ഇന്‍ഡിഗോ 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു; എയര്‍ ഇന്ത്യയേയും വെല്ലുന്ന ഓര്‍ഡര്‍

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. ഫ്രഞ്ച് വിമാന നിര്‍മാണ കമ്പനിയായ എയര്‍ബസുമായി നാരോ ബോഡി എ 320 ഫാമിലി ജെറ്റ് വിമാനങ്ങള്‍ക്കായി കരാര്‍ ഒപ്പുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റതവണ വിമാന കാരാറായിരിക്കുമിത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ എയര്‍ ഇന്ത്യ 470 ജെറ്റുകള്‍ക്കായി എയര്‍ബസ്, ബോയിങ് എന്നിവരുമായി കരാര്‍ ഒപ്പിട്ടിരുന്നു.
എയര്‍ബസിന്റെ വില വിവരപട്ടിക അനുസരിച്ച് 48,680 കോടി രൂപയാണ്( 59 ബില്ല്യണ്‍ ഡോളര്‍) വിമാനങ്ങളുടെ മൊത്തം ചെലവ് വരുന്നത്. എന്നാല്‍ വമ്പന്‍ ഓര്‍ഡര്‍ ആയതിനാല്‍ അതിലും വളരെ കുറഞ്ഞ നിരക്കിലാകും കരാര്‍ എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
2030 ഓടെ ശേഷി ഇരട്ടിയാക്കും
2030 ഓടെ കപ്പാസിറ്റി ഇരട്ടിയാക്കാനും വിദേശ വിപണികളിലേക്ക് സേവനം വ്യാപിപ്പിക്കാനുമാണ് ഇന്‍ഡിഗോ ലക്ഷ്യമിടുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സ്, ടര്‍ക്കിഷ് എയര്‍ലൈന്‍സ്, കെ.എല്‍.എം തുടങ്ങിയ ഏഴ് വിമാന സേവന കമ്പനികളുമായി ഇന്‍ഡിഗോ കോഡ് ഷെയര്‍ പങ്കാളിത്തത്തിലുമേര്‍പ്പെട്ടിട്ടുണ്ട്.

എയര്‍ബസിന്റെ ഏറ്റവും വലിയ ഉപയോക്താക്കളിലൊന്നാണ് ഇന്‍ഡിഗോ. നിലവില്‍ 830 എ320 വിമാനങ്ങള്‍ക്ക് ഇന്‍ഡിഗോ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 500 എണ്ണം ഇനിയും കിട്ടാനുണ്ട്. ഇതു കൂടാതെ എയര്‍ബസും ബോയിംഗും മറ്റു ചില വിമാനങ്ങളുടെ വില്‍പ്പനയ്ക്കായും ഇന്‍ഡിഗോയുമായി ചര്‍ച്ച നടത്തുന്നുണ്ട്.

നിലവില്‍ 26 അന്താരാഷ്ട്ര നഗരങ്ങള്‍ ഉള്‍പ്പെടെ 102 നഗരങ്ങളിലേക്ക് ഇന്‍ഡിഗോയ്ക്ക് പ്രതിദിനം 1,800 സര്‍വീസുകളുണ്ട്. ഇന്ത്യന്‍ വ്യോമയാന രംഗത്ത് 56 ശതമാനം വിപണി വിഹിതവും ഇന്‍ഡിഗോയ്ക്ക് സ്വന്തമാണ്.

Related Articles
Next Story
Videos
Share it