'ഡാര്‍ക്ക് ഫാന്‍റസി'യില്‍ മൃഗക്കൊഴുപ്പടങ്ങിയിട്ടുണ്ടെന്ന പ്രചാരണം; നടപടിക്കൊരുങ്ങി ഐടിസി
സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്‍റസിയില്‍ മൃഗക്കൊഴുപ്പടങ്ങിയിട്ടുണ്ടെന്ന പ്രചാരണത്തിനെതിരെ നടപടിക്കൊരുങ്ങി ഐടിസി ലിമിറ്റഡ്. ഡാര്‍ക്ക് ഫാന്‍റസിയില്‍ അടങ്ങിയിട്ടുള്ള ഐഎന്‍എസ് 471 ( International Numbering System for Food Additives -INS) ല്‍ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത. എന്നാല്‍ ഇത് തികച്ചും അടിസ്ഥാന രഹിതമാണെന്നും ഐഎന്‍എസ് 471 പാമോയിലില്‍ നിന്നും വേര്‍തിരിച്ചെടുത്തതാണെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
സസ്യാഹാരം എന്നു തെളിയിച്ചുകൊണ്ടുള്ള പച്ച അടയാളമാണ് സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്‍റസിയില്‍ നല്‍കിയിട്ടുള്ളതെന്നും ഇത് എല്ലാവിധ പരിശോധനകള്‍ക്കും ശേഷം ലഭ്യമായിട്ടുള്ളതാണെന്നും ഐടിസി ബിസ്കറ്റ്, കേക്ക് ഫുഡ് ഡിവിഷന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അലി ഹാരിസ് അറിയിച്ചു.
സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അടിസ്ഥാന രഹിതമായ വ്യാജപ്രചാരണങ്ങളാണെന്നും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ഫുഡ് പ്രോസസേഴ്സ് ദേശീയ പ്രസിഡന്‍റ് ഡോ. സുബോധ് ജിന്‍ഡല്‍ പറഞ്ഞു.