ദ്രുതഗതിയില്‍ വളര്‍ന്ന് ഐറ്റി മേഖല; 350 ശതകോടി ഡോളറിന്റെ വിപണിയാകുമെന്ന് നാസ്‌കോം

നാലു വര്‍ഷം കൊണ്ട് ഇന്ത്യന്‍ ഐറ്റി വിപണി 350 ശതകോടി ഡോളറിന്റേതാകുമെന്ന് നാസ്‌കോം റിപ്പോര്‍ട്ട്. 2022 സാമ്പത്തിക വര്‍ഷം 227 ശതകോടി ഡോളര്‍ വരുമാനം ഐറ്റി മേഖല നേടിയിരുന്നു. ഒറ്റ വര്‍ഷം 30 ശതകോടി ഡോളറിന്റെ വരുമാന വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 15.5 ശതമാനം വളര്‍ച്ച. 11 വര്‍ഷത്തിനിടയിലെ ഏറ്റവും വേഗതയാര്‍ന്ന വളര്‍ച്ചയാണിതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 11-14 ശതമാനം വാര്‍ഷിക വളര്‍ച്ച നേടിയാല്‍ തന്നെ 2026 ല്‍ 350 ശതകോടി ഡോളര്‍ എന്ന ലക്ഷ്യത്തിലെത്താനാവുമെന്നാണ് കണക്കുകൂട്ടുന്നത്.

നാസ്‌കോം നടത്തിയ സര്‍വേ പ്രകാരം 70 ശതമാനം കമ്പനികളും 2022 കലണ്ടര്‍ വര്‍ഷം ഐറ്റി കമ്പനികള്‍ക്ക് മികച്ചതായിരിക്കുമെന്ന് കരുതുന്നു. 60 ശതമാനം ഉപയോക്താക്കളും അവരുടെ വരുമാനത്തിന്റെ 6-8 ശതമാനം ടെക്‌നോളജിക്കു വേണ്ടി ചെലവഴിക്കുമെന്നാണ് അവര്‍ കണക്കു കൂട്ടുന്നത്.
സംഘടിത മേഖലകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നത് ഐറ്റി മേഖലയാണെന്ന് നാസ്‌കോം വിലയിരുത്തുന്നു. 2022 സാമ്പത്തിക വര്‍ഷം ഇതുവരെ 4.5 ലക്ഷം പുതിയ ആളുകള്‍ക്ക് ഐറ്റി മേഖല തൊഴില്‍ നല്‍കി. ആകെ ജീവനക്കാരില്‍ 36 ശതമാനം സ്ത്രീകളാണ്. 2022 സാമ്പത്തിക വര്‍ഷം മാത്രം 2 ലക്ഷം സ്ത്രീകളെയാണ് വിവിധ കമ്പനികള്‍ നിയമിച്ചത്.
സര്‍ക്കാര്‍ തലത്തില്‍ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ കൂടുതല്‍ ചെലവിടുന്നത് ഐറ്റി ആഭ്യന്തര വിപണിയെ ശക്തമാക്കിയതും നേട്ടമാണ്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it