വരുമാനം താഴുന്നതിനാല്‍ മാനേജര്‍മാരുടെ എണ്ണം കുറയ്ക്കാന്‍ ഇന്‍ഫോസിസ്

ഇന്‍ഫോസിസിന്റെ ബിസിനസില്‍ കോവിഡ്-19 തിരിച്ചടിയാകുമെന്ന നിഗമനത്തോടെ ചെലവു ചുരുക്കാനും പ്രവര്‍ത്തനക്ഷമത ഉയര്‍ത്താനുമുള്ള നടപടികളുടെ ഭാഗമായി ഉന്നത പദവിയിലുള്ള ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ സീനിയര്‍ മാനേജ്മെന്റ് തലത്തില്‍ ഘടനാപരമായ അഴിച്ചുപണിക്ക് കമ്പനി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. 30,000 ത്തോളം ജീവനക്കാരുള്ള സീനിയര്‍ മാനേജ്മെന്റിലെ ഘടനയില്‍ നിര്‍ണ്ണായക വ്യതിയാനങ്ങള്‍ക്കാണ് ഇതോടെ വഴി തെളിയുന്നത്.

ഡെലിവറി മാനേജര്‍മാര്‍, അസോസിയേറ്റ് വൈസ് പ്രസിഡന്റുമാര്‍, സീനിയര്‍ വൈസ് പ്രസിഡന്റുമാര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന തലത്തിലുള്ള ജീവനക്കാരെ കമ്പനി ഗണ്യമായി കുറയ്ക്കും.ഇത് 13,000 ജീവനക്കാരെ നേരിട്ട് ബാധിക്കുമെന്നാണ് ഏകദേശ കണക്ക്. 6,7, 8 എന്നിവയാണ് കമ്പനിയുടെ സീനിയര്‍ മാനേജ്മെന്റ് ലെവല്‍. 7-ലും അതിനു മുകളിലുമുള്ള സ്റ്റാഫുകളുടെ എണ്ണം 15 % വരെ കുറയ്ക്കാനാണ് പദ്ധതി. സീനിയര്‍ തലത്തില്‍, ഇന്‍ഫോസിസ് ജീവനക്കാരുടെ വാര്‍ഷിക ശമ്പളം 35 ലക്ഷം മുതല്‍ 40 ലക്ഷം വരെയാണ്. വൈസ് പ്രസിഡന്റ്, സീനിയര്‍ വൈസ് പ്രസിഡന്റുമാരുടെ പ്രതിഫലം അതിലും കൂടുതല്‍ വരും.

ഇന്‍ഫോസിസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സലില്‍ പരേഖിന്റെ വാര്‍ഷിക പ്രതിഫലം 2019-20 സാമ്പത്തിക വര്‍ഷം 27 ശതമാനം വര്‍ധിച്ചു.
ബോണസും മറ്റ് ആനുകൂല്യങ്ങളും അടക്കമുള്ള പ്രതിഫലമാണിത്. സിഒഒ പ്രവീണ്‍ റാവുവിനുമുണ്ട് ഏകദേശം ഇതേനിരക്കില്‍ പ്രതിഫല വര്‍ദ്ധന. കൊറോണ വ്യാപനം കണക്കിലെടുത്ത് ജീവനക്കാരുടെ പ്രവര്‍ത്തന വിലയരുത്തലും നിയമനം, പ്രമോഷനുകള്‍ എന്നിവയും കമ്പനി താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.

ഈ വര്‍ഷം കമ്പനിയുടെ ലാഭം കുറഞ്ഞേക്കുമെന്ന് യു.എസ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് കമ്മിഷനു മുന്‍പാകെ കമ്പനി സമര്‍പ്പിച്ച രേഖയില്‍ ഇന്‍ഫോസിസ് അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാരണം ചില ഇടപാടുകാര്‍ കരാറില്‍ ഇളവ് ആവശ്യപ്പെട്ടതാണ് കാരണം.ഭാവിയില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക അനിശ്ചിതത്വം ധനകാര്യ സേവനം, റീട്ടെയില്‍, ഊര്‍ജം, മാനുഫാക്ചറിങ് തുടങ്ങിയ വ്യവസായ മേഖലകളില്‍ ആഘാതമുണ്ടാക്കും.ഇത് ഈ മേഖലകളില്‍നിന്നുള്ള ഐ.ടി. ചെലവിടല്‍ കുറയാനും കരാറുകളും പദ്ധതികളും ഒഴിവാക്കുന്നതിനും കാരണമാകുമെന്നും ഇന്‍ഫോസിസ് വിലയിരുത്തുന്നു. ലാഭം കുറയുന്നതും ഇടപാടുകാര്‍ പ്രതിഫലം നല്‍കാന്‍ വൈകുന്നതും കമ്പനിയുടെ പണമൊഴുക്കിനെയും ലാഭവിഹിതം നല്‍കാനുള്ള ശേഷിയെയും സാരമായി ബാധിച്ചേക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it