മത്സരത്തിനൊടുവില്‍ യോഗ ബാറിനെ സ്വന്തമാക്കാന്‍ ഐടിസി

യോഗ ബാര്‍ സ്വന്തമാക്കാനുള്ള നെസ്ലെയുടെയും ഐടിസിയുടെയും മത്സരത്തിനൊടുവില്‍ ആരോഗ്യ ഭക്ഷ്യ ബ്രാന്‍ഡായ യോഗ ബാറിന്റെ മാതൃ കമ്പനിയായ സ്‌പ്രോട്ട് ലൈഫ് ഫുഡ്സിനെ (SFPL) ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഐടിസി. സ്‌പ്രോട്ട് ലൈഫ് ഫുഡ്സിലെ 39.4 ശതമാനം ഓഹരികള്‍ 175 കോടി രൂപയ്ക്ക് ഐടിസി ആദ്യം ഏറ്റെടുക്കും. 2025 മാര്‍ച്ച് 31-നകം 80 കോടി രൂപയ്ക്ക് 47.5 ശതമാനം ഓഹരി ഐടിസി ഏറ്റെടുക്കും. ബാക്കിയുള്ള ഓഹരികള്‍ മറ്റ് വ്യവസ്ഥകള്‍ക്ക് വിധേയമായി ഏറ്റെടുക്കും. പോഷകാഹാര ബാറുകള്‍, മ്യൂസ്ലി, ഓട്സ്, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു ഉല്‍പ്പന്ന നിര നിലവില്‍ യോഗ ബാറിനുണ്ട്.

നിലവില്‍ ആശിര്‍വാദ് മള്‍ട്ടി ഗ്രെയിന്‍ ആട്ട, ആശിര്‍വാദ് നേച്ചറിന്റെ സൂപ്പര്‍ ഫുഡ്സ്, ഫാംലൈറ്റ് ശ്രേണി ബിസ്‌ക്കറ്റ്, സണ്‍ഫീസ്റ്റ് പ്രോട്ടീന്‍ ഷേക്ക്, ബി നാച്ചുറല്‍ ശ്രേണി എന്നിവ ഉള്‍പ്പെടുന്ന പ്രത്യേക വിഭാഗത്തിന്റെ വിപുലീകരണത്തിന് ഈ ഏറ്റെടുക്കല്‍ സഹായിക്കും. ഐടിസിയുടെ വില്‍പ്പന, വിതരണം, ഉല്‍പ്പന്ന വികസനം തുടങ്ങിയവയിലൂടെ യോഗ ബാര്‍ അതിവേഗം വിപുലീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഐടിസി ചെയര്‍മാന്‍ സഞ്ജീവ് പുരി പറഞ്ഞു.

ഇന്ത്യയില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ആരോഗ്യ-ക്ഷേമ വിഭാഗ ഭക്ഷണ കമ്പനികൾ. അതുകൊണ്ട് തന്നെ നിരവധി എഫ്എംസിജി കമ്പനികള്‍ ഇത്തരം കമ്പനികളെ ഇന്ന് ആശ്രയിക്കുന്നു. ഒസിവ ബ്രാന്‍ഡിന്റെ ഉടമസ്ഥതയിലുള്ള വെല്‍നസ് കമ്പനിയായ സൈവി വെഞ്ചേഴ്സിന്റെ 51 ശതമാനം ഓഹരികള്‍ 264.28 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നത് പൂര്‍ത്തിയായതായി ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. കൂടാതെ, ന്യൂട്രീഷ്യനാലാബ് പ്രൈവറ്റ് ലിമിറ്റഡിന്റെ 19.8 ശതമാനം ഓഹരികള്‍ 70 കോടി രൂപയ്ക്ക് എച്ച്യുഎല്‍ ഏറ്റെടുക്കുന്നതായും പ്രഖ്യാപിച്ചിരുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it