ജിയോ ഫൈനാന്‍ഷ്യല്‍ ഓഹരികള്‍ നിക്ഷേപകരുടെ ഡീമാറ്റില്‍ എത്തി

റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തിയ ധനകാര്യ വിഭാഗമായ ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് (Jio Financial Services/JFS) ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനു മുന്നോടിയായി യോഗ്യരായ ഓഹരിയുടമകളുടെ അക്കൗണ്ടില്‍ ഓഹരികള്‍ ക്രെഡിറ്റ് ചെയ്തു.

വിഭജനത്തിന്റെ ഭാഗമായി ജൂലൈ 20 ന് മുമ്പ് റിലയന്‍സ് ഓഹരികള്‍ വാങ്ങിയവര്‍ക്ക് ഓരോ ഓഹരിക്കും ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓരോ ഓഹരി വീതം ലഭിക്കും.
വ്യാപാരം നടത്താന്‍ കാത്തിരിക്കണം
വ്യാഴാഴ്ച അക്കൗണ്ടുകളില്‍ ഓഹരി ക്രെഡിറ്റ് ചെയ്‌തെങ്കിലും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം മാത്രമേ ഓഹരികള്‍ വ്യാപാരം ചെയ്യാനാകൂ.
ഓഗ്‌സ്റ്റ് 28 ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതു യോഗത്തില്‍ ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ലിസ്റ്റ് ചെയ്യുന്ന തീയതി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലിസ്റ്റ് ചെയ്യുന്നതു വരെ നിഫ്റ്റിയിലും ബി.എസ്.ഇയിലും ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് സ്ഥിരമായ വിലയില്‍ പ്രത്യേകമായി തുടരും. ലിസ്റ്റിംഗിന് ശേഷം മുന്ന് ദിവസത്തിനകം സൂചികകളില്‍ നിന്ന് ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരികള്‍ നീക്കം ചെയ്യും.
വില നിശ്ചയിക്കാന്‍ വേണ്ടി നടത്തിയ പ്രത്യേക വ്യാപാരമനുസരിച്ച് 261.85 രൂപയാണ് ലിസ്റ്റിംഗിന് മുമ്പുള്ള ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില. വിപണി പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന വിലയാണിത്. 190 രൂപ വരെയായിരുന്നു വിവിധ അനലിസ്റ്റുകള്‍ കണക്കാക്കിയിരുന്നത്.
എന്‍.ബി.എഫ്‌സികളില്‍ രണ്ടാമന്‍
വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ എന്‍.ബി.എഫ്.സിയായിരിക്കുകയാണ് ജിയോ ഫൈനാന്‍ഷ്യല്‍ സര്‍വീസസ്. 1.66 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
കമ്പനി രൂപികരണത്തിനു പിന്നാലെ തന്നെ ബ്ലാക്ക് റോക്കുമായി ചേര്‍ന്ന് 50:50 അനുപാതത്തില്‍ സംയുക്ത സംരംഭം തുടങ്ങുന്നതായി ജെ.എഫ്.എല്‍ പ്രഖ്യാപിച്ചിരുന്നു.
ഡിജിറ്റല്‍മേഖലയിലെ ജിയോയുടെ മേല്‍ക്കോയ്മ പ്രയോജനപ്പെടുത്തി വായ്പകള്‍, ഇന്‍ഷുറന്‍സ്, പേമെന്റ്‌സ്, ഡിജിറ്റല്‍ ബ്രോക്കിംഗ്, അസറ്റ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ മുന്നേറാനാണ് ജെ.എഫ്.എല്ലിന്റെ ശ്രമം.
Related Articles
Next Story
Videos
Share it