി നോക്കുമ്പോള്‍ ഇത് കുറവാണ്.

ഉത്സവകാല ഡിമാന്‍ഡ്

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്സവസീസണ്‍ ആയതോടെ സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് ഉയര്‍ന്നിട്ടുണ്ട്. ഇത് മുന്‍കൂട്ടികണ്ട് ജുവലറികള്‍ കൂടുതല്‍ സ്‌റ്റോക്ക് സൂക്ഷിച്ചതും ഇറക്കുമതി കൂട്ടി. കേരളത്തിലെ ഓണം കൂടാതെ ഇത്തരേന്ത്യയിലെ നവരാത്രി, ദീപാവലി, ദസറ തുടങ്ങിയ വിശേഷങ്ങളിലും ആളുകള്‍ ഐശ്യര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടേയും അടയാളമായി സ്വര്‍ണം വാങ്ങാറുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന് ഇപ്പോള്‍ 54,800 രൂപയിലെത്തി നില്‍ക്കുകയാണ് വില.

മുന്നില്‍ സ്വിറ്റസര്‍ലന്‍ഡ്

സ്വിറ്റസര്‍ലന്‍ഡില്‍ നിന്നാണ് സ്വര്‍ണ ഇറക്കുമതിയുടെ 40 ശതമാനവും വന്നത്. യു.എ.ഇ ആണ് 16 ശതമാനം വിഹിതവുമായി രണ്ടാം സ്ഥാനത്ത്. സാത്ത് ആഫ്രിക്ക 10 ശതമാനം വിഹിതവുമായി മൂന്നാം സ്ഥാനത്താണ്. രാജ്യത്തേക്കുള്ള മൊത്തം ഇറക്കുമതിയുടെ 5 ശതമാനത്തിലധികവും മഞ്ഞലോഹമാണ്.

ഓഗസ്റ്റില്‍ രാജത്തെ സ്വര്‍ണ വ്യാപാരകമ്മി 29.65 ബില്യണ്‍ ഡോളറാണ്. ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് സ്വര്‍ണ ഉപയോഗത്തില്‍ ഇന്ത്യ. ഇന്ത്യയിലേക്ക് എത്തുന്ന കൂടുതല്‍ സ്വര്‍ണവും ആഭരണ മേഖലയിലേക്കാണ് പോകുന്നത്.

Related Articles

Next Story

Videos

Share it