നാളെ മുതല്‍ സ്വര്‍ണത്തിന് എച്ച്.യു.ഐ.ഡി നിര്‍ബന്ധം; വില്‍പന തിരിച്ചുകയറുന്നു

കഴിഞ്ഞ മേയ് അഞ്ചിനാണ് സംസ്ഥാനത്ത് സ്വര്‍ണാഭരണ പ്രേമികളെയും വിതരണക്കാരെയും ഒരുപോലെ നിരാശയിലാക്കി വില എക്കാലത്തെയും ഉയരത്തിലെത്തിയത്. അന്ന് പവന്‍ വില 45,760 രൂപയായിരുന്നു; ഗ്രാമിന് 5,720 രൂപയും. ജി.എസ്.ടിയും പണിക്കൂലിയും അടക്കം 49,500 രൂപയെങ്കിലും വേണമായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍.

വില കുത്തനെ കുതിച്ചത് വില്‍പനയെയും ബാധിച്ചിരുന്നു. വിവാഹ പാര്‍ട്ടികള്‍ പോലും സ്വര്‍ണം വാങ്ങുന്നത് പരിമിതപ്പെടുത്തിയത് വിപണിയെ തളര്‍ത്തി. എന്നാല്‍, രണ്ടുമാസത്തിനിപ്പുറം സ്ഥിതി മാറി.
മേയ് അഞ്ച് മുതല്‍ ഇതിനകം സ്വര്‍ണവില പവന് കുറഞ്ഞത് 2,600 രൂപയാണ്. ഗ്രാമിന് 325 രൂപയും. ഇന്ന് പവന്‍ വില 43,160 രൂപയാണ്. മൂന്ന് ശതമാനം ജി.എസ്.ടിയും ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും 45 രൂപ എച്ച്.യു.ഐ.ഡി ഫീസും ചേര്‍ത്താല്‍ ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ട വില 46,723 രൂപ. അതായത്, മേയ് അഞ്ചില്‍ നിന്ന് കുറഞ്ഞത് 2,777 രൂപ. ഈ വിലക്കുറവാണ് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുന്നത്.
തിരിച്ചുകയറി വിപണി
മേയിലെ മാന്ദ്യത്തില്‍ നിന്ന് സംസ്ഥാനത്തെ സ്വര്‍ണാഭരണ വിപണി അതിവേഗം തിരിച്ചുകയറുകയാണെന്നും വിലക്കുറവ് സഹായകമായെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
മേയിലെ വില്‍പന നഷ്ടത്തില്‍ നിന്ന് 10-20 ശതമാനം തിരിച്ചുകയറാന്‍ സ്വര്‍ണാഭരണ വ്യാപാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഗ്രാമിന് 10 രൂപ കൂടിയെങ്കിലും താരതമ്യേന വില താഴ്ന്നുനില്‍ക്കുന്നത് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവാഹ സീസണ്‍ ആണെന്നതും വൈകാതെ ഓണക്കാലമെത്തുമെന്നതും സ്വര്‍ണാഭരണ വിപണിക്ക് നേട്ടമാകും. വിവാഹ, ഓണക്കാല സീസണുകളിലായി 10,000ല്‍ അധികം കല്യാണങ്ങള്‍ക്ക് കേരളം സാക്ഷിയാകുമെന്നാണ് വിലയിരുത്തലുകള്‍. ഇത് സ്വര്‍ണ വിപണിക്കും നേട്ടമാകുമെന്ന് എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
നാളെ മുതല്‍ എച്ച്.യു.ഐ.ഡി നിര്‍ബന്ധം
നാളെ (ജൂലായ് ഒന്ന്) മുതല്‍ വിറ്റഴിക്കുന്ന സ്വര്‍ണാഭരണങ്ങളില്‍ ഹോള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ (എച്ച്.യു.ഐ.ഡി) നിര്‍ബന്ധമാണ്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നടപ്പാക്കേണ്ടിയിരുന്ന നിര്‍ദേശമാണ് സാവകാശം ആവശ്യപ്പെട്ട് എ.കെ.ജി.എസ്.എം.എ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജൂലായ് ഒന്നിലേക്ക് നീട്ടിയത്.
കേരളത്തില്‍ ഇടുക്കി ഒഴികെ മറ്റ് ജില്ലകളിലാണ് നിര്‍ദേശം ബാധകം. കേരളത്തില്‍ 7,000ഓളം സ്വര്‍ണ വ്യാപാരികള്‍ എച്ച്.യു.ഐ.ഡി നടപ്പാക്കിയിട്ടുണ്ട്.

സ്വര്‍ണാഭരണത്തിലെ എച്ച്.യു.ഐ.ഡി മുദ്ര


ഉപഭോക്താക്കളുടെ കൈവശമുള്ള സ്വര്‍ണത്തിന് എച്ച്.യു.ഐ.ഡി നിര്‍ബന്ധമല്ല. ഉപഭോക്താക്കള്‍ക്ക് എച്ച്.യു.ഐ.ഡി മുദ്രയില്ലാത്ത സ്വര്‍ണം മറിച്ച് വില്‍ക്കാനും പണയം വയ്ക്കാനും എക്‌സ്‌ചേഞ്ച് ചെയ്യാനും തടസ്സമില്ല.
സ്വര്‍ണാഭരണത്തിന്റെ നിലവാരം, ബി.ഐ.എസ് ലോഗോ, ആറക്ക ആള്‍ഫാ ന്യൂമറിക് കോഡ് എന്നിവ അടങ്ങിയതാണ് എച്ച്.യു.ഐ.ഡി. ബി.ഐ.എസ് കെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഈ കോഡ് സമര്‍പ്പിച്ചാല്‍ ആഭരണത്തിന്റെ പരിശുദ്ധി അടക്കമുള്ള വിവരങ്ങള്‍ ഉപഭോക്താവിന് അറിയാനാകും.
കേരളം വലിയ വിപണി
ഇന്ത്യയില്‍ ഇതിനകം എച്ച്.യു.ഐ.ഡി പതിപ്പിച്ചിട്ടുള്ള മൊത്തം സ്വര്‍ണാഭരണങ്ങളില്‍ 28-30 ശതമാനവും കേരളത്തിലാണ്. പ്രതിദിനം 250-275 കോടി രൂപയുടെ സ്വര്‍ണാഭരണ വില്‍പന കേരളത്തില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ മേഖലയുടെ മൊത്തം വിറ്റുവരവ് 1.01 ലക്ഷം കോടി രൂപയായിരുന്നു. 200-250 ടണ്ണാണ് കേരളത്തില്‍ ശരാശരി ഒരുവര്‍ഷം വിറ്റഴിയുന്ന സ്വര്‍ണത്തിന്റെ അളവ്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it