ജ്യോതി രാമചന്ദ്രൻ ജ്യോതി ലബോറട്ടറീസ് എംഡി സ്ഥാനത്തേയ്ക്ക് 

ഇതോടെ ഡയറക്ടർ ബോർഡിൽ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന ആദ്യ കമ്പനികളിലൊന്നായി മാറും ജ്യോതി ലബോറട്ടറീസ്.

Jyothy Ramachandran New (1)

ഉജാല നിര്‍മാതാക്കളായ ജ്യോതി ലബോറട്ടറീസിന്റെ തലപ്പത്തേയ്ക്ക് സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം പി രാമചന്ദ്രന്റെ മകൾ എംആർ ജ്യോതി. 2020 ഏപ്രിൽ ഒന്നിന് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ജ്യോതി ചുമതലയേൽക്കും. എം പി രാമചന്ദ്രനാണ് ഡയറക്റ്റര്‍ ബോര്‍ഡിന്റെ തീരുമാനം പ്രഖ്യാപിച്ചത്.

നിലവില്‍ കമ്പനിയുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസറും ഡയറക്ടറുമാണ് ജ്യോതി. കമ്പനിയുടെ സെയ്ല്‍സ്, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് കമ്യൂണിക്കേഷന്‍ മേഖലയില്‍ ഒട്ടേറെ മാറ്റങ്ങള്‍ ജ്യോതി കൊണ്ടുവന്നിട്ടുണ്ട്.

ജ്യോതിയുടെ ഇളയ സഹോദരിയും കമ്പനി ജനറൽ മാനേജരുമായ (ഫിനാൻസ്) എം ആർ ദീപ്തിയെ  ഡയറക്ടർ ബോർഡ് അംഗമാക്കാനും തീരുമാനിച്ചു. ഇതോടെ ഡയറക്ടർ ബോർഡിൽ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന ആദ്യ കമ്പനികളിലൊന്നായി മാറും ജ്യോതി ലബോറട്ടറീസ്.

മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് കോമേഴ്‌സിൽ ബിരുദവും മുംബൈ വെല്ലിങ്കർ മാനേജ്മെന്റ് ഇൻസ്റ്റിട്യൂട്ടിൽ നിന്ന് എംബിഎയും ജ്യോതി നേടിയിട്ടുണ്ട്. ഹാർവേഡ് യൂണിവേഴ്സിറ്റിയിൽ ഓണർ/പ്രസിഡന്റ് മാനേജ്മെന്റ് പ്രോഗ്രാം പൂർത്തിയാക്കിയ അവർ  മുംബൈ എസ്.പി.ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് ഫാമിലി മാനേജ്ഡ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

1983 ല്‍ സ്ഥാപിതമായതും 2000 കോടി രൂപയോളം വിറ്റുവരവുമുള്ള കമ്പനിയാണ് ജ്യോതി ലബോറട്ടറീസ് ലിമിറ്റഡ്.

അച്ഛന്റെ പാത പിന്തുടർന്ന് 

മാർക്കറ്റിംഗ് സ്പെഷ്യലൈസേഷനോടെ എംബിഎ ബിരുദമെടുത്ത ശേഷം 2008 ലാണ് ജ്യോതി കമ്പനിയിൽ സജീവമാകുന്നത്. സ്വയം ഉപഭോക്താവായി മാറിക്കൊണ്ട് അവർ ആഗ്രഹിക്കുന്നതെന്തോ അതു കണ്ടെത്തി നൽകുകയെന്ന പിതാവിന്റെ നിർദേശമാണ് ജ്യോതിയെ നയിക്കുന്നത്.

എക്സോ റൗണ്ട് ഡിഷ് വാഷ് ഇറക്കി അച്ഛന്റെ അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുണ്ട്  ജ്യോതി. എങ്കിലും ആ വിജയത്തെ ടീമിന്റെ വിജയമെന്നാണ് ജ്യോതി വിശേഷിപ്പിക്കുന്നത്. ഒരു ടീമിനെ നയിക്കുമ്പോഴും അച്ഛന്റെ വാക്കുകളാണ് അവർ പിന്തുടരുന്നത്. “വിജയിക്കാൻ എല്ലാം അറിയണമെന്നില്ല. എന്നാൽ നമ്മുടെ കൂടെയുള്ളവരുടെ അറിവും വൈദഗ്ധ്യവുമുപയോഗിച്ച് വിജയം നേടാം. പക്ഷെ അതിന് ഒന്നറിഞ്ഞിരിക്കണം. അവരെ നല്ല രീതിയിൽ കൂടെക്കൊണ്ടുപോകാൻ. എങ്കിൽ മാത്രമേ അവരിൽ നിന്ന് ഏറ്റവും നല്ല റിസൾട്ട് കിട്ടൂ.” ഇതാണ് അച്ഛനിൽ നിന്ന് ജ്യോതി പഠിച്ച പാഠങ്ങൾ. ഒരേസമയം കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടും അച്ഛന്റെ പാത പിന്തുടർന്നുകൊണ്ടും ജ്യോതി മുന്നേറുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here