ജുന്‍ജുന്‍വാലയുടെ ആകാശ എയര്‍ വിമാനക്കമ്പനി; ഒറ്റനോട്ടത്തില്‍ അറിയാന്‍ 5 കാര്യങ്ങള്‍

രാകേഷ് ജുന്‍ജുന്‍വാല എവിടെ തൊട്ടാലും അതിലൊരു വലിയ സംഭവമാകുന്നതെന്ത്‌കൊണ്ടെന്ന് ഈയടുത്തകാലത്ത് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു സിനിമാ താരം ബിഗ് ബുള്ളിനോട് തന്നെ നേരില്‍ ചോദിച്ചു. '' എന്റെ വഴികള്‍ വ്യത്യസ്തമാണ്, എന്നാല്‍ ഞാനതില്‍ ഏറെ പഠിക്കുകയും ചെയ്യും' എന്നായിരുന്നു ജുന്‍ജുന്‍വാലയുടെ ഉത്തരം. ഓഹരിനിക്ഷേപത്തിലെന്നപോലെ കൈവയ്ക്കുന്ന നിക്ഷേപ മേഖലകളിലെല്ലാം കൃത്യമായ ധാരണയാണ് ഈ എയ്‌സ് നിക്ഷേപകനെന്നതാണ് സത്യം.

പിഴയ്ക്കുമെന്ന് ലോകം മുഴുവന്‍ പറയുന്ന ചില ചുവടുകള്‍പോലും ആത്മവിശ്വാസത്തോടെ ജുന്‍ജുന്‍വാല വിജയത്തിലെത്തിച്ചിട്ടുമുണ്ട്. വ്യോമയാന വ്യവസായത്തിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നുവരവും ഈ അടുത്തകാലത്ത് അത്‌കൊണ്ട് തന്നെ ഏറെ ചര്‍ച്ചയായിട്ടുമുണ്ട്. ആകാശ എയര്‍ എന്നാണ് ജുന്‍ജുന്‍വാല പ്രധാന നിക്ഷേപകനായുള്ള വിമാനക്കമ്പനിയുടെ പേര്.
അടുത്ത വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെ, വളരെ കുറഞ്ഞ നിരക്കിലുള്ള ബജറ്റ് ഫ്‌ളൈറ്റ് ആരംഭിക്കുന്നതിന് എയര്‍ലൈന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്നും ഡിജിസിഎയില്‍ നിന്നും പ്രാഥമിക അനുമതി (എന്‍ഒസി)യും ലഭിച്ചിട്ടുണ്ട്. ആകാശ എയര്‍ എന്ത്‌കൊണ്ട് വ്യത്യസ്തരാകുന്നു. ഇതാ ആകാശ എയറിനെക്കുറിച്ച് അഞ്ച് കാര്യങ്ങള്‍ അറിയാം.
1. എസ്എന്‍വി ഏവിയേഷന് കീഴിലുള്ള ആകാശ എയറിന് സര്‍വീസ് നടത്തുന്നതിനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇതിനകം ലഭിച്ചിട്ടുണ്ട്. അള്‍ട്രാ ലോ കോസ്റ്റ് ആഭ്യന്തര എയര്‍ലൈന്‍ എന്ന പേരിലെത്തുന്ന ആകാശ 2022 വേനല്‍ക്കാല (സമ്മര്‍ സീസണില്‍) പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഒറ്റ ഇടനാഴിയുള്ള ബോയിംഗ് 737 മാക്‌സ് വിമാനങ്ങളാകും ആദ്യം പറക്കുക.
2. നടന്നുകൊണ്ടിരിക്കുന്ന ദുബായ് എയര്‍ ഷോയില്‍ 72 ബോയിംഗ് 737 മാക്സ് ഫാമിലി വിമാനങ്ങളുടെ ഒരു വലിയ ഓര്‍ഡര്‍ ആണ് ജുന്‍ജുന്‍വാല ഇക്കഴിഞ്ഞ ദിവസം നല്‍കിയത്. ഇത് ആഗോളതലത്തില്‍ തന്നെ മാക്സ് വിമാനത്തിനുള്ള ഏറ്റവും വലിയ ഓര്‍ഡറുകളിലൊന്നാണ്.
3. എയര്‍ബസിന്റെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ക്രിസ്റ്റ്യന്‍ ഷെറര്‍, എയര്‍ബസ് ആകാശയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബോയിങ്ങുമായാണ് നിലവില്‍ പ്രവര്‍ത്തന കരാര്‍ ഒപ്പിട്ടത്.
4. ഏറ്റവും പുതിയ എയര്‍ലൈനിന്റെ സഹസ്ഥാപകനും കമ്പനിയുടെ 40% ഉടമസ്ഥനുമായ പ്രമുഖ നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയ്‌ക്കൊപ്പം ഇന്‍ഡിഗോയുടെ മുന്‍ പ്രസിഡന്റ് ആദിത്യ ഘോഷിന് ആകാശ എയറില്‍ 10 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. മുന്‍ ജെറ്റ് എയര്‍വേയ്സ് സിഇഒ വിനയ് ദുബെ 15 ശതമാനം ഓഹരിയുള്ള ആകാശ എയറിന്റെ സിഇഒ ആയിരിക്കും.
5. പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് മറ്റ് വ്യവസായ പ്രമുഖരെ കമ്പനിയുടെ വിവിധ സ്ഥാനത്ത് നിയമിക്കാനും ബ്രാന്‍ഡ് ശ്രമം തുടരുകയാണ്. 'രാജ്യത്തെ ഏറ്റവും വിശ്വസനീയവും താങ്ങാനാവുന്നതും ഹരിതവും' ആകാനുള്ള ശ്രമത്തോടെ മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവത്തിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. പ്രഖ്യാപനങ്ങളുണ്ടായില്ല എങ്കിലും പ്രധാന ആഭ്യന്തര റൂട്ടുകളില്‍ കമ്പനി സേവനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it